കർണാടകയിൽ സർക്കാർ നിലവിൽ വന്നാൽ ഹിജാബ് നിരോധനം നീക്കും: കനീസ ഫാത്തിമ
കനീസ് ഫാത്തിമയുടെ പ്രതികരണം മീഡിയവണിനോട്
Kaneez Fathima
ബംഗളൂരു: കർണാടകയിൽ സർക്കാർ നിലവിൽ വന്നാൽ ഹിജാബ് നിരോധനം നീക്കുമെന്ന് നിയുക്ത കോൺഗ്രസ് എം എൽ എ കനീസ ഫാത്തിമ. മുതിർന്ന നേതാക്കാളോട് ഇക്കാര്യം സംസാരിച്ചതായും കനീസ ഫാത്തിമ ബെംഗലൂരുവിൽ മീഡിയവണിനോട് പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ ജയിച്ച ഏക മുസ്‌ലിം വനിതാ സ്ഥാനാർത്ഥിയാണ് കനീസ.
ഉത്തര ഗുൽബർഗ മണ്ഡലത്തിൽനിന്നാണ് കനീസ ഫാത്തിമ നിയമസഭയിലേക്ക് എത്തുന്നത്. ബി.ജെ.പിയുടെ ചന്ദ്രകാന്ത് ബി. പാട്ടീൽ എന്ന കരുത്തനായ സ്ഥാനാർത്ഥിയെയാണ് അവർ തറപറ്റിച്ചത്. 2,712 വോട്ടിനായിരുന്നു കനീസയുടെ വിജയം. 2018ലും ഇതേ മണ്ഡലത്തിൽ ചന്ദ്രകാന്തിനെ തന്നെ പരാജയപ്പെടുത്തിയിരുന്നു അവർ. കർണാടകയിൽ കൊടുമ്പിരി കൊണ്ട ഹിജാബ് പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു കനീസ ഫാത്തിമ.
അതേസമയം, ഹിജാബ് നിരോധനം സംബന്ധിച്ച് പ്രകടനപത്രികയിൽ കോൺഗ്രസ് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എടുത്തുമാറ്റിയ മുസ്‌ലിം സംവരണം തിരിച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും ഹിജാബ് വിഷയത്തിൽ അത്തരം പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല.
Adjust Story Font
16