മണ്ണിടിച്ചില്‍; ഹിമാചലിലെ 13 ഗ്രാമങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു
കൂറ്റന്‍ മല ഇടിഞ്ഞ് വീണ് ചന്ദ്രഭാഗ നദിയുടെ ഒഴുക്ക് തടസപ്പെട്ടു.
ഹിമാചൽ പ്രദേശിലെ ലാഹോൾ- സ്പിതി ജില്ലയില്‍ മണ്ണിടിച്ചില്‍. 16 പേരെ കാണാതായതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. 13 ഗ്രാമങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അപകടത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് സമീപവാസികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചത്.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ചന്ദ്രഭാഗ നദിയുടെ ഒഴുക്ക് തടസപ്പെട്ടതായും സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറി വലിയ തടാകം രൂപപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ജനവാസ മേഖലകളും കൃഷിസ്ഥലങ്ങളും ഭീഷണിയിലായി. മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് നദിയിലേക്ക് പതിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം,നദിയുടെ ഒഴുക്ക് പുനരാരംഭിച്ചതായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ട്വീറ്റ് ചെയ്തു. നാട്ടുകാര്‍ ആരും അപകടസ്ഥലത്തേക്ക് പോകരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്കി. പ്രദേശത്തെ സാഹചര്യം വിലയിരുത്താന്‍ ജില്ലാ ഭരണകൂടം ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയിരുന്നു. ദുരന്ത നിവാരണ സേനയേയും പ്രദേശത്ത് വ്യന്യസിച്ചിട്ടുണ്ട്.
A landslide blocked the flow of the Chandrabhaga River this morning and led to the formation of a lake that poses a threat to the human habitations and agricultural fields in Lahaul-Spiti district. @ndtv https://t.co/6iSoL9RWiJ
— Mohammad Ghazali (@ghazalimohammad) August 13, 2021
ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 15പേര് മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. കിന്നൗറിലെ ചൗര ഗ്രാമത്തിലുള്ള ദേശീയപാതയിൽ ബുധനാഴ്ച പകൽ 11.50ഓടെയാണ് അപകടമുണ്ടായത്. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ 40ലേറെ പേരെയാണ് കാണാതായത്. ദേശീയ ദുരന്തനിവാരണ സേന, ഇന്തോ-തിബത്തൻ പൊലീസ്, സി.ഐ.എസ്.എഫ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.
Adjust Story Font
16