Quantcast

യു.പിയില്‍ മുസ്‌ലിംകളെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാര്‍ക്കെതിരെ ആള്‍ക്കൂട്ട ആക്രമണം

അക്രമികളുടെ പരാതിയില്‍ ആക്രമണത്തിനിരയായ ഹരിയാന സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    14 July 2024 10:51 AM GMT

Three Hindu sadhus from Haryana attacked on suspicion of being Muslims in UPs Meerut
X

ലഖ്‌നൗ: മുസ്‌ലിംകളാണെന്ന് ആരോപിച്ച് ഹിന്ദു സന്യാസിമാര്‍ക്കുനേരെ ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം. ഹിന്ദു സന്യാസിമാരുടെ വേഷം മാറിയെത്തിയവരാണെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദനം. കഴിഞ്ഞ ദിവസം മീറത്തിലാണു സംഭവം.

ഹരിയാനയിലെ നാഥ് വിഭാഗക്കാരായ ഗൗരവ് കുമാര്‍, ഗോപിനാഥ്, സുനില്‍ കുമാര്‍ എന്നിവരാണ് ആക്രമണത്തിനിരയായത്. മീറത്തിലെ പ്രഹ്ലാദ് നഗറില്‍ ലിസാരി ഗേറ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഹിന്ദു സന്യാസിമാരുടെ വേഷത്തിലെത്തിയ മുസ്്‌ലിംകളാണ് ഇവരെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്നും ആരോപിച്ചായിരുന്നു ആക്രമണം നടന്നത്.

ഹനുമാന്‍ ചാലീസയും മറ്റ് ഹിന്ദു മന്ത്രങ്ങളും ചൊല്ലിച്ച ശേഷമായിരുന്നു ആക്രമണം. വടികളും ദണ്ഡുകളും ഉപയോഗിച്ച് പൊതിരെ മര്‍ദിച്ച് അവശരാക്കുകയായിരുന്നു ഇവരെ. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഇവര്‍ അലറിക്കരയുകയും ആക്രമണം നിര്‍ത്താന്‍ കേണപേക്ഷിക്കുകയും ചെയ്യുന്നതു കാണാം.

ആക്രമണത്തിനു പിന്നാലെ സന്യാസിമാര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിക്കുമ്പോഴാണ് ഹിന്ദു സമുദായക്കാരാണെന്നു വ്യക്തമാകുന്നത്. ഹരിയാനയിലെ യമുനനഗറിലുള്ള ജഗധ്രി സ്വദേശികളാണു മൂന്നുപേരും.

ഇതോടെ അക്രമികള്‍ക്കെതിരെ കേസടുത്തിരിക്കുകയാണ് പൊലീസ്. അക്രമികള്‍ ഒളിവില്‍ പോയതോടെ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

അതേസമയം, ഇവരെ തടവില്‍ പാര്‍പ്പിച്ചു മര്‍ദിച്ചെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് മീറ്റത്ത് പൊലീസ് എക്‌സില്‍ കുറിച്ചു. പൊലീസ് സംഭവസ്ഥലത്തെത്തി മൂന്നുപേരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചുണ്ട്. അന്വേഷണത്തില്‍ ഇവര്‍ ഹരിയാനയിലെ യമുനാനഗര്‍ സ്വദേശികളായ സന്യാസിമാരാണെന്ന് വ്യക്തമായെന്നും പൊലീസ് കുറിച്ചു.

Summary: Three Hindu sadhus from Haryana attacked on suspicion of being Muslims in UP's Meerut

TAGS :

Next Story