'ജാതി കാരണം ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു'; വെളിപ്പെടുത്തലുമായി കനകപീഠ മഠാധിപതി
കർണാടക ചിത്രദുർഗയിലെ ചരിത്രപ്രസിദ്ധമായ ചെന്നകേശവ ക്ഷേത്രത്തിൽ നേരിട്ട വിവേചനത്തെ കുറിച്ചാണ് കാഗിനെലെ കനകപീഠ മഠാധിപതി സ്വാമി ഈശ്വരാനന്ദപുരി മനസ്സുതുറന്നത്
ബംഗളൂരു: കീഴ്ജാതിക്കാരനായതിനാൽ കർണാടകയിലെ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചെന്നു പൂജാരി. കാഗിനെലെ കനകപീഠ മഠാധിപതി സ്വാമി ഈശ്വരാനന്ദപുരിയുടേതാണു വെളിപ്പെടുത്തൽ. കർണാടക ചിത്രദുർഗയിലെ ചരിത്രപ്രസിദ്ധമായ ചെന്നകേശവ ക്ഷേത്രത്തിലാണു വിവേചനം നേരിട്ടത്.
പിന്നാക്ക വിഭാഗക്കാരായ കുറുബ ഗൗഡ സമുദായക്കാരനാണ് ഈശ്വരാനന്ദപുരി. ഇന്നലെ ചിത്രദുർഗയിലെ സനെഹള്ളിയിൽ നടന്ന ഒരു ചടങ്ങിലാണു ജാതിവിവേചനത്തെക്കുറിച്ച് അദ്ദേഹം മനസ്സുതുറന്നത്. കുറുബ വിഭാഗക്കാരനായ ഒരു പൂജാരി പ്രവേശിച്ചതിന്റെ പേരിൽ ചിത്രദുർഗ ബഗുരുവിലുള്ള ചെന്നകേശവ ക്ഷേത്രം അടിച്ചുതെളിച്ച അനുഭവമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. താൻ ഒരു കാലത്തും ക്ഷേത്രത്തിൽ കാലുകുത്തുക പോലും ചെയ്യില്ലെന്നും ഈശ്വരാനന്ദപുരി പറഞ്ഞു.
വൈകുണ്ഠ ഏകാദശി നാളിൽ താൻ ക്ഷേത്രം സന്ദർശിച്ചിരുന്നു. പൂജയുമായി ബന്ധപ്പെട്ടുള്ള മുഴുവൻ സ്ത്രീകളെയും ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കു കടത്തിവിട്ടു. എന്നാൽ, മഠാധിപതി ആയിട്ടും പോലും തന്നെ അകത്തുകടക്കാൻ അനുവദിച്ചില്ലെന്നും സ്വാമി ഈശ്വരാന്ദപുരി വെളിപ്പെടുത്തി.
റിലീജ്യസ്, ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പായ മുസ്‌റായ്ക്കു കീഴിലാണ് ക്ഷേത്രമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറിയുമായിരുന്നെങ്കിൽ താനും പ്രതിഷേധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉഡുപ്പിയിലെ ഒരു ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പൂജാരിയായ കനകദാസ നടത്തിയ പ്രതിഷേധം സൂചിപ്പിച്ചായിരുന്നു ഈശ്വരാനന്ദപുരിയുടെ സംസാരം.
Summary: ''Denied entry into Chennakeshava temple's sanctum sanctorum due to caste'': Says Kaginele Kanaka mutt pontiff Eshwaranandapuri Swami
Adjust Story Font
16