Quantcast

യുപിയിലെ ക്ഷേത്രങ്ങളിൽനിന്ന് സായിബാബ വിഗ്രഹം നീക്കം ചെയ്ത് ഹിന്ദുത്വ സംഘടന; പ്രതിഷേധവുമായി ഭക്തർ

മതത്തെ രാഷ്ട്രീയാഭ്യാസത്തിനുള്ള കളരിയാക്കുന്ന ബിജെപിയുടെയും അവരുടെ കൂട്ടാളികളുടെയും നടപടി ദൗർഭാഗ്യകരമാണെന്നും മതഭ്രാന്തുമായി ക്ഷേത്രങ്ങളിൽനിന്നു വിഗ്രഹം നീക്കംചെയ്യാൻ നടന്നാൽ അത് രാജ്യതാൽപര്യത്തിനു ഗുണകരമാകില്ലെന്നും യുപി കോൺഗ്രസ് വക്താവ് മനീഷ് ഹിന്ദ്‌വി പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2024-10-03 10:15:05.0

Published:

3 Oct 2024 10:13 AM GMT

Hindu group Sanatan Rakshak Dal removes Sai Baba statues from dozen UP temples, Varanasi temples
X

ലഖ്‌നൗ: ഉത്തർപ്രദേശിലെ ക്ഷേത്രങ്ങളിൽനിന്ന് സായിബാബയുടെ വിഗ്രഹങ്ങൾ നീക്കം ചെയ്ത് ഹിന്ദുത്വ സംഘടന. സനാതൻ രക്ഷക്ദളിന്റെ നേതൃത്വത്തിലാണ് വാരാണസിയിൽ നിരവധി ക്ഷേത്രങ്ങളിൽനിന്നു പ്രതിമ മാറ്റിയത്. നടപടി വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ സംഘടനാ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കാശിയിൽ ശിവനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂവെന്നു പറഞ്ഞാണ് സനാതൻ രക്ഷക്ദൾ കാംപയിൻ ആരംഭിച്ചതെന്ന് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച ലോഹത്തിയയിലെ ബഡാ ഗണേഷ് ക്ഷേത്രത്തിൽനിന്നാണു വിഗ്രഹം നീക്കൽ യജ്ഞത്തിനു തുടക്കമിട്ടത്. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന സായിബാബയുടെ വിഗ്രഹം എടുത്ത് പുറത്തേക്കു മാറ്റുകയായിരുന്നു. അഗസ്ത്യകുണ്ടയും ഭൂതേശ്വരനാഥും ഉൾപ്പെടെ 50 ക്ഷേത്രങ്ങളിലെ കൂടി സായിബാബ വിഗ്രഹങ്ങൾ നീക്കം ചെയ്യുമെന്ന് സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

കൃത്യമായ അറിവില്ലാതെയാണ് ഇവിടെ സായിബാബയെ ആരാധിച്ചതെന്നും ഇതു വേദങ്ങൾക്കു വിരുദ്ധമാണെന്നുമാണു സംഭവത്തിനു പിന്നാലെ ബഡാ ഗണേഷ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി രമ്മു ഗുരു പ്രതികരിച്ചത്. സായിബാബയെ ആരാധിക്കണമെന്ന് വേദങ്ങളിലൊന്നും പറയുന്നില്ലെന്ന് അന്നപൂർണ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശങ്കർ പുരിയും പറഞ്ഞു.

അയോധ്യയിലെ പ്രശസ്തമായ ഹനുമാൻഗര്‍ഹി ക്ഷേത്രത്തിലെ പൂജാരിയായ രാജു ദാസും സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. സായിബാബ മതപ്രബോധകനോ മഹദ് വ്യക്തിത്വമോ ഗുരുവോ ആത്മീയാചാര്യനോ ആരുമാകാം, എന്നാൽ ഭഗവാനല്ലെന്നാണ് രാജു ദാസ് പറഞ്ഞത്. വാരാണസിയിൽനിന്ന് അദ്ദേഹത്തിന്റെ വിഗ്രഹം നീക്കംചെയ്തയാളോട് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങളിൽനിന്നും സായിബാബയുടെ വിഗ്രഹങ്ങൾ നീക്കണമെന്ന് എല്ലാ സനാതനധർമക്കാരോടും ആവശ്യപ്പെടുകയാണെന്നും രാജു ദാസ് വാർത്താ ഏജൻസിയായ 'പിടിഐ'യോട് പറഞ്ഞു.

