Quantcast

'ബിപിൻ റാവത്ത് വെള്ളം ചോദിച്ചെങ്കിലും കൊടുക്കാനായില്ല...' രക്ഷാപ്രവ‍‍ര്‍ത്തനത്തിനെത്തിയ പ്രദേശവാസി പറയുന്നു

തൊട്ടടുത്ത് വെള്ളം കിട്ടുന്ന സ്ഥലമുണ്ടായിരുന്നില്ലെന്നും വെള്ളം കൊടുക്കാനാകാത്തതില്‍ വിഷമമുണ്ടെന്നും പ്രദേശവാസി പറയുന്നു...

MediaOne Logo

Web Desk

  • Published:

    9 Dec 2021 8:25 AM GMT

ബിപിൻ റാവത്ത് വെള്ളം ചോദിച്ചെങ്കിലും കൊടുക്കാനായില്ല... രക്ഷാപ്രവ‍‍ര്‍ത്തനത്തിനെത്തിയ പ്രദേശവാസി പറയുന്നു
X

ജനറൽ ബിപിൻ റാവത്തിന്‍റെയും സൈനികരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്‍റെ ഞെട്ടലിൽ നിന്ന് മുക്തരാകാതെ കൂനൂരിലെ ജനങ്ങൾ. അപകടത്തില്‍പ്പെട്ട ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചെങ്കിലും കൊടുക്കാനായില്ലെന്ന് പ്രദേശവാസിയായ ശിവകുമാർ മീഡിയവണിനോട് പറഞ്ഞു. തൊട്ടടുത്ത് വെള്ളം കിട്ടുന്ന സ്ഥലമുണ്ടായിരുന്നില്ലെന്നും വെള്ളം കൊടുക്കാനാകാത്തതില്‍ വിഷമമുണ്ടെന്നും ശിവകുമാർ പറഞ്ഞു.

ഹെലികോപ്ടര്‍ അപകടം ഉണ്ടായപ്പോള്‍ ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ ആളുകളില്‍ ഒരാളാണ് ശിവകുമാര്‍. അദ്ദേഹത്തിന്‍റെ വാക്കുകള്‍

12 മണിയോടെയാണ് അപകടം നടക്കുന്നത്. ഇടിമുഴക്കം പോലെയുള്ള ശബ്ദമാണ് കേട്ടത്, ചുറ്റും കനത്ത പുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. ആകെ തീപിടിച്ചിരുന്നു, ചുറ്റും വലിയ അളവില്‍ പുകയും പരന്നു. പിന്നെ ആകെ ചെയ്യാന്‍ കഴിഞ്ഞത് അപകടത്തിനിടയില്‍ ആരെങ്കിലും കാട്ടിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് തിരഞ്ഞ് നോക്കലായിരുന്നു. അങ്ങനെയാണ് കാട്ടില്‍ പരിശോധിക്കാന്‍ തുടങ്ങിയത്. അങ്ങനെ മൂന്ന് പേര്‍ കോപ്റ്ററിന് പുറത്ത് കാട്ടിലായി പരിക്കേറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ത്തന്നെ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചു.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിനിടയിലാണ് ബിപിന്‍ റാവത്ത് വെള്ളം ആവശ്യപ്പെടുന്നത്. 'ഗെറ്റ് സം വാട്ടര്‍ പ്ലീസ്' എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ആ അവസ്ഥയില്‍ വെള്ളം കൊണ്ടുവരിക പ്രായോഗികമല്ലായിരുന്നു, തൊട്ടടുത്ത് വെള്ളം കിട്ടുന്ന സ്ഥലമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു പ്രഥമപരിഗണന. അങ്ങനെ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ ഹോസ്പിറ്റലിലെത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ രക്ഷപ്പെടുത്തുമ്പോള്‍ അദ്ദേഹമായിരുന്നു ബിപിന്‍ റാവത്തെന്നും സംയുക്ത സൈനിക മേധാവിക്കാണ് ഈ അപകടം സംഭവിച്ചതെന്നും അറിയില്ലായിരുന്നു. സേനയിലെ ഉന്നത ഉദ്യോഗസ്ഥരാണ് അവരെന്ന് പിന്നീട് വാര്‍ത്ത കണ്ടപ്പോഴാണ് മനസ്സിലായത്. വാഹനത്തിന് കയറി വരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ പരിക്കേറ്റവരെ പുതപ്പിച്ചാണ് റോഡിലേക്ക് ചുമന്നുകൊണ്ടുപോയത്. അപ്പോഴേക്കും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി.അദ്ദേഹം വെള്ളം ചോദിച്ചിട്ടും ആ അവസ്ഥയില്‍ വെള്ളം കൊടുക്കാനാകാത്തതില്‍ വിഷമമുണ്ട്. ശിവകുമാര്‍ പറഞ്ഞു.

