Quantcast

സംഭലിന് പിന്നാലെ രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയിലും അവകാശവാദം ഉന്നയിച്ച് സംഘ്പരിവാർ

23,500 പേർക്ക് നമസ്കരിക്കാൻ സൗകര്യമുള്ള 850 വർഷത്തോളം പഴക്കമുള്ള മസ്ജിദിനെതിരെയാണ് സംഘപരിവാർ സംഘടന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-12-01 07:20:18.0

Published:

1 Dec 2024 7:15 AM GMT

Budaun Jama Masjid Shamsi
X

ബദായുൻ: സംഭലിലെ മസ്ജിദിന് പിന്നാലെ രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയിലും അവകാശവാദം ഉന്നയിച്ച് സംഘ്പരിവാർ. രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെയും വലുപ്പത്തിൽ ഏഴാമത്തെയും മസ്ജിദായ ഉത്തർപ്രദേശ് ബദായുനിയിലെ ശംസി ഷാഹി മസ്ജിദിനെതിരെയാണ് സംഘ്പരിവാർ രംഗത്തെത്തിയിരിക്കുന്നത്.

ഉത്തർപ്ര​ദേശിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകൾക്ക് നേരെ സംഘ്പരിവാറും ഹിന്ദുത്വ സംഘടനകളും ക്ഷേത്രമാണെന്ന് ആരോപണം ഉന്നയിക്കുന്നതിന്റെ തുടർച്ചയാണിത്. സംഭൽ ശാഹി മസ്ജിദിനെതിരെ ഹിന്ദുത്വ സംഘടനകൾ അവകാശവാദം ഉന്നയിക്കുകയും നിയമനടപടി ആരംഭിക്കുകയും കീഴ്ക്കോടതി സർവേ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാ​ലെയുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

അതിനിട​യിലാണ് 23,500 പേർക്ക് നമസ്കരിക്കാൻ സൗകര്യമുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദിന് നേരെ സംഘ്പരിവാർ ഉയർത്തിയ പുതിയ അവകാശവാദം വീണ്ടും ചർച്ചയാകുന്നത്. ​ബദായുനി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ശാഹി ​​മസ്ജിദ് നീലകണ്ഠ മഹാദേവ ക്ഷേത്രം പൊളിച്ചാണ് നിർമിച്ചതെന്നാണ് കോടതിയിൽ അഖില ഭാരതീയ ഹിന്ദുമഹാസഭ നൽകിയ സ്വകാര്യ ഹരജിയിലെ വാദം. പള്ളിയിൽ പൂജകൾ നടത്താൻ അനുവദിക്കണമെന്നും സർവേ നടത്താൻ ഉത്തരവിട​ണമെന്നുമാണ് സംഘടനയുടെ അവകാശവാദം. 2022 ലാണ് ഹിന്ദുമഹാസഭ നേതാവ് മുകേഷ് പട്ടേൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുന്നത്.

എന്നാൽ 850 വർഷത്തോളം പഴക്കമുള്ള പള്ളിയാണെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നില്ലെന്നും ശംസി ഷാഹി മസ്ജിദ് പരിപാലന കമ്മിറ്റിയുടെ അഭിഭാഷകൻ അസ്രാർ അഹമ്മദ് പറഞ്ഞു. ഹിന്ദുത്വസംഘടനയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കേസ് തള്ളണമെന്നും ശംസി ഷാഹി മസ്ജിദ് പരിപാലനകമ്മിറ്റി ആവശ്യപ്പെട്ടു. ​കേസിൽ മസ്ജിദ് പരിപാലനകമ്മിറ്റിയുടെയും വഖഫ് ബോർഡിന്റെ വാദങ്ങൾ പൂർത്തിയായി. കേസ് ഡിസംബർ 5 ന് പരിഗണിക്കും.

ദിവസങ്ങൾക്ക് മുമ്പ് ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗയിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടന രംഗത്തെത്തിയിരുന്നു. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു സേനയാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ദർഗ കമ്മിറ്റിക്ക് നോട്ടീസ് അയച്ചക്കുകയും ചെയ്തു.

ദർഗയിൽ എഎസ്‌ഐ സർവേ നടത്തണമെന്നാണ് പ്രധാന ആവശ്യം. ആരാധനക്ക് അനുമതി നൽകണമെന്നും ഹിന്ദുസേന ആവശ്യപ്പെട്ടു. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് തെളിയിക്കാൻ ഒരു പുസ്തകവും കോടതിയിൽ സമർപ്പിച്ചു. ഹിന്ദുസേന അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് കോടതിയെ സമീപിച്ചത്.

TAGS :

Next Story