Quantcast

'ബിഹാറിൽ അദ്ദേഹത്തിന്റെ സർക്കാർ തുടച്ചുനീക്കപ്പെട്ടു, 2024ലും അതുതന്നെ സംഭവിക്കും'; അമിത് ഷാക്ക് ലാലുവിന്റെ മറുപടി

നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നാളെ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായാണ് നേതാക്കൾ ഡൽഹിയിലെത്തുന്നത്.

MediaOne Logo

Web Desk

  • Published:

    24 Sep 2022 1:02 PM GMT

ബിഹാറിൽ അദ്ദേഹത്തിന്റെ സർക്കാർ തുടച്ചുനീക്കപ്പെട്ടു, 2024ലും അതുതന്നെ സംഭവിക്കും; അമിത് ഷാക്ക് ലാലുവിന്റെ മറുപടി
X

പട്‌ന: ബിജെപി റാലിയിൽ ആർജെഡി-ജെഡിയു സഖ്യത്തിനെതിരെ വിമർശനമുന്നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മറുപടിയുമായി ലാലു പ്രസാദ് യാദവ്. ബിഹാറിൽ അമിത് ഷായുടെ സർക്കാർ തുടച്ചുനീക്കപ്പെട്ടെന്നും 2024ൽ രാജ്യത്തും അതുതന്നെ സംഭവിക്കുമെന്നും ലാലു പറഞ്ഞു.

''അദ്ദേഹത്തിന്റെ സർക്കാർ ബിഹാറിൽനിന്ന് തുടച്ചുനീക്കപ്പെട്ടു. 2024ലും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. അതുകൊണ്ട് അദ്ദേഹം ഓടിനടന്ന് 'ജംഗിൾ രാജ്' പോലുള്ള പ്രസ്താവനകൾ നടത്തുകയാണ്. ഗുജറാത്തിലായിരുന്നപ്പോൾ അദ്ദേഹം എന്താണ് ചെയ്തത്? അദ്ദേഹം അവിടെയുണ്ടായിരുന്നപ്പോൾ അത് ജംഗിൾ രാജ് ആയിരുന്നു''- ലാലു പറഞ്ഞു.

വെള്ളിയാഴ്ചയാണ് അമിത് ഷാ ബിജെപി റാലിയിൽ പങ്കെടുത്തത്. ബിജെപിയെ പിന്നിൽനിന്ന് കുത്തിയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായതെന്നും ഇങ്ങനെയെല്ലാം ചെയ്താൽ പ്രധാനമന്ത്രിയാവാമെന്ന് അദ്ദേഹം കരുതുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു. ആർജെഡി-ജെഡിയു സർക്കാർ അധികാരത്തിലെത്തിയതോടെ ബിഹാർ ജംഗിൾ രാജിലേക്ക് തിരിച്ചുപോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

നിതീഷ് കുമാറും ലാലു പ്രസാദ് യാദവും നാളെ ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായാണ് നേതാക്കൾ ഡൽഹിയിലെത്തുന്നത്.

നിതീഷ് കുമാറും ലാലുവും സോണിയാ ഗാന്ധിയെ കാണുമെന്നും പ്രതിപക്ഷ ഐക്യത്തിനായി തങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. 2024ൽ ബിജെപിയെ പരാജയപ്പെടുത്താനാവുമോ എന്ന ചോദ്യത്തിന് ബിജെപിയുടെ വേരറുക്കുമെന്നായിരുന്നു ലാലുവിന്റെ മറുപടി. ഇത് എത്ര തവണ നിങ്ങളോട് പറയണമെന്നും അദ്ദേഹം ചോദിച്ചു.

TAGS :

Next Story