ഡൽഹി വേൾഡ് ബുക്ക് ഫെയറിൽ ബൈബിൾ വിതരണം തടഞ്ഞു; ക്രിസ്ത്യൻ സ്റ്റാളിൽ ഹിന്ദുത്വ പ്രതിഷേധം
സ്റ്റാളിനുനേരെ ആക്രമണം നടന്നതിനോ പുസ്തകങ്ങൾ നശിപ്പിച്ചതിനോ തെളിവില്ലെന്നും പരാതിയില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്നും പൊലീസ് പ്രതികരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറി(എൻ.ഡി.ഡബ്ല്യു.ബി.എഫ്)നിടെ ക്രിസ്ത്യൻ സ്റ്റാളിനെതിരെ ഹിന്ദുത്വ പ്രതിഷേധം. ബൈബിൾ വിതരണം ചെയ്യുന്നുവെന്നും ഹിന്ദുക്കളെ വലയിലാക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. വിവിധ ഹിന്ദുത്വ സംഘങ്ങളുടെ നേതൃത്വത്തിൽ സ്റ്റാളിലെ ബൈബിൾ വിതരണം തടഞ്ഞു.
ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്താണ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. മേളയിലുള്ള 'ഗിഡിയൻസ് ഇന്റർനാഷനൽ' എന്ന ക്രിസ്ത്യൻ സംഘടനയുടെ സ്റ്റാളിലാണ് ബൈബിൾ സൗജന്യമായി വിതരണം ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം സ്റ്റാളിലേക്ക് ഒരു സംഘം സംഘടിച്ചെത്തുകയായിരുന്നു. 'ജയ് ശ്രീറാം' മുഴക്കി സംഘം സ്റ്റാളിലേക്ക് ഇരച്ചുകയറുകയും ബൈബിൾ വിതരണം തടയുകയും ചെയ്തു.
ഹിന്ദു യുനൈറ്റഡ് ഫ്രണ്ട് അടക്കമുള്ള സംഘടനാ നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. ക്രിസ്ത്യൻ മിഷനറിമാരും സംഘടനകളും ഹിന്ദുക്കളെ വലയിലാക്കുകയാണെന്ന് സംഭവത്തോട് പ്രതികരിച്ച് വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) പ്രതികരിച്ചു. ബുക്ക് ഫെയറിൽ പ്രതിഷേധിച്ച പ്രവർത്തകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് വി.എച്ച്.പി വക്താവ് വിനോദ് ബൻസൽ പ്രതികരിച്ചു.
സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് ഒരു പ്രശ്‌നമല്ല. ഇതൊരു മനോഭാവത്തിന്റെ പ്രശ്‌നമാണ്. ഇങ്ങനെയാണ് അവർ (പുസ്തകങ്ങൾ) വിതരണം ചെയ്ത് ജനങ്ങളെ പറ്റിക്കുകയും മറ്റു മതങ്ങളെ കരിവാരിത്തേക്കുകയും ചെയ്യുന്നത്. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്നും ബൻസൽ കൂട്ടിച്ചേർത്തു.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പുസ്തക മേള സംഘാടകരും ക്രിസ്ത്യൻ സംഘടനയും തങ്ങൾക്ക് പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു. സ്റ്റാളിനുനേരെ ആക്രമണം നടന്നതിനോ പുസ്തകങ്ങൾ നശിപ്പിച്ചതിനോ തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി.
1899ൽ സ്ഥാപിതമായ ക്രിസ്ത്യൻ മതപ്രബോധന സംഘമാണ് ഗിഡിയൻസ് ഇന്റർനാഷനൽ. സൗജന്യമായി ബൈബിൾ വിതരണം ചെയ്യുന്നതാണ് സംഘടനയുടെ പ്രധാന പ്രവർത്തനം. ഡൽഹി ബുക്ക് ഫെയറിലെ പ്രതിഷേധത്തെക്കുറിച്ച് സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല.
Summary: Hindutva protest against free distribution of Bibles at the ongoing New Delhi World Book Fair (NDWBF)
Adjust Story Font
16