Quantcast

'മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഹിന്ദുക്കൾ സുരക്ഷിതരല്ല'; വീണ്ടും വിദ്വേഷ പ്രസം​ഗവുമായി യോ​ഗി ആദിത്യനാഥ്

'ഉത്തർപ്രദേശിൽ മുസ്‌ലിംകളാണ് ഏറ്റവും സുരക്ഷിതർ. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ അവരും സുരക്ഷിതരാണ്'- ആദിത്യനാഥ് അവകാശപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    26 March 2025 8:56 AM

Published:

26 March 2025 7:08 AM

Hindus not safe among Muslim families says yogi adithyanath
X

ലഖ്നൗ: വീണ്ടും വിദ്വേഷ പ്രസംഗവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന മുസ്‍ലിം കുടുംബം സുരക്ഷിതരാണെന്നും എന്നാൽ മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ ഹിന്ദു കുടുംബങ്ങൾ സുരക്ഷിതരല്ലെന്നു‌‌മാണ് യോ​ഗി ആദിത്യനാഥിന്റെ വാദം. യുപിയിൽ‍ ഏറ്റവും സുരക്ഷിതർ ന്യൂനപക്ഷങ്ങളാണെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

'100 ഹിന്ദു കുടുംബങ്ങൾക്കിടയിൽ താമസിക്കുന്ന ഒരു മുസ്‍ലിം കുടുംബം സുരക്ഷിതരാണ്. മതപരമായ കർമങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ, 100 മുസ്‌ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദു കുടുംബങ്ങൾ സുരക്ഷിതരാണോ?- അല്ല. ബം​ഗ്ലാദേശ് ഒരു ഉദാഹരണമാണ്. അതിനു മുമ്പ് പാകിസ്താനും'- യോഗി പറയുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിനുശേഷം, ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ 2017ന് ശേഷം യുപിയിൽ കലാപമുണ്ടായിട്ടില്ലെന്ന് യോ​ഗി അവകാശപ്പെട്ടു.

യുപിയിൽ തന്റെ നേതൃത്വത്തിലുള്ള സർക്കാർ എട്ട് വർഷം പൂർത്തിയാക്കി. 2017ൽ ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം ഉത്തർപ്രദേശിലെ വർഗീയ കലാപങ്ങൾ അവസാനിച്ചു. ഒരു യോഗി എന്ന നിലയിൽ താൻ എല്ലാവരുടെയും സന്തോഷമാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

'ഉത്തർപ്രദേശിൽ മുസ്‌ലിംകളാണ് ഏറ്റവും സുരക്ഷിതർ. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ അവരും സുരക്ഷിതരാണ്. 2017ന് മുമ്പ് യുപിയിൽ കലാപങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഹിന്ദുവിന്റെ കടകൾ കത്തിച്ചിരുന്നെങ്കിൽ, മുസ്‌ലിംകളുടെ കടകളും കത്തുമായിരുന്നു. ഹിന്ദുവിന്റെ വീടുകൾ കത്തുന്നുണ്ടെങ്കിൽ, മുസ്‌ലിംകളുടെ വീടുകളും കത്തുമായിരുന്നു. എന്നാൽ 2017ന് ശേഷം കലാപം നിലച്ചു'- ആദിത്യനാഥ് പറ‍ഞ്ഞു.

അതേസമയം, നിരവധി സംസ്ഥാനങ്ങളിൽ വർധിച്ചുവരുന്ന ക്ഷേത്ര- പള്ളി തർക്കങ്ങളെക്കുറിച്ച് പരാമർശിക്കവേ, ഹിന്ദു സ്ഥലങ്ങളിൽ പള്ളികൾ നിർമിക്കുന്നത് എന്തിനാണെന്നായിരുന്നു ആദിത്യനാഥിന്റെ ചോദ്യം. അത് ഇസ്‌ലാമിക തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ആദിത്യനാഥ് പറഞ്ഞു.

സംഭലിൽ നിലവിലുള്ള എല്ലാ ക്ഷേത്രങ്ങളും സർക്കാർ പുനരുജ്ജീവിപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. 64 തീർഥാടന കേന്ദ്രങ്ങൾ സംഭലിലുണ്ട്. അതിൽ 54 എണ്ണം ഞങ്ങൾ കണ്ടെത്തി. എന്തായാലും, ഞങ്ങൾ അത് കണ്ടെത്തും. സംഭലിൽ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ ലോകത്തോട് പറയും- ആദിത്യനാഥ് കൂട്ടിച്ചേർത്തു.

TAGS :

Next Story