Quantcast

ഹിജാബ് തെരഞ്ഞെടുപ്പല്ല, ദൈവത്തോടുള്ള കടമ; പ്രതികരണവുമായി സൈറ വസീം

'മുസ്‍ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം, ഹിജാബ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വരുന്ന വ്യവസ്ഥിതി അനീതി'

MediaOne Logo

Web Desk

  • Updated:

    2022-02-20 10:27:56.0

Published:

20 Feb 2022 8:09 AM GMT

ഹിജാബ് തെരഞ്ഞെടുപ്പല്ല, ദൈവത്തോടുള്ള കടമ; പ്രതികരണവുമായി സൈറ വസീം
X

കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി സിനിമ മേഖല ഉപേക്ഷിച്ച നടി സൈറ വസീം. ഹിജാബ് വെറുമൊരു തെരഞ്ഞെടുപ്പല്ലെന്നും അത് ദൈവത്തോടുള്ള കടപ്പാടാണെന്നും സൈറ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.കൃതജ്ഞതയോടും വിനയത്തോടും കൂടി ഹിജാബ് ധരിക്കുന്ന സ്ത്രീ എന്ന നിലയിൽ മതപരമായ പ്രതിബദ്ധതയുടെ പേരിൽ സ്ത്രീകളെ ഉപദ്രവിക്കുകയും തടയുകയും ചെയ്യുന്ന വ്യവസ്ഥിതിയെ എതിർക്കുന്നതായും ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കുന്നു. മുസ്‍ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം, ഹിജാബ് എന്നിവയിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വരുന്ന വ്യവസ്ഥിതി അനീതിയാണ്. നിങ്ങളുടെ അജണ്ട പോഷിപ്പിക്കുന്ന തെരഞ്ഞെടുപ്പുകൾ നടത്താൻ അവരെ നിർബന്ധിക്കുകയാണ്. ശാക്തീകരണത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നത് സങ്കടകരമാണ്. ഇത്തരം പ്രവർത്തനങ്ങൾ മോശമാണെന്നും സൈറ വസീം തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

2016 ൽ ആമിർഖാനോടൊപ്പം അഭിനയിച്ച 'ദംഗൽ' ആണ് സൈറ വസീമിന്റെ ആദ്യ ചിത്രം. 2017 ൽ ആമിറിനൊപ്പം തന്നെ അഭിനയിച്ച 'സീക്രട്ട് സൂപ്പർ സ്റ്റാർ' എന്ന ചിത്രവും വൻ വിജയമായി. എന്നാൽ തനിക്ക് സിനിമ മേഖലയിൽ തുടരാൻ താൽപര്യമില്ലെന്ന് 2019 ൽ സൈറ പ്രഖ്യാപിക്കുകയായിരുന്നു. തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം ബാധിക്കുന്നു എന്നായിരുന്നു ഇവർ കാരണമായി പറഞ്ഞത്. ഒപ്പം തന്റെ പഴയ ചിത്രങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നും ഇനി അത്തരം ചിത്രങ്ങൾ പങ്കുവെക്കരുതെന്നും സൈറ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

ഉഡുപ്പി ഗവ.പി.യു കോളജിലെ ആറ് മുസ്‍ലിം വിദ്യാർഥിനികളെ ഹിജാബ് ധരിച്ച് കോളജിൽ പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് ഹിജാബുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിച്ചത്.


TAGS :

Next Story