ഹിജാബ് വിവാദം: കർണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു
ഹിജാബ് വിവാദം കത്തിനിൽക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയ സാഹചര്യത്തിൽ കർണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു. ''ഐക്യവും സമാധാവും നിലനിൽക്കാൻ'' വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ നിർദേശിച്ചതായി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ട്വീറ്റ് ചെയ്തു.
അതേസമയം ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി ഗവൺമെന്റ് കോളജിലെ അഞ്ച് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വാദം കേൾക്കുന്നത് തുടരുകയാണ്. കേസിൽ നാളെയും വാദം തുടരുമെന്ന് കോടതി വ്യക്തമാക്കി. സമാധാനം കാത്തുസൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.
''പൊതുസമൂഹത്തിന്റെ അറിവിലും ധാർമ്മിക ബോധത്തിലും കോടതിക്ക് പൂർണ വിശ്വാസമുണ്ട്. അത് എല്ലാവരും പ്രാവർത്തികമാക്കുമെന്നാണ് കരുതുന്നത്''- ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.
അതിനിടെ, ഹിജാബ് വിവാദം കത്തിനിൽക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളജുകളിൽ ഉൾപ്പെടെ കർണാടക വിദ്യാഭ്യാസനയ പ്രകാരമുള്ള യൂണിഫോം ധരിച്ചെത്തുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാലയങ്ങളിലെ സമത്വത്തിനു കോട്ടമുണ്ടാക്കുന്ന വസ്ത്രധാരണം അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
Adjust Story Font
16