ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സൈനികമാതൃകയിൽ ആയുധ പരിശീലന ക്യാമ്പുകളുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ; തോക്കേന്തി കുട്ടികളും
മധ്യപ്രദേശിലെ സെഹോർ നഗരത്തിൽ വിവിധ ആയുധങ്ങളുടെ പരിശീലനത്തിന് ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പാണ് അടുത്തിടെ നടന്നത്.
ഭോപ്പാൽ/ലഖ്നൗ: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരസ്യ ആയുധ പരിശീലന ക്യാമ്പുകളുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ. യുപി, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ തോക്കുകളടക്കം ഉപയോഗിച്ച് നടത്തുന്ന സൈനിക മാതൃകയിലുള്ള ആയുധ പരിശീലനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ചൂണ്ടിക്കാട്ടുന്ന മാധ്യമ- ഗവേഷണ സംരംഭമായ ഹിന്ദുത്വ വാച്ച് ആണ് ആയുധപരിശീലന ദൃശ്യങ്ങൾ തങ്ങളുടെ സോഷ്യൽമീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ആർഎസ്എസ് പോഷകസംഘടനകളായ വിശ്വഹിന്ദു പരിഷത്തും അതിന്റെ യുവജന സംഘടനയായ ബജ്രംഗ്ദളും അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തുമാണ് വിവിധയിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചത്. മധ്യപ്രദേശിലെ സെഹോർ നഗരത്തിൽ, വിവിധ ആയുധങ്ങളുടെ പരിശീലനത്തിന് ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പാണ് അടുത്തിടെ നടന്നത്. പുറത്തുവന്ന വീഡിയോകളിൽ നിരവധി അംഗങ്ങൾ റൈഫിളുകൾ പിടിച്ച് പരിപാടിയിൽ പങ്കെടുക്കുന്നത് കാണാം.
ഓരോ പലിശീലന ക്യാമ്പിലും നൂറുകണക്കിന് പേരാണ് പങ്കെടുക്കുന്നത്. സെഹോർ നഗരത്തിലും മണ്ഡല മേഖലയിലും തോക്കുകളും വടികളും പിടിച്ച് തെരുവുകളിൽ സൈനിക മാതൃകയിലുള്ള മാർച്ചുകളും ബജ്‌റംഗ്ദൾ സംഘടിപ്പിച്ചു. കാവിക്കൊടികളും ഇവരുടെ കൈയിൽ കാണാം. ഗുജറാത്തിലെ സാബർകാണ്ഠയിൽ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്താണ് ആയുധപരിശീലനം നൽകിയത്.
ഒരു ഗ്രൗണ്ടിൽ നടക്കുന്ന ആയുധ പരിശീലനത്തിൽ കുട്ടികളും റൈഫിളുകൾ ഉൾപ്പെടെ ഉപയോഗിക്കാനുള്ള ക്യാമ്പിൽ പങ്കെടുക്കുന്നത് കാണാം. മെയ് 30ന് ഉത്തർപ്രദേശിലെ ലഖിംപൂരിലാണ് ആയുധങ്ങളുമേന്തി നഗരത്തിലൂടെ ബജ്രംഗ്ദൾ പരസ്യമായി മാർച്ച് സംഘടിപ്പിച്ചത്. വിദ്വേഷ- പ്രകോപന മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്.
നേരത്തെ, മെയ് 18ന് ബജ്രംഗ്ദൾ പ്രവർത്തകർ ഛത്തീസ്ഗഢിലെ റായ്പൂർ നഗരത്തിലൂടെ ആയുധങ്ങളേന്തിയും വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർത്തിയും നടത്തിയ മാർച്ചിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വടികളും വാളുകളും കാവിക്കൊടികളുമേന്തിയായിരുന്നു മാർച്ച്. മറ്റൊരു വീഡിയോയിൽ, ഹിന്ദുത്വവാദികൾ കാവി ഷാൾ ധരിച്ച് കൈയിൽ വടിയും വാളുകളും കാവിക്കൊടികളും പിടിച്ച് പൊലീസ് സംരക്ഷണത്തിൽ മാർച്ച് ചെയ്യുന്നതും കാണാം.
നൂറുകണക്കിന് പ്രവർത്തകരാണ് വെള്ളയും ചാരനിറവുമുള്ള യൂണിഫോമണിഞ്ഞ് കൈയിൽ ആയുധങ്ങളും പിടിച്ച് നഗരത്തിലൂടെ മാർച്ച് ചെയ്തത്. രണ്ട് നേതാക്കൾ ഏറ്റവും മുന്നിൽ തുറന്ന കാറിലും അണികൾ പിന്നിലായിട്ടുമായിരുന്നു മാർച്ച്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് ഇത്തരം ആയുധപരിശീലനങ്ങൾ തുടരുന്നത്. പാസ്റ്റർമാർക്കെതിരായ ആക്രമണങ്ങൾ, മതപരിവർത്തന ആരോപണങ്ങൾ, വർഗീയ സംഘർഷങ്ങൾ എന്നിവയും റായ്പൂരിൽ റിപ്പോർട്ട് ചെയ്തിരുന്നു.
വിഎച്ച്പി വനിതാ വിഭാഗമായ ദുർഗാവാഹിനിയുടെ 500ലധികം പ്രവർത്തകർ മധ്യപ്രദേശിലെ ഉജ്ജൈനിയിലെ നഗ്ദ ഏരിയയിൽ വടി, തോക്കുകൾ, വാളുകൾ എന്നിവയുമായി തെരുവുകളിൽ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മെയ് അവസാന ദിവസങ്ങളിൽ, ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ രാംസനേഹി ഘട്ടിലും വടികൾ, വാളുകൾ, തോക്കുകൾ എന്നിവയുമായി ദുർഗാവാഹിനി പ്രവർത്തകർ തെരുവിൽ മാർച്ച് ചെയ്തിരുന്നു.
മെയ് 29ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് നേതാവ് മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുപിയിലെ ബറേലി നഗരത്തിൽ ഹിന്ദുത്വ പ്രവർത്തകർക്കുള്ള ആയുധ പരിശീലന ക്യാമ്പ് നടന്നത്. തോക്കുകൾ പിടിച്ച് മുന്നിലിരിക്കുന്ന യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇയാൾ വിദ്വേഷ പരാമർശങ്ങൾ നടത്തുകയും മുസ്‌ലിംകൾക്കെതിരെ ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Adjust Story Font
16