ഡൽഹി സുൻഹേരി ബാഗ് മസ്ജിദ് പൊളിക്കലിനെതിരെ പ്രതിഷേധം ശക്തം
നടപടിക്കെതിരെ മസ്ജിദ് ഇമാം നൽകിയ ഹരജി ഡൽഹി ഹൈക്കോടതി ഈ മാസം എട്ടിനു പരിഗണിക്കും
ഡൽഹി സുൻഹേരി ബാഗ് മസ്ജിദ്
ഡല്‍ഹി: ഡൽഹി സുൻഹേരി ബാഗ് മസ്ജിദ് പൊളിക്കലിനെതിരെ പ്രതിഷേധം ശക്തം. പാർലമെന്‍റിന് സമീപമുള്ള റോഡിൽ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയാണ് പള്ളി പൊളിക്കാൻ നീക്കം നടത്തുന്നത്.നടപടിക്കെതിരെ മസ്ജിദ് ഇമാം നൽകിയ ഹരജി ഡൽഹി ഹൈക്കോടതി ഈ മാസം എട്ടിനു പരിഗണിക്കും.
നഗര ഹൃദയമായ ലൂട്യൻസ് ഡൽഹിയിൽ രണ്ടു നൂറ്റാണ്ടായി തലയുയർത്തി നിൽക്കുന്ന ആരാധനാലയമാണ് സുൻഹേരി ബാഗ് മസ്ജിദ്. നിരവധി വിശ്വാസികൾ ഓരോ ദിവസവും പ്രാർത്ഥനയ്ക്കായെത്തുന്ന ഇടം. മുഗൾ വാസ്തുവിദ്യ പൈതൃകത്തിലൂന്നിയ നിർമാണം. 2009ൽ ഡൽഹി സർക്കാർ ഗ്രേഡ് 3 പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ മസ്ജിദിനെ ഗതാഗതക്കുരുക്കിന്‍റെ പേര് പറഞ്ഞ്, ഡൽഹി പൊലീസിന്‍റെ നിർദേശ പ്രകാരമാണ് മുൻസിപ്പൽ കോർപ്പറേഷൻ പൊളിക്കാൻ ഒരുങ്ങുന്നത്. ഡൽഹി വഖഫ് ബോർഡിന്റെ എതിർപ്പ് മറികടന്നാണു നീക്കം. പൊളിക്കാൻ പൈതൃക സംരക്ഷണ സമിതിയിൽനിന്ന് അനുമതി തേടിയിരിക്കുകയാണു ഭരണകൂടം. പള്ളി പൊളിക്കുന്നതിനെതിരെ മുസ്‌ലിം മതസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.
വിഷയത്തിൽ പൊതുജനാഭിപ്രായം തേടിയ സർക്കാരിന് അറുപതിനായിരത്തിലേറെ പ്രതികരണങ്ങൾ ലഭിച്ചു. പ്രതികരണങ്ങൾ ഹെറിറ്റേജ് കൺസർവേഷൻ കമ്മിറ്റിക്ക് കൈമാറും. ഡൽഹി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം കൂടി കേട്ടതിനുശേഷമാകും പള്ളി പൊളിക്കലിൽ അന്തിമ തീരുമാനമെടുക്കുക.
Adjust Story Font
16