'തനിക്കും പാർട്ടിക്കുമെതിരെ ഗൂഢാലോചന നടത്തിയവർക്ക് മറുപടി നൽകും, ജാർഖണ്ഡിൽ നിന്ന് ബി.ജെ.പിയെ തുടച്ചു നീക്കും': ഹേമന്ത് സോറൻ
ഇന്ത്യയുടെ സാമൂഹിക ഘടനയെ തകർക്കുന്നതിലാണ് ബി.ജെ.പിക്ക് വൈദഗ്ധ്യമെന്നും സോറൻ
റാഞ്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാത്ത് ബി.ജെ.പി നാമാവശേഷമാകുമെന്ന് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. 'ഇന്ത്യയുടെ സാമൂഹിക ഘടനയെ തകർക്കുന്നതിൽ ബിജെപിക്ക് വൈദഗ്ധ്യമുണ്ട്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവരെ പാഠം പഠിപ്പിച്ചു. ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് അവർ ദിവാസ്വപ്നം കാണുന്നു,' റാഞ്ചിയിൽ ജെ.എം.എം പ്രവർത്തകരുമായി നടത്തിയ യോഗത്തിൽ ഹേമന്ത് സോറൻ പറഞ്ഞു.
തനിക്കും തന്റെ പാർട്ടിക്കുമെതിരെ ഗൂഢാലോചന നടത്തിയവർക്ക് വ്യക്തമായ മറുപടി നൽകുമെന്നും സോറൻ പറഞ്ഞു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഹേമന്ത് സോറൻ ബിർസ മുണ്ട ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേ നടത്തിയേക്കുമെന്ന് സൂചനകൾ പുറത്തു വരുന്നുണ്ട്, തെരഞ്ഞെടുപ്പ് എപ്പോൾ നടത്തിയാലും അത് നേരിടാൻ ഞങ്ങൾ തയാറാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ജാർഖണ്ഡിലെ 14 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ ബിജെപിയാണ് ഏറ്റവും കൂടുതൽ സീറ്റ് നേടിയത്. എട്ട് സീറ്റ് അവർ കരസ്ഥമാക്കി. ജെ.എം.എം മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസും എജെഎസ്യുവും ഒരോ സീറ്റിലും വിജയിച്ചു. അതേസമയം ജെഎംഎം എം.എൽ.എ ആയിരുന്ന സർഫാസ് അഹമ്മദ് രാജിവെച്ച ഒഴിവിൽ ഗണ്ഡേ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കൽപ്പന സോറൻ 27,149 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപിയുടെ ദിലീപ് കുമാർ വർമയെയാണ് കൽപ്പന തോൽപ്പിച്ചത്.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരിയിലാണ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കേസുകളാണ് സോറനെതിരെ ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Adjust Story Font
16