ഹിമാചലിൽ മരണസംഖ്യ 21 ആയി ഉയർന്നു; രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർദ്ദേശം
ആഗസ്ത് 25 വരെ ഹിമാചലിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും രൂക്ഷം. സാഹചര്യം കണക്കിലെടുത്ത് ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ജയ് റാം താക്കൂർ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രളയ സാധ്യതയുള്ള സ്ഥലത്തെ ആളുകളെ അടിയന്തരമായി ഒഴിപ്പിക്കാനും രക്ഷാപ്രവർത്തനത്തിന് വേണ്ട കൂടുതൽ സാമഗ്രികൾ സജ്ജമാക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആശുപത്രികളിലേക്കുള്ള റോഡുകളിലെ തടസം നീക്കി ഉടൻ തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിനോദസഞ്ചാരികൾ നദീതീരങ്ങൾക്ക് പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നിട്ടുണ്ട്. ആറുപേരെ കാണാതായിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഉറപ്പാക്കാൻ എല്ലാ വകുപ്പുകൾക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ മാത്രം 34 ഇടങ്ങളിലാണ് മിന്നൽ പ്രളയമുണ്ടായത്. അതത് ജില്ലകളിലെ സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി കമ്മീഷണർമാർ തീരുമാനമെടുക്കണം. ആഗസ്ത് 25 വരെ ഹിമാചലിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ 30 സ്ഥലങ്ങൾ അപകട മേഖലകളായി പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 232 കോടി രൂപ സംസ്ഥാന സർക്കാർ അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. ഹിമാചലിന് പുറമെ ഉത്തരാഖണ്ഡ്, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലും മഴ ദുരിതം തുടരുകയാണ്.
Adjust Story Font
16