ഹിജാബ് വിവാദം; ഹൈക്കോടതി വിശാല ബെഞ്ചിലെ വാദം തിങ്കളാഴ്ചയും തുടരും
കർണാടകയിൽ ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധം തുടരുകയാണ്
ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിലെ വാദം ഏഴാം നാളിലേക്ക്. ഹൈക്കോടതി വിശാല ബെഞ്ചിലെ വാദം തിങ്കളാഴ്ചയും തുടരും. ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ മതാചരമല്ലെന്ന് കർണാടക സർക്കാർ കോടതിയിൽ പറഞ്ഞു. സംസ്ഥാനത്ത് ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധം തുടരുകയാണ്. ഹിജാബ് വിവാദത്തെ തുടർന്ന് കർണാടകയിലെ സ്വകാര്യ കോളേജിലെ അധ്യാപിക ജോലി രാജി വെച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വാദം തുടങ്ങിയത്. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിദ്യാർഥികളുടെ ഹർജി ഈ മാസം 7നു പരിഗണിച്ച സിംഗിൾ ബെഞ്ച് 3 ദിവസത്തെ വാദത്തിന് ശേഷം വിശാല ബെഞ്ചിന് കൈമാറുകയായിരുന്നു. ഹിജാബ് നിരോധന വിഷയത്തിൽ കർണാടക സർക്കാരിന്റെ നിലപാടുകൾ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ നിരത്തി. ഹിജാബിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ലംഘിക്കുന്നതല്ലെന്ന് അദ്ദേഹം വാദിച്ചു. കോളേജുകൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ മാത്രമേ വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുള്ളൂവെന്നാണ് എ.ജിയുടെ വാദം.ഹർജിയിൽ തിങ്കളാഴ്ച വാദം തുടരും.
കർണാടകയിൽ വിദ്യാർഥികൾക്ക് പുറമെ അധ്യാപകരോടും ഹിജാബ് ഒഴുവാക്കാൻ കോളേജ് അധികൃതർ നിർദേശം നൽകിയത് വിവാദമാവുകയാണ്. ഹിജാബ് ഒഴുവാക്കാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വകാര്യ കോളജിലെ അധ്യാപിക രാജിവെച്ചു. കർണാടക തുംകൂർ ജെയിൻ പി.യു കോളേജിലെ അധ്യാപിക ചാന്ദിനി നാസ് ആണ് രാജിവെച്ചത്. കർണാടകയിൽ ഹിജാബ് നിരോധനത്തെ തുടർന്നുണ്ടായ പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ചയും വിവിധ കോളേജുകളിൽ പ്രതിഷേധങ്ങളുണ്ടായി.
Adjust Story Font
16