ക്ഷേത്രങ്ങളിലെ വിഗ്രഹംനീക്കൽ പ്രതിഷേധത്തിനിടയാക്കിയതോടെ സനാതൻ രക്ഷക്ദൾ പ്രസിഡന്റ് അജയ് ശർമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവനാണ് കാശിയിലെ പ്രധാന ആരാധനാമൂർത്തിയെന്നും മറ്റൊരാളെയും ഇവിടെ ആരാധിക്കാൻ പാടില്ലെന്നുമാണ് ഇദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നത്. വിശ്വാസികളുടെ വികാരത്തെ ആദരിച്ചുകൊണ്ടാണ് 10 ക്ഷേത്രങ്ങളിൽനിന്ന് സായിബാബ വിഗ്രഹങ്ങൾ നീക്കം ചെയ്തത്. വരുംദിവസങ്ങളിൽ അഗസ്ത്യകുണ്ട, ഭൂതേശ്വരനാഥ് ഉൾപ്പെടെ കൂടുതൽ ക്ഷേത്രങ്ങളിലും നടപടി തുടരുമെന്നും അജയ് ശർമ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ സായിബാബ ക്ഷേത്ര മാനേജർമാരുടെ യോഗം കഴിഞ്ഞ ദിവസം വാരാണസിയിൽ ചേർന്നിരുന്നു. ഇപ്പോൾ സനാതനികളെന്നു പറയുന്നവർ തന്നെയാണ് ഈ ക്ഷേത്രങ്ങളിൽ സായിബാബ വിഗ്രഹം സ്ഥാപിച്ചതെന്ന് സിഗ്ര ശാന്ത് രഘുവർദാസ് നഗറിലുള്ള സായ് ക്ഷേത്രത്തിലെ പുരോഹിതനായ സമർ ഘോഷ് പറഞ്ഞു. ഇവർ തന്നെയാണ് ഇപ്പോൾ വിഗ്രഹം നീക്കാൻ ഇറങ്ങിയിരിക്കുന്നത്. എല്ലാ ദൈവങ്ങളും ഒന്നാണ്. ദൈവത്തെ ഏതു രൂപത്തിലും കാണാം. ഇപ്പോൾ നടക്കുന്ന പ്രവൃത്തികൾ ശരിയല്ല. ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതും സമൂഹത്തിനിടയിൽ സംഘർഷം സൃഷ്ടിക്കുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു.

രാവിലെ ഏഴിനു തുറന്ന് രാത്രി 10 മണി പ്രവർത്തിക്കുന്ന രവർദാസ് നഗറിലെ സായ് ക്ഷേത്രത്തിൽ ദിവസവും നിരവധി സായിബാബ ഭക്തരാണ് പ്രാർഥനയ്ക്കായി എത്താറുള്ളതെന്നും സമർ ഘോഷ് ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച ദിവസങ്ങളിൽ 4,000 മുതൽ 5,000 വരെ ആളുകൾ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മതത്തെ രാഷ്ട്രീയാഭ്യാസത്തിനുള്ള കളരിയാക്കുന്ന ബിജെപിയുടെയും അവരുടെ കൂട്ടാളികളുടെയും നടപടി ദൗർഭാഗ്യകരമാണെന്ന് യുപി കോൺഗ്രസ് വക്താവ് മനീഷ് ഹിന്ദ്‌വി പ്രതികരിച്ചു. എല്ലാവരുടെയും എല്ലാ മതക്കാരുടെയും നന്മകളെ സ്വീകരിക്കുന്ന മതമാണ് സനാതന ധർമമെന്നും അദ്ദേഹം പറഞ്ഞു. മതഭ്രാന്തുമായി ക്ഷേത്രങ്ങളിൽനിന്നു വിഗ്രഹം നീക്കംചെയ്യാൻ നടന്നാൽ അത് രാജ്യതാൽപര്യത്തിനു ഗുണകരമാകില്ലെന്നും മനീഷ് ഹിന്ദ്‌വി വിമർശിച്ചു.

Summary: Hindu group removes Sai Baba statues from dozen UP temples

TAGS :

Next Story