പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ രണ്ടുപേരുടെ വീടുകൾ തകർത്തു; മുന്നറിയിപ്പെന്ന് പൊലീസ്
പശുക്കടത്തുകാർക്കുള്ള മുന്നറിയിപ്പാണ് ഇതെന്ന് നൂഹ് ജില്ലാ പൊലീസ് സൂപ്രണ്ട് വരുൺ സിംഗ്ല പറഞ്ഞു.
ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹ് ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് രണ്ടുപേരുടെ വീടുകൾ പൊലീസ് തകർത്തു. മുബാറക്ക് ഇല്യാസ് തന്ന, ഖാലിദ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഇത് പശുക്കടത്തുകാർക്കുള്ള തങ്ങളുടെ മുന്നറിയിപ്പാണെന്ന് നൂഹ് ജില്ലാ പൊലീസ് സൂപ്രണ്ട് വരുൺ സിംഗ്ല പറഞ്ഞു.
നഗരാസൂത്രണ വകുപ്പിന്റെ ചട്ടങ്ങൾ ലംഘിച്ചാണ് മുബാറക്ക് വീട് നിർമിച്ചതെന്നും പശുക്കടത്ത് കൂടാതെ മോഷണം, കൊള്ള, കവർച്ച തുടങ്ങി 10 കേസുകളിൽ മുബാറക്ക് പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഗുരുഗ്രാം, റോഹ്തക്, നൂഹ്, തൗറു സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഖാലിദിനെതിരെ മോഷണം, പശുക്കടത്ത് തുടങ്ങി അഞ്ച് കേസുകളുണ്ടെന്നും 2011ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം തന്റെ വീട് എല്ലാ നിയമങ്ങളും പാലിച്ച് നിർമിച്ചതാണെന്ന് ഖാലിദ് പറഞ്ഞു. ''വീട് അനധികൃതമായി നിർമിച്ചതാണെന്ന് കാണിച്ച് മെയ് ഒമ്പതിനാണ് എനിക്ക് നോട്ടീസ് ലഭിച്ചത്. ഇതിനെതിരെ എല്ലാ രേഖകളുമായി കോടതിയെ സമീപിച്ചിരുന്നു. എന്റെ പിതാമഹനാണ് ഈ വീട് നിർമിച്ചത്. എന്റെ പിതാവ് ആറ് മുറികൾ കൂട്ടിച്ചേർത്ത് അത് പുനർനിർമിച്ചു. ഞാൻ അതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. വ്യാഴാഴ്ച ഞാൻ വീട്ടിൽ ഇല്ലാത്ത സമയത്താണ് അവർ വീട് തകർത്തുകളഞ്ഞത്''-ഖാലിദ് പറഞ്ഞു.
Adjust Story Font
16