Quantcast

'അസമിലെ മുസ്‍ലിം ജനസംഖ്യ 40 ശതമാനത്തിലെത്തി, ഇത് ജീവന്‍മരണ പ്രശ്നം' ; വിവാദ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി

ജാര്‍ഖണ്ഡിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അസം മുഖ്യമന്ത്രി റാഞ്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-07-19 07:28:56.0

Published:

19 July 2024 7:07 AM GMT

Himanta Sarma
X

ഗുവാഹത്തി: സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തില്‍ മാറ്റമുണ്ടാകുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിലെ മുസ്‍ലിം ജനസംഖ്യയുടെ വര്‍ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു ഹിമന്തയുടെ വിവാദ പരാമര്‍ശം. അസമിലെ മുസ്‌ലിം ജനസംഖ്യ വർധിക്കുന്നത് കേവലം ഒരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും മറിച്ച് ജീവന്‍മരണ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അസം മുഖ്യമന്ത്രി റാഞ്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

“ ജനസംഖ്യാനുപാതം മാറുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നമാണ്. അസമിൽ ഇന്ന് മുസ്‍ലിം ജനസംഖ്യ 40 ശതമാനത്തിലെത്തി. 1951ല്‍ ഇത് 12 ശതമാനമായിരുന്നു. ഞങ്ങള്‍ക്ക് നിരവധി ജില്ലകള്‍ നഷ്ടപ്പെട്ടു. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല, മറിച്ച് നിലനില്‍പ്പിന്‍റെ വിഷയമാണ്'' ഹിമന്ത പറഞ്ഞു. ജാര്‍ഖണ്ഡിലെ ദ്വിദിന സന്ദര്‍ശനത്തിന്‍റെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ആഘോഷിക്കുന്ന തൊഴിലാളികളുടെ അനുമോദന പരിപാടികളിലും ‘വിജയ് സങ്കൽപ് സഭകളിലും’ ശര്‍മ പങ്കെടുക്കും.

ഹിമന്തയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് അസമിലെ ന്യൂനപക്ഷ ആധിപത്യമുള്ള പ്രദേശങ്ങളിൽ ഹിമന്ത നടത്തിയ പ്രചരണത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം. '' റാഞ്ചിയില്‍ നടന്ന കാര്യങ്ങള്‍ ഹിമന്ത മറന്നുവെന്ന് തോന്നുന്നു. 2 മാസം മുമ്പ് മാത്രമാണ് അദ്ദേഹം അസമിലെ ന്യൂനപക്ഷ ആധിപത്യ പ്രദേശങ്ങളിൽ നൃത്തം ചെയ്യുകയും പാടുകയും ചെയ്തത്. ബി.ജെ.പിക്ക് വോട്ട് വേണമെന്നത് ജീവന്മരണ പ്രശ്‌നമായിരുന്നില്ല'' എന്ന അടിക്കുറിപ്പോടെയാണ് ഹിമന്തയുടെ ധിംഗ് നിയമസഭാ മണ്ഡലത്തില്‍ നടന്ന പ്രചരണപരിപാടിയുടെ വീഡിയോ പങ്കുവച്ചത്. ' 80% ന്യൂനപക്ഷ വോട്ടർമാരുള്ള നാഗോൺ ലോക്‌സഭയിലെ ധിംഗ് നിയമസഭാ മണ്ഡലമാണിത്' എന്ന ക്യാപ്ഷനോടെയാണ് കഴിഞ്ഞ ഏപ്രിലില്‍ അസം മുഖ്യമന്ത്രി എക്സില്‍ വീഡിയോ ഷെയര്‍ ചെയ്തത്.

നേരത്തെയും പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് അസം മുഖ്യമന്ത്രി വിവാദപരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അസമീസ് സ്വദേശികളായി അംഗീകരിക്കണമെങ്കിൽ ബഹുഭാര്യത്വം, ശൈശവിവാഹം എന്നിവ ഉപേക്ഷിക്കണമെന്നും രണ്ടിൽ കൂടുതൽ കുട്ടികളെ പ്രസവിക്കരുതെന്നും അസമിലെ ബംഗ്ലാദേശ് മുസ്‍ലിം കുടിയേറ്റക്കാർക്ക് മുന്നില്‍ ഹിമന്ത നിബന്ധനകള്‍ വച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു ഹിമന്തയുടെ പരാമര്‍ശം. 2011ലെ സെൻസസ് പ്രകാരം അസമിലെ മൊത്തം ജനതയുടെ 34 ശതമാനവും മുസ്‍ലിംകളാണ്. ബംഗാളി സംസാരിക്കുന്ന ബംഗ്ലാദേശ് വംശജരായ മുസ്‍ലിംകളും അസമീസ് സംസാരിക്കുന്ന തദ്ദേശീയ മുസ്‍ലിംകളുമാണ് ഇവരിൽ കൂടുതലും.

TAGS :

Next Story