Quantcast

വാക്‌സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരെയുള്ള ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു

ഹരജി തീർപ്പാകും വരെ സർട്ടിഫിക്കറ്റിൽ പ്രധാന മന്ത്രിയുടെ ചിത്രം പതിക്കുന്നത് തടഞ്ഞ് ഉത്തരവിടണമെന്ന ഇടക്കാല ആവശ്യം അനുവദിച്ചില്ല

MediaOne Logo

Web Desk

  • Updated:

    2021-11-23 14:32:45.0

Published:

23 Nov 2021 2:20 PM GMT

വാക്‌സിൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിനെതിരെയുള്ള ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു
X

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. പണം നൽകി സ്വകാര്യ ആശുപത്രിയിൽ നിന്ന് വാക്‌സിനെടുക്കുമ്പാൾ നൽകുന്ന സർട്ടിഫിക്കറ്റിലടക്കം ചിത്രം പതിക്കുന്നത് മൗലീകാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്. ഹരജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസയക്കാൻ ഉത്തരവായി. ഹരജി തീർപ്പാകും വരെ സർട്ടിഫിക്കറ്റിൽ പ്രധാന മന്ത്രിയുടെ ചിത്രം പതിക്കുന്നത് തടഞ്ഞ് ഉത്തരവിടണമെന്ന ഇടക്കാല ആവശ്യം അനുവദിച്ചില്ല.

കോവിഡിനെതിരായ ദേശീയ പ്രചാരണം പ്രധാന മന്ത്രിക്ക് വേണ്ടിയുള്ള പ്രചാരണമായി മാറിയ അവസ്ഥയാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. വിദേശയാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കു സർട്ടിഫിക്കറ്റിലെ മോദിചിത്രം കുരുക്കായിരുന്നു. പലയിടത്തും ഇന്ത്യക്കാർ മണിക്കൂറുകളാണ് ഇതുകാരണം തടഞ്ഞുനിർത്തപ്പെടുകയും ചോദ്യം നേരിടുകയും ചെയ്തത്. ചിലയിടങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റാണെന്നു സംശയിച്ച് ഉദ്യോഗസ്ഥർ നിയമനടപടിക്കൊരുങ്ങുയ അനുഭവവുമുണ്ട്. വാക്സിൻ സർട്ടിഫിക്കറ്റിൽ കാണുന്ന ചിത്രവും യാത്രക്കാരനും തമ്മിൽ അജഗജാന്തരമുണ്ടാകുമ്പോൾ ഉദ്യോഗസ്ഥർ സംശയിക്കുന്നതിനെ കുറ്റപ്പെടുത്താൻ പറ്റില്ലല്ലോ.

ജർമനിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ ദീപ്തി തമന്നെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ തന്റെ ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം വാർത്തയായത്. ഇതോടെ വിവിധ വിദേശ രാജ്യങ്ങളിൽ നേരിട്ട പ്രയാസങ്ങൾ പങ്കുവച്ച് കൂടുതൽ പേരും രംഗത്തെത്തി. ദീപ്തിയുടെ അനുഭവം ഇങ്ങനെയായിരുന്നു: ''ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ കസ്റ്റമർ സർവീസ് വിഭാഗത്തിലുള്ള സ്ത്രീ ഞെട്ടിയിരിക്കുകയായിരുന്നു. വീണ്ടും വീണ്ടും എന്റെ വാക്സിൻ സർട്ടിഫിക്കറ്റ് നോക്കിക്കൊണ്ടിരുന്നു അവർ. നിത്യവും നിരവധി യാത്രികരെയാണ് രാവും പകലും താൻ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നും എന്നാൽ, ഒരു വ്യക്തിഗത രേഖയിൽ ഏതെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം കാണുന്നത് ഇതാദ്യമായാണെന്നും അവർ എന്നോട് പറഞ്ഞു. നമ്മളെന്തോ കുറ്റം ചെയ്ത വിചാരത്തിലായിരുന്നു അവർ...''

TAGS :

Next Story