'നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താൻ രണ്ട് തവണ സഹായിച്ചു, അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ പാര്‍ട്ടി തന്നെ ഇല്ലാതാകുമായിരുന്നു'; തേജസ്വി യാദവ്
ചൊവ്വാഴ്ച നിയമസഭ സമ്മേളനത്തിനിടയില്‍ ഇരുവരും വാഗ്വാദത്തിൽ ഏര്‍പ്പെട്ടിരുന്നു
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും തമ്മിലുള്ള വാക്പോര് തുടരുന്നു. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താൻ നിതീഷ് കുമാറിനെ രണ്ട് തവണ സഹായിച്ചുവെന്നും അല്ലെങ്കിൽ ജെഡിയു തന്നെ ശിഥിലമാകുമായിരുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. ചൊവ്വാഴ്ച നിയമസഭ സമ്മേളനത്തിനിടയില്‍ ഇരുവരും വാഗ്വാദത്തിൽ ഏര്‍പ്പെട്ടിരുന്നു. തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവിനെ രാഷ്ട്രീയത്തിൽ പിന്തുണച്ചത് താനാണെന്നായിരുന്നു നിതീഷിന്‍റെ അവകാശവാദം.
“സ്വന്തം ജാതിക്കാരുടെ പോലും പിന്തുണയില്ലാത്തപ്പോൾ നിങ്ങളുടെ പിതാവ് ആർജെഡി പ്രസിഡൻ്റായ ലാലു പ്രസാദിനെ പ്രതിപക്ഷ നേതാവാകാൻ സഹായിച്ചത് ഞാനാണ്,” എന്നാണ് നിതീഷ് തേജസ്വിയോട് പറഞ്ഞത്.നിയമസഭയുടെ സംയുക്ത സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രിയും മുൻ ഉപമുഖ്യമന്ത്രിയും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാണ് ബിഹാര്‍ നിയമസഭ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. നന്ദി പ്രമേയ ചർച്ചയിൽ നിതീഷ് സംസാരിക്കുകയും തേജസ്വി ഇടപെട്ട് സംസാരിക്കുകയും ചെയ്തപ്പോഴാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
“നീ ഒരു കുട്ടിയാണ്. നിനക്കെന്തറിയാം? നീ ജനിച്ചിട്ടുപോലുമില്ല. കുറഞ്ഞത് മാധ്യമപ്രവർത്തകരോട് എങ്കിലും ഇതിനെക്കുറിച്ച് ചോദിക്കൂ. 2005 ന് മുമ്പ് ഇവിടെ ഒന്നുമില്ലായിരുന്നു. നിങ്ങളുടെ ജാതിയിൽപ്പെട്ട ആളുകൾ എന്നോട് അദ്ദേഹത്തെ അനുകൂലിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും, നിങ്ങളുടെ അച്ഛനെ രാഷ്ട്രീയത്തിൽ ഉയർത്തിക്കാട്ടിയത് ഞാനാണ്.” പ്രകോപിതനായ നിതീഷ് പറഞ്ഞു.
''ലാലു പ്രസാദ് യാദവിനെ മുഖ്യമന്ത്രിയാക്കിയത് താനാണെന്ന് നിതീഷ് കുമാർ ഇന്നലെ നിയമസഭയിൽ പറഞ്ഞു.നമുക്ക് ലാലുജിയെ ഒരു നിമിഷം മാറ്റിനിർത്താം... അദ്ദേഹം പലരെയും പലവിധത്തിൽ സഹായിച്ചിട്ടുണ്ട്... അദ്ദേഹത്തെ പിന്തുണച്ചവർ പ്രധാനമന്ത്രിമാരായി... എന്നാൽ നിതീഷ് കുമാർ തന്നെക്കുറിച്ച് പറയണം.മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ സഹായിച്ച തേജസ്വിയാണ് അദ്ദേഹത്തെ രണ്ടുതവണ രക്ഷിച്ചത്. അല്ലെങ്കിൽ, അദ്ദേഹത്തിന്‍റെ പാർട്ടി തന്നെ അവസാനിക്കുമായിരുന്നു'' തേജസ്വി യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാൽ യാദവ് തൻ്റെ അവകാശവാദത്തെക്കുറിച്ച് വിശദീകരിക്കാൻ തയ്യാറായില്ല.
"അദ്ദേഹം (നിതീഷ് കുമാർ) ഓർക്കണം, നിങ്ങൾക്ക് മുമ്പ് തന്നെ എൻ്റെ പിതാവ് രണ്ട് തവണ എംഎൽഎയായും ഒരു തവണ എംപിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇന്നും എംഎൽഎമാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള പാർട്ടിയുടെ നേതാവാണ് നിതീഷ്.നിതീഷ് ജിയെക്കുറിച്ച് ഒരാൾക്ക് എന്ത് പറയാൻ കഴിയും... പ്രപഞ്ചം സൃഷ്ടിച്ചത് താനാണെന്ന മട്ടിലാണ് അദ്ദേഹം സംസാരിക്കുന്നത്. നിതീഷിന്‍റെ അഭിപ്രായത്തിൽ 2005ന് ശേഷമാണ് പ്രപഞ്ചം പോലും ഉണ്ടായത്. അതിനു മുന്‍പ് ബിഹാറിൽ ഒന്നുമുണ്ടായിരുന്നില്ല'' തേജസ്വി യാദവ് പരിഹസിച്ചു.
"നിതീഷ് കുമാർ ഇപ്പോൾ ക്ഷീണിതനാണ്... അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമല്ല. അദ്ദേഹം വിരമിച്ച ഉദ്യോഗസ്ഥർക്കൊപ്പം സർക്കാർ നടത്തുന്നു," തേജസ്വി ആരോപിച്ചു. അതിനിടെ, രാജ്യസഭാ എംപിയും ആർജെഡി നേതാവുമായ മനോജ് ഝാ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു. അദ്ദേഹത്തെ 'പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്' എന്നും 'ബ്രഹ്മ' എന്നും വിളിച്ച് പരിഹസിച്ചു.
Adjust Story Font
16