ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീ ഒരിക്കല്‍ ഇന്ത്യൻ പ്രധാനമന്ത്രിയാകും-ഉവൈസി
മുസ്‍ലിം സ്ത്രീകൾ തലമറക്കുന്നതുകൊണ്ട് അവർ ചിന്തയും മറക്കുന്നുവെന്ന് അർത്ഥമില്ലെന്നും അസദുദ്ദീൻ ഉവൈസി
ഹൈദരാബാദ്: ഹിജാബ് ധരിച്ച മുസ്ലിം സ്ത്രീ ഒരുനാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. കർണാടകയിലെ ഹിജാബ് വിലക്കിലുള്ള സുപ്രിംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്‍ലിം സ്ത്രീകൾ തലമറക്കുന്നതുകൊണ്ട് അവർ ചിന്തയും മറക്കുന്നുവെന്ന് അർത്ഥമില്ലെന്നും ഉവൈസി പറഞ്ഞു.
''എന്റെ ജീവിതകാലത്തോ, അല്ലെങ്കിൽ എനിക്കു ശേഷമോ ഹിജാബ് ധരിച്ച ഒരു മുസ്‌ലിം സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അതു പറയുമ്പോൾ പലർക്കും തലവേദനയും വയറുവേദനയുമാണ്. പലർക്കും രാത്രി ഉറക്കം ലഭിക്കുന്നില്ല''-ഉവൈസി പരിഹസിച്ചു.
ഇതെന്റെ സ്വപ്‌നമാണ്. അതിലെന്താണ് തെറ്റ്? എന്താൽ ഹിജാബ് ധരിക്കരുതെന്നാണ് നിങ്ങൾ പറയുന്നത്. പിന്നെ ബിക്കിനിയാണോ ധരിക്കേണ്ടത്? നിങ്ങൾക്ക് അതും ധരിക്കാനുള്ള അവകാശമുണ്ട്. എന്റെ മക്കൾ ഹിജാബ് ധരിക്കരുതെന്നും ഞാൻ താടി വയ്ക്കരുതെന്നും നിങ്ങൾ എന്തിനാണ് ആവശ്യപ്പെടുന്നത്?-അദ്ദേഹം ചോദിച്ചു.
ഹൈദരാബാദിൽ ഏറ്റവും 'കുപ്രസിദ്ധരായ' ഡ്രൈവർമാർ നമ്മുടെ സഹോദരിമാരാണ്. നിങ്ങളുടെ വാഹനവുമായി അവർക്കു പിന്നാലെ പോകാൻ തന്നെ നിൽക്കേണ്ട. എന്റെ ഡ്രൈവറോട് സൂക്ഷിക്കാൻ പറയാറാണ് ഞാൻ. അവരെ ആർക്കും എന്തെങ്കിലും നിർബന്ധിച്ച് ചെയ്യാനാകില്ലെന്ന് അവർക്കു പിന്നിലിരുന്ന് യാത്ര ചെയ്തവർക്ക് മനസിലാകും-ഉവൈസി ചൂണ്ടിക്കാട്ടി.
മൗലികാവകാശങ്ങൾക്ക് സ്‌കൂളിന്റെ ഗെയ്റ്റ് വരെ മാത്രമേയുള്ളൂവെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദു, സിഖ്, ക്രിസ്ത്യൻ വിദ്യാർത്ഥികളെ അവരുടെ മതചിഹ്നങ്ങളുമായി ക്ലാസിലെത്താൻ അനുവദിക്കുമ്പോൾ മുസ്‌ലിം വിദ്യാർത്ഥികളെ തടയുന്നു. മുസ്‌ലിം വിദ്യാർത്ഥികളെ അവർ എങ്ങനെയാണ് മനസിലാക്കുന്നത്? മുസ്്‌ലിംകൾ അവർക്കു താഴെയാണെന്ന് അവർ ചിന്തിക്കുന്നുണ്ടാകുമെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് സംബന്ധിച്ച് സുപ്രിംകോടതി ഭിന്നവിധിയാണ് നടത്തിയത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്ക് അംഗീകരിച്ച കർണാടക ഹൈക്കോടതിയുടെ വിധി ശരിവച്ചപ്പോൾ ജസ്റ്റിസ് സുധാംശു ധൂലിയ വിധി റദ്ദാക്കുകയും ചെയ്തു. ഇതോടെ കേസ് വിശാലബെഞ്ചിനു വിട്ടിരിക്കുകയാണ്. വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
Summary: ''Hijab-wearing Muslim woman will become PM of India someday'', says Asaduddin Owaisi after SC order
Adjust Story Font
16