Quantcast

ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ ചടങ്ങില്‍ ഇരച്ചുകയറി ഹിന്ദുത്വ സംഘത്തിന്‍റെ ആക്രമണം; കുരിശുരൂപം തകര്‍ത്തു

ഉത്തരാഖണ്ഡില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന മതപരിവര്‍ത്തനം തടയാന്‍ വേണ്ടി പ്രവര്‍ത്തകര്‍ സ്വയം സംഘടിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഡെറാഡൂണ്‍ വി.എച്ച്.പി നേതാവ് വികാസ് വര്‍മ പ്രതികരിച്ചത്

MediaOne Logo

Web Desk

  • Published:

    17 July 2024 9:44 AM GMT

Hindutva mob attacks Christian prayer meet in Dehradun and vandalises crucifix
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ ചടങ്ങില്‍ ഇരച്ചുകയറി ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികളെ അക്രമികള്‍ മര്‍ദിക്കുകയും മുറിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ക്കുകയും ചെയ്തു. മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് 'ന്യൂസ്‌ലോണ്ട്രി' റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണു സംഭവം. നഗരത്തോട് ചേര്‍ന്നുള്ള നെഹ്‌റു കോളനിയിലെ ഒരു വീട്ടില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ് അക്രമികള്‍ ഇരച്ചെത്തിയത്. വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. ക്രിസ്ത്യന്‍ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയ ശേഷം മുറിയിലുണ്ടായിരുന്ന കുരിശ് ഉള്‍പ്പെടെ തകര്‍ത്തു. സ്ഥലത്തുണ്ടായിരുന്നവരെയെല്ലാം ആക്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ദേവേന്ദ്ര ധോബാല്‍, ബിജേന്ദ്ര തപ, സധീര്‍ തപ, സഞ്ജീവ് പോള്‍, സുധീര്‍ പോള്‍, ധിരേന്ദ്ര ധോബാല്‍, അര്‍മാന്‍ ധോബാല്‍, ആര്യമാന്‍ ധോബാല്‍, അനില്‍ ഹിന്ദു, ഭൂപേഷ് ജോഷി, ബിജേന്ദ്ര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബി.എന്‍.എസില്‍ കലാപമുണ്ടാക്കല്‍, അതിക്രമിച്ചുകയറല്‍, മതവികാരം വ്രണപ്പെടുത്തല്‍, കലാപമുണ്ടാക്കല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഇതുവരെയും ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല.

വൈദികനായ രാജേഷ് ഭൂമിയുടെയും ഭാര്യ ദീക്ഷ പോളിന്റെയും വീട്ടിലാണ് ആക്രമണം നടന്നത്. എല്ലാ ഞായറാഴ്ചയും ഇവരുടെ വീട്ടില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കാറുണ്ട്. ഇവിടെ ആക്രമണത്തിനു നേതൃത്വം നല്‍കിയ ദേവേന്ദ്ര ധോബാല്‍ മുന്‍ സൈനികനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമാണെന്നാണ് ഫേസ്ബുക്കില്‍ അവകാശപ്പെടുന്നത്. ഉത്തരാഖണ്ഡില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന മതപരിവര്‍ത്തനം തടയാന്‍ വേണ്ടി പ്രവര്‍ത്തകര്‍ സ്വയം സംഘടിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഡെറാഡൂണ്‍ വി.എച്ച്.പി നേതാവ് വികാസ് വര്‍മ പ്രതികരിച്ചത്.

വീടിന്റെ പുറത്ത് ബഹളമുണ്ടാക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോഴാണ് അക്രമികള്‍ ഇരച്ചുകയറിയതെന്നാണ് ദീക്ഷാ പോള്‍ പ്രതികരിച്ചത്. എന്തു പ്രശ്‌നമുണ്ടെങ്കിലും ഇരുന്ന് സംസാരിച്ചു പരിഹാരം കണ്ടെത്താമെന്ന് പറഞ്ഞുനോക്കിയെങ്കിലും ഇവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഞങ്ങളുടെ മതക്കാര്‍ രക്തം കുടിക്കുന്നവരാണെന്നും സ്ത്രീകള്‍ സിന്ദൂര്‍ ഇടാറില്ലെന്നുമെല്ലാം പറഞ്ഞ് ഇവര്‍ ആക്ഷേപം തുടര്‍ന്നു. തുടര്‍ന്നായിരുന്നു അതിക്രമമെന്നും ദീക്ഷ വെളിപ്പെടുത്തി.

വീട്ടില്‍ മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് നെഹ്‌റു കോളനി പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനായ സത്ബീര്‍ സിങ് പ്രതികരിച്ചു. ഹിന്ദുത്വ സംഘടനകളില്‍പെട്ട അക്രമികള്‍ ആളുകളോട് മോശമായി പെരുമാറുകയും വീടില്‍ അതിക്രമം നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. പൊലീസ് സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും സത്ബീര്‍ സിങ് വ്യക്തമാക്കി.

Summary: Hindutva mob attacks Christian prayer meet in Dehradun, vandalises crucifix

TAGS :

Next Story