Quantcast

ഹിജാബ്, ഹലാൽ വിവാദങ്ങൾ അനാവശ്യമായിരുന്നു, അത്തരം കാര്യങ്ങളെ പിന്തുണക്കുന്നില്ല: ബി.എസ് യെദ്യൂരപ്പ

നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുസ്‌ലിം സംഘടനകളുടെ പരിപാടികൾക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്തതിനെയും യെദ്യൂരപ്പ വിമർശിച്ചു.

MediaOne Logo

Web Desk

  • Published:

    15 April 2023 8:42 AM GMT

‘Hijab, halal issues not necessary says Yediyurappa
X

ബംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധവും ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും അനാവശ്യമായിരുന്നുവെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ. തുടക്കം മുതൽ ഈ നിലപാടാണ് താൻ സ്വീകരിച്ചതെന്നും ഇത്തരം കാര്യങ്ങളെ പിന്തുണക്കില്ലെന്നും ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ യെദ്യൂരപ്പ പറഞ്ഞു.

''ഹിന്ദുക്കളും മുസ്‌ലിംകളും സഹോദരൻമാരെപ്പോലെ ജീവിക്കണം. ഹിജാബ്, ഹലാൽ വിവാദങ്ങൾ അനാവശ്യമായിരുന്നു. ഞാൻ അത്തരം വിവാദങ്ങളെ പിന്തുണക്കുന്നില്ല. ഹിന്ദുക്കളും മുസ്‌ലിംകളും സഹോദരങ്ങളെ പോലെ ജീവിക്കണമെന്നാണ് എന്റെ നിലപാട്. തുടക്കം മുതൽ ഈ നിലപാടാണ് ഞാൻ സ്വീകരിച്ചത്''-യെദ്യൂരപ്പ പറഞ്ഞു.

നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുസ്‌ലിം സംഘടനകളുടെ പരിപാടികൾക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്തതിനെയും യെദ്യൂരപ്പ വിമർശിച്ചു. ''ഞാൻ ക്രിസ്ത്യൻ, മുസ്‌ലിം ചടങ്ങുകൾക്ക് പോകാറുണ്ടായിരുന്നു. ബസവരാജ് ബൊമ്മെയും പോകാറുണ്ടായിരുന്നു. അവർ അദ്ദേഹത്തെ ക്ഷണിച്ചിരുന്നെങ്കിൽ ഉറപ്പായും പോകേണ്ടതായിരുന്നു. ഇത്തരം പരിപാടികൾക്ക് നമ്മൾ കൂടുതൽ പ്രാധാന്യം നൽകണം''-യെദ്യൂരപ്പ പറഞ്ഞു.

ഗ്രൂപ്പിസവും വിമത നീക്കവും തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ ബാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും അദ്ദേഹത്തിന്റെ ക്ഷേമ പദ്ധതികളും ബൊമ്മൈ സർക്കാരിന്റെ നടപടികളും മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടപ്പാക്കിയ സാമൂഹ്യക്ഷേമ പദ്ധതികളും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു.

TAGS :

Next Story