'ഹിന്ദി സംസാരിക്കുന്നവർ തമിഴ്നാട്ടിലെ ശൗചാലയങ്ങൾ വൃത്തിയാക്കുന്നു': ഡിഎംകെ എംപിയുടെ പരാമർശം വിവാദത്തിൽ
ഡിഎംകെ സാമൂഹിക നീതിയിൽ വിശ്വസിക്കുന്ന പാർട്ടിയാണെന്നും ഇത്തരത്തിലുള്ളൊരു പരാമർശം ആ പാർട്ടിയുടെ നേതാവിന് ചേർന്നതല്ലെന്നും തേജസ്വി യാദവ്
ചെന്നൈ: ഹിന്ദി സംസാരിക്കുന്നവർ തമിഴ്‌നാട്ടിലെ ശൗചാലങ്ങൾ വൃത്തിയാക്കുന്നെന്ന ഡി.എം.കെ എം.പി ദയാനിധി മാരന്റെ പ്രസംഗം വിവാദത്തിൽ. ഉത്തർപ്രദേശിലെയും ബിഹാറിലെയും ഹിന്ദി സംസാരിക്കുന്നവർ തമിഴ്നാട്ടിലെത്തുമ്പോൾ നിർമാണ ജോലികളിലോ റോഡുകളും ശൗചാലങ്ങളും വൃത്തിയാക്കുന്നതിലോ ഏര്‍പ്പെടുകയാണെന്നായിരുന്നു ദയാനിധി മാരൻ പറഞ്ഞത്.
ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഐ.ടി കമ്പനികളിൽ മാന്യമായ ജോലി ലഭിച്ചെന്നും ബിഹാറിലെയും ഉത്തർപ്രദേശിലെയും ഹിന്ദി മാത്രം സംസാരിക്കുന്നവർ തമിഴ്നാട് പോലുള്ള സമ്പന്ന സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയും അവിടെ ചെറിയ ജോലികളാണ് ചെയ്യുന്നതെന്നും ദയാനിധി മാരന്റെ പ്രസംഗത്തിലുണ്ടായിരുന്നു. എം.പിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.
ദയാനിധി മാരന്‍റെ പരാമര്‍ശം വിവാദമായതോടെ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്,ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ് തുടങ്ങി നിരവധി നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.ദയാനിധി മാരന്‍റെ പ്രസ്താവന കോൺഗ്രസിന്റെയും ജെഡിയുവിന്റെയും പ്രഖ്യാപിത നിലപാട് ഇതാണോ എന്ന് രാഹുൽ ഗാന്ധിയും നിതീഷ് കുമാറും വ്യക്തമാക്കണമെന്നായിരുന്നു അമിത് മാളവ്യയുടെ പ്രതികരണം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സാമൂഹിക നീതിയിൽ വിശ്വസിക്കുന്ന പാർട്ടിയാണെന്നും ഇത്തരത്തിലുള്ളൊരു പരാമർശം ആ പാർട്ടിയുടെ നേതാവിന് ചേർന്നതല്ലെന്നും തേജസ്വി യാദവ് പ്രതികരിച്ചു. 'ബിഹാറിലെയും യുപിയിലെയും മുഴുവൻ ജനങ്ങളെയും അവഹേളിച്ച് സംസാരിക്കുന്നത് അപലപനീയമാണ്. ഞങ്ങൾ അതിനെ ശക്തമായി അപലപിക്കുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വരുന്നവരോട് ബഹുമാനത്തോടെ പെരുമാറണം..' തേജസ്വി യാദവ് പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ ഭാഷയുടെയും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വിഭജിക്കാൻ 'ഇൻഡ്യ' സംഘം ശ്രമിക്കുകയാണെന്നായിരുന്നു ബി.ജെ.പി ദേശീയവക്താവ് ഷെഹ്‌സാദ് പൂനവാല്ല വിമർശിച്ചു. ദയാനിധി മാരൻ ഉപയോഗിച്ച ഭാഷ മോശമായിരുന്നെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. ദയാനിധി മാരന്റെ പരാമർശത്തിൽ ഉത്തർപ്രദേശിലെയും ബിഹാറിലെയും 'ഇൻഡ്യ' സംഖ്യത്തിലെ നേതാക്കൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും പൂനവാല്ല കുറ്റപ്പെടുത്തി.
ഡി.എം.കെ നേതാക്കൾ ബിഹാറിൽ നിന്നുള്ള ജനങ്ങളെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു പട്‌നയിൽ നിന്നുള്ള ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ് പറഞ്ഞത്. നിതീഷ് കുമാറിന്റെ കീഴിലുള്ള സംസ്ഥാനത്തിന്റെ അവസ്ഥ കാരണമാണ് ബിഹാറിലെ ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പോകാൻ നിർബന്ധിതരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദയാനിധി മാരന്റെ പ്രസംഗം ഒമ്പത് മാസം മുന്‍പുള്ളതാണെന്നും ബി.ജെ.പിയും മാധ്യമങ്ങളും ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നതെന്തിനാണെന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു.
Adjust Story Font
16