അഫ്‌സൽ അൻസാരിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി; എം.പിയായി തുടരാം
ബി.ജെ.പി എം.എൽ.എ ആയിരുന്ന കൃഷ്ണാനന്ദ് റായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അൻസാരിക്ക് നാല് വർഷം തടവ് വിധിച്ചത്.
പ്രയാഗ്‌രാജ്: കൊലപാതകക്കേസിൽ സമാജ്‌വാദി പാർട്ടി എം.പി അഫ്‌സൽ അൻസാരിക്ക് തടവുശിക്ഷ വിധിച്ച ഗാസിപൂർ പ്രത്യേക കോടതിയുടെ വിധി അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ബി.ജെ.പി എം.എൽ.എ ആയിരുന്ന കൃഷ്ണാനന്ദ് റായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അൻസാരിക്ക് നാല് വർഷം തടവ് വിധിച്ചത്.
എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന ഗാസിപൂരിലെ പ്രത്യേക കോടതിയാണ് അഫ്‌സൽ അൻസാരിക്ക് ശിക്ഷ വിധിച്ചിരുന്നത്. ഹൈക്കോടതി ശിക്ഷ റദ്ദാക്കിയതോടെ അൻസാരിക്ക് എം.പിയായി തുടരാം. 2005-ലാണ് കൃഷ്ണാനന്ദ് റായ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശ് സർക്കാരും കൃഷ്ണാനന്ദ് റായിയുടെ മകനും അൻസാരിയുടെ ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി തള്ളി. 2023-ൽ ബി.എസ്.പിയുടെ ലോക്‌സഭാംഗമായിരിക്കുമ്പോഴാണ് അൻസാരിക്ക് ശിക്ഷ വിധിച്ചത്. എം.എൽ.എ ആയിരുന്ന മുഖ്താർ അൻസാരിയുടെ സഹോദരനാണ് അഫ്‌സൽ അൻസാരി.
2023 ജൂലൈ 24ന് ഹൈക്കോടതി അഫ്‌സൽ അൻസാരിക്ക് ജാമ്യം അനുവദിച്ചെങ്കിലും ശിക്ഷ സ്റ്റേ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ജയിൽമോചിതനായെങ്കിലും അൻസാരിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടിരുന്നില്ല. തുടർന്ന് അദ്ദേഹം സുപ്രിംകോടതിയിൽ അപ്പീൽ നൽകി. സുപ്രിംകോടതി ശിക്ഷ സ്‌റ്റേ ചെയ്തതോടെ പാർലമെന്റ് അംഗത്വം തിരിച്ചുകിട്ടി.
അപ്പീൽ പരിഗണിക്കുന്നത് വേഗത്തിലാണ് സുപ്രിംകോടതി ഹൈക്കോടതിക്ക് നിർദേശം നൽകിയിരുന്നു. അഫ്‌സൽ അൻസാരിയുടെ സഹോദരൻ മുഖ്താർ അൻസാരി ഈ വർഷം ആദ്യത്തിൽ ജയിലിൽ മരണപ്പെട്ടിരുന്നു.
Adjust Story Font
16