വിജയത്തിനരികെ; തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ നാളെയോടെ പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷ
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ച് രക്ഷാപ്രവർത്തനത്തിന്‍റെ പുരോഗതി വിലയിരുത്തി
രക്ഷാപ്രവര്‍ത്തനത്തിന്‍റെ ദൃശ്യങ്ങള്‍
ഉത്തരകാശി: ഉത്തരകാശി ടണൽ അപകടത്തിൽ രക്ഷാപ്രവർത്തനം പതിനൊന്നാം ദിവസവും പുരോഗമിക്കുന്നു. മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ നാളെ തന്നെ 41 തൊഴിലാളികളെ പുറത്ത് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ച് രക്ഷാപ്രവർത്തനത്തിന്‍റെ പുരോഗതി വിലയിരുത്തി.
മണിക്കൂറിൽ 5 മീറ്റർ വരെ തുരക്കാൻ കഴിയുന്ന ഓഗർ മെഷീൻ ആണ് സിൽക്യാര തുരങ്ക കവാടത്തിൽ രക്ഷാ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നത്. 90 സെൻ്റിമീറ്റർ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കുന്നത് തടസപ്പെട്ട സാഹചര്യത്തിൽ 80 സെൻ്റിമീറ്റർ വ്യാസമുള്ള പൈപ്പ് ടെലിസ്കോപ്പിക് രീതിയിൽ കടത്തിവിട്ടാണ് ഇന്ന് ദൗത്യം പുനരാരംഭിച്ചത്. ഇത് വരെ 40 മീറ്റർ ദൈർഘ്യത്തിൽ തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. ശേഷിക്കുന്ന 15 മീറ്റർ ദൂരം തുരന്ന് ഇന്ന് തന്നെ തൊഴിലാളികൾക്ക് അടുത്തേക്ക് പൈപ്പ് സ്ഥാപിക്കാനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്. മറ്റ് തടസങ്ങൾ ഉണ്ടായില്ലെങ്കിൽ 36 മണിക്കൂറുകൾ കൊണ്ട് തൊഴിലാളികൾ പുറത്തെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇന്നലെ ഫലവർഗങ്ങൾ ആണ് ഭക്ഷണമായി നൽകാൻ സാധിച്ചത് എങ്കിൽ ഇന്ന് പാകം ചെയ്ത ആഹാര സാധനങ്ങൾ തൊഴിലാളികൾക്ക് എത്തിച്ച് നൽകാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികളെ പുറത്ത് എത്തിച്ചാൽ വൈദ്യ സഹായത്തിനായി ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ 20 ആംബുലൻസുകളും തുരങ്ക കവാടത്തിൽ സജ്ജമാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതികൂല സാഹചര്യം ഉണ്ടായാൽ പുറത്ത് കടക്കാനുള്ള മാര്‍ഗത്തിൻ്റെ നിർമാണവും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൻ്റെ പുരോഗതിയിൽ വിദഗ്ധർ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
തുരങ്കത്തിൻ്റെ മുകളിൽ നിന്നും മറ്റൊരു രക്ഷാമാർഗം ഒരുക്കാനുള്ള ശ്രമങ്ങളും പൂർത്തിയായി. ഇവിടേക്ക് ഉപകരണങ്ങൾ കൊണ്ട് വരാനുള്ള റോഡിൻ്റെ നിർമാണം ഇന്നലെ രാത്രിയോടെ ബിആർഒ പൂർത്തിയാക്കി. ടണലിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെ ഫോണിൽ ബന്ധപ്പെട്ട പ്രധാനമന്ത്രി അറിയിച്ചു.
Adjust Story Font
16