ശബ്ദം കേട്ടാണ് ഓടിച്ചെന്നതെന്നും മരക്കൊമ്പുകളിൽ തട്ടി ഹെലികോപ്റ്റർ തീപിടിച്ച് താഴേക്ക് വീഴുന്നതു കണ്ടുവെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു ദൃക്സാക്ഷി പി ചന്ദ്രകുമാർ പറഞ്ഞു. ആരുടെയൊക്കെയോ നിലവിളി ശബ്ദം കേട്ടു, താന്‍ ഉടനെ അയല്‍വാസിയായ ശിവകുമാറിനെ വിളിച്ച് പൊലീസിൽ വിവരമറിയിച്ചെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. അപ്പോഴേക്കും സമീപത്തെ പത്തോളം പേര്‍ അപകട സ്ഥലത്തെത്തിയിരുന്നു.

'മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുന്നതിന്‍റെയും ഒരാൾ സഹായത്തിനായി നിലവിളിക്കുന്നതിന്‍റെയും ശബ്ദം കേട്ടെന്ന് ദാസ് എന്ന പ്രദേശവാസി പറഞ്ഞു. തന്‍റെ വീട്ടിൽ നിന്ന് രണ്ട് മീറ്റർ മാത്രം അകലെയാണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് ശങ്കര്‍ എന്ന സമീപവാസി പറഞ്ഞു. ഭാഗ്യവശാൽ താനും കുട്ടികളും അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സ്ഥലത്തിനു സമീപമുള്ള മൂന്ന് വീടുകളിലും താമസക്കാരില്ലായിരുന്നുവെന്നും ശങ്കര്‍ പറഞ്ഞു.

അതേസമയം അപകടത്തിൽ കൊല്ലപ്പെട്ട ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ ഭൗതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും. റാവത്തുള്‍പ്പടെ 13 പേരുടെ ജീവന്‍ നഷ്ടമായ ഹെലികോപ്ടർ ദുരന്തത്തിന്‍റെ യഥാര്‍ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നലെയുണ്ടായ അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക് ബോക്സ് കണ്ടെത്തുന്നത്. ഇനി ബ്ലാക്ബോക്സിന്‍റെ വിശദമായ പരിശോധന നടത്തിയ ശേഷമാകും അപകട കാരണം സ്ഥിരീകരിക്കാനാകുക.

പ്രതിരോധ രംഗത്തെ മുൻപനായ റഷ്യന്‍ നിര്‍മ്മിത എം.ഐ 17 വി എന്ന ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഏത് കാലാവസ്ഥയെയും അതിജീവിക്കാൻ നിർമിച്ച ഈ പവർപാക്ക്ഡ് കോപ്റ്റർ യുദ്ധത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കരുത്തായിരുന്നു. സായുധ ആക്രമണ ശേഷിയിൽ മുൻപനായ ഈ സൈനിക ഹെലികോപ്റ്റർ മിൽ മോസ്കോ ഹെലികോപ്റ്റർ പ്ലാന്‍റിലാണ് രൂപകൽപ്പന ചെയ്തത്.കോപ്റ്റർ കസാൻ ഹെലികോപ്റ്റേഴ്സ് എന്ന കമ്പനിയാണ് എം.ഐ 17 വി നിർമിച്ചത്


TAGS :

Next Story