എന്ത് ദഹി? തൈര് മതിയെന്ന് സ്റ്റാലിൻ; കീഴടങ്ങി ഭക്ഷ്യസുരക്ഷാ അതോറിറ്റി
തൈരിന്‍റെ പായ്ക്കറ്റില്‍ ദഹി എന്ന് ഹിന്ദിയില്‍ രേഖപ്പെടുത്താനായിരുന്നു ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം
ന്യൂഡൽഹി: തൈരിന്റെ പായ്ക്കറ്റിൽ ദഹി എന്ന ഹിന്ദി വാക്ക് പ്രിന്റ് ചെയ്യാനുള്ള നീക്കത്തിൽനിന്ന് പിന്മാറി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ. ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ കര്‍ശന നിലപാടെടുത്തതോടെയാണ് അതോറിറ്റിയുടെ പിന്മാറ്റം.
പായ്ക്കറ്റുകളിൽ കേര്‍ഡ് (ഇംഗ്ലീഷ്), തയിര് (തമിഴ്) എന്നിവയ്ക്ക് പകരം ദഹി (ഹിന്ദി) എന്ന് ലേബൽ ചെയ്യാനാണ് അതോറിറ്റി ക്ഷീര ഫെഡറേഷനുകൾക്കും ഉത്പാദകർക്കും നിർദേശം നൽകിയിരുന്നത്. വെണ്ണ, കട്ടിപ്പാൽ എന്നിവയുടെ ലേബലിലും മാറ്റങ്ങൾ നിർദേശിച്ചിരുന്നു.
തമിഴ്നാട്ടില്‍ രൂക്ഷമായ എതിര്‍പ്പാണ് നിര്‍ദേശത്തിനെതിരെ ഉയര്‍ന്നത്. കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ തൈര് പായ്ക്കറ്റിൽ നിർദേശം വയ്ക്കുന്നതു വരെയെത്തി എന്ന് സ്റ്റാലിൻ പ്രതികരിച്ചിരുന്നു. തമിഴിനെയും കന്നഡയെയും പിന്നിലാക്കുന്ന നടപടിയാണിത്. ഇതിന് ഉത്തരവാദികളായവരെ ദക്ഷിണേന്ത്യയിൽ നിന്ന എന്നെന്നേക്കുമായി നാടുകടത്തും- അദ്ദേഹം ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു. തീരുമാനം ഉടനടി പിൻവലിക്കണമെന്ന് തമിഴ്‌നാട് ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ പായ്ക്കറ്റുകളിൽ ദഹി എന്ന് പ്രിന്റ് ചെയ്യില്ലെന്നും തൈര് ലേബൽ തുടരുമെന്നും തമിഴ്‌നാട് ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഫുഡ് അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ആവിൻ വക്താവ് അറിയിച്ചിരുന്നു.
Adjust Story Font
16