താജ്മഹലിൽ ഗംഗാജലം ഒഴിച്ചു; ഹിന്ദു മഹാസഭാ പ്രവർത്തകർ പിടിയിൽ -വിഡിയോ
ഇരുവരും തേജോമഹാലയിൽ ഗംഗാജലം അർപ്പിക്കുകയായിരുന്നുവെന്ന് ഹിന്ദു മഹാസഭ
ആഗ്ര: താജ്മഹലിനുള്ളിൽ ഗംഗാജലം ഒഴിച്ച രണ്ട് അഖില ഭാരത് ഹിന്ദു മഹാസഭാ പ്രവർത്തകർ പിടിയിൽ. വിനേഷ് ചൗധരി, ശ്യാം കുമാർ എന്നിവരെയാണ് സി.ഐ.എസ്.എഫ് പിടികൂടി പൊലീസിലേൽപ്പിച്ചത്.
സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചെറിയ കുപ്പിയിലാണ് ഇവർ വെള്ളം കൊണ്ടുവന്നത്. ശവകുടീരത്തിനുള്ളിലെ വാതിലിലേക്ക് ഇവർ വെള്ളം ഒഴിക്കുന്നത് വിഡിയോയിൽ കാണാം. സംഭവത്തിൽ താജ്ഗഞ്ച് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഹിന്ദുമഹാസഭയിലെ അംഗങ്ങളായ ഇരുവരും തേജോമഹാലയിൽ ഗംഗാജലം അർപ്പിക്കുകയായിരുന്നുവെന്ന് അഖിലേന്ത്യാ ഹിന്ദു മഹാസഭാ വക്താവ് സഞ്ജയ് ജാട്ട് പറഞ്ഞു. താജ്മഹൽ ശിവക്ഷേത്രമായ തേജോ മഹാലയാണെന്നാണ് ഹിന്ദുത്വ വാദികളുടെ അവകാശവാദം.
നേരത്തേ കാവഡ് തീർഥാടകനും ഹിന്ദു മഹാസഭാ പ്രവർത്തകനുമായ മിറ റാത്തോഡ് ഗാംഗാ ജലവുമായി ഇവിടെ എത്തിയിരുന്നെങ്കിലും താജ്മഹലിനകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.
Adjust Story Font
16