ഹിജാബ് വിലക്ക്: നീലഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ദലിത് വിദ്യാർത്ഥികള്‍
ചിക്മഗളൂരു ഐ.ഡി.എസ്.ജി കോളജിൽ ദലിത് വിദ്യാർത്ഥികളുടെ ഐക്യദാർഢ്യ പ്രകടനത്തിനെതിരെ എ.ബി.വി.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തി
കർണാടകയിൽ ഹിജാബ് ധരിച്ച് സ്‌കൂളുകളിലെത്താനുള്ള വിദ്യാർത്ഥികളുടെ പോരാട്ടത്തിന് പിന്തുണയുമായി ദലിത് വിദ്യാർത്ഥികൾ. നീലഷാളുകൾ ധരിച്ച് 'ജയ് ഭീം' മുദ്രാവാക്യം മുഴക്കിയായിരുന്നു വിദ്യാർത്ഥികളുടെ ഐക്യദാർഢ്യം.
ചിക്മഗളൂരു ഐ.ഡി.എസ്.ജി കോളജിലാണ് ദലിത് വിദ്യാർത്ഥികളുടെ ഐക്യദാർഢ്യ പ്രകടനം നടന്നത്. ഇവിടെ നേരത്തെ എ.ബി.വി.പി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടന്നിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി ദലിത് വിദ്യാർത്ഥി നേതാക്കൾ എത്തിയത്.
ദലിത് വിദ്യാർത്ഥികളുടെ പ്രകടനത്തിനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി പ്രവർത്തകരുമെത്തി. ഇവരും പ്രകടനമായാണ് എത്തിയത്. ഇരുവിഭാഗവും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ കോളജ് അധികൃതരെത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. കോളേജിൽ ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു.
കർണാടകയിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. കുന്ദാപൂരിലെ ഗവൺമെന്റ് പ്രീ-യൂനിവേഴ്‌സിറ്റി കോളേജിൽ ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പ്രത്യേക ക്ലാസുമുറികളിൽ ഇരുത്തി. ഇവർക്ക് ക്ലാസുകളിൽ പങ്കെടുക്കാനായില്ലെന്നും റിപ്പോർട്ടുണ്ട്. ഗേറ്റിന് പുറത്തെ തിരക്ക് ഒഴിവാക്കാനാണ് വിദ്യാർത്ഥികളെ പ്രത്യേക ക്ലാസ്മുറിയിലിരുത്തിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. പരീക്ഷയ്ക്ക് രണ്ടുദിവസം മാത്രമാണ് ബാക്കിനിൽക്കുന്നതെന്നും ക്ലാസിൽ കയറാൻ അനുവദിക്കണമെന്നും പ്രിൻസിപ്പലിനോട് വിദ്യാർഥിനികൾ അഭ്യർഥിച്ചെങ്കിലും അനുവദിച്ചില്ല. ഹിജാബ് ഒഴിവാക്കിയാൽ മാത്രമേ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കൂവെന്ന നിലപാടിലാണ് പ്രിൻസിപ്പൽ രാമകൃഷ്ണ ജിജെ. ക്ലാസിൽ ഹിജാബ് അഴിക്കില്ലെന്ന നിലപാടിൽ വിദ്യാർഥിനികളും ഉറച്ചുനിൽക്കുകയായിരുന്നു.
കുന്ദാപുരിലെ കലവറ വരദരാജ് എം ഷെട്ടി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ വീട്ടിലേക്ക് അയച്ചു. ''ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ പ്രവേശിക്കാൻ ഉപദേശിച്ചെങ്കിലും അവർ നിരസിച്ചു. അതിനാൽ ഞങ്ങൾ അവരോട് പോകാൻ ആവശ്യപ്പെട്ടു. നാളെ ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കാൻ അവരോട് അഭ്യർത്ഥിച്ചിരുന്നു''- വൈസ് പ്രിൻസിപ്പൽ ഉഷാദേവി പറഞ്ഞു.
കർണാടകയിലെ വിജയപുര ജില്ലയിലെ ശാന്തേശ്വര പി.യു, ജി.ആർ.ബി കോളജ് എന്നിവിടങ്ങളിൽ നിരവധി വിദ്യാർഥികൾ കാവി ഷാൾ ധരിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഒടുവിൽ കോളജുകൾക്ക് അവധി പ്രഖ്യാപിച്ചു. ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂനിവേഴ്‌സിറ്റി കോളജിലെ അഞ്ച് വിദ്യാർഥികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കഴിഞ്ഞ മാസമാണ് ഉഡുപ്പി ജില്ലയിലെ ഗവൺമെന്റ് ഗേൾസ് പി.യു കോളജിൽ ഹിജാബ് നിരോധിച്ചത്. സ്‌കൂളിലും കോളജിലും യൂനിഫോം നിർബന്ധമാക്കി കർണാടക സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിട്ടുണ്ട്. കർണാടകയിലെ കാംപസുകളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിയ സംഭവം ദേശീയതലത്തിൽ ചർച്ചയായതിന് പിന്നാലെയാണ് ഉത്തരവ്. 1983ലെ കർണാടക വിദ്യാഭ്യാസ ആക്ട് പ്രകാരമാണ് സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ കോളജുകളിലും സ്‌കൂളുകളിലും യൂനിഫോം നിർബന്ധമാക്കിയത്.
Summary: Hijab ban: Dalit students show solidarity to Muslim girls wearing blue shawls
Adjust Story Font
16