ഈ വർഷം അവസാനത്തോടെ അസമിൽ അഫ്‌സ്പ പിൻവലിക്കും: ഹിമന്ത ബിശ്വ ശർമ
ബഹുഭാര്യത്വം നിർത്തലാക്കാൻ ശക്തമായ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ദിസ്പൂർ: ഈ വർഷം അവസാനത്തോടെ അസമിൽ അഫ്‌സ്പ (ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവർ ആക്ട്) പൂർണമായി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം തന്നെ അഫ്‌സ്പ പൂർണമായും പിൻവലിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുൻ സർക്കാർ അഫ്‌സ്പ ദീർഘിപ്പിക്കണമെന്ന് 62 തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പുതിയ സർക്കാർ വന്നതോടെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായി. താൻ മുഖ്യമന്ത്രിയായ ശേഷം നാല് സമാധാന കരാറുകളിൽ ഒപ്പുവെച്ചു. 8000 കലാപകാരികൾ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായെന്നും ഹിമന്ത പറഞ്ഞു.
അസമിനെ ലഹരിമുക്ത, അഴിമതിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയോട് യാതൊരു വിട്ടുവീഴ്ചയുമില്ല. 127 സർക്കാർ ജീവനക്കാരെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇവരെ ജോലിയിൽനിന്ന് പുറത്താക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു. ബഹുഭാര്യത്വം നിർത്തലാക്കാൻ ശക്തമായ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16