Quantcast

വീണ്ടും ഹേമന്ത് സോറൻ: ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വീണ്ടും മുഖ്യമന്ത്രിയാകുന്നത് 5 മാസത്തിന് ശേഷം

MediaOne Logo

Web Desk

  • Published:

    4 July 2024 12:08 PM GMT

Hemant Soren again: sworn in as Jharkhand Chief Minister,jmm,latest news,വീണ്ടും ഹേമന്ത് സോറൻ: ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
X

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. 5 മാസത്തിന് ശേഷമാണു ഹേമന്ത്‌ സോറൻ വീണ്ടും മുഖ്യമന്ത്രിയാകുന്നത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ചതോടെയാണ് സോറൻ വീണ്ടും മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറൻ ഇ.ഡി കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഹേമന്ത് സോറന് വേണ്ടി മുഖ്യമന്ത്രിയായിരുന്ന ചംപയ് സോറൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

ഇദ്ദേഹത്തെ കഴിഞ്ഞ ജനുവരിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒക്ടോബറിൽ ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇൻഡ്യാ സഖ്യ നീക്കം. അതേസമയം, ചംപയ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബി.ജെ.പി രംഗത്തുവന്നു. ജെ.എം.എമ്മും കോൺഗ്രസും ചേർന്ന് മുതിർന്ന ആദിവാസി നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ ആരോപിച്ചു. ജാർഖണ്ഡിലെ ജനങ്ങൾ ഈ തീരുമാനത്തിനെതിരെ രംഗത്തുവരുമെന്നും ശർമ പറഞ്ഞു.

TAGS :

Next Story