മണിക്കൂറുകൾ നീണ്ട് പവർകട്ടുകൾ, ഉപയോഗശൂന്യമായി ഹീറ്ററുകൾ; വിറകും കൽക്കരിയും വാങ്ങിക്കൂട്ടി കശ്മീരികൾ
വൈദ്യുതി സുലഭമായി ലഭിച്ചുതുടങ്ങിയതോടെ പല വീടുകളിൽ നിന്നും ചൂടിനായുള്ള പരമ്പരാഗത സംവിധാനങ്ങൾ ഒഴിവാക്കിയിരുന്നു
ശ്രീനഗർ: ഈയടുത്ത കാലത്തെ ഏറ്റവും വലിയ ശൈത്യമാണ് നിലവിൽ കശ്മീരിൽ. കാലാവസ്ഥ മൈനസ് എട്ട് ഡിഗ്രിക്ക് താഴെ എത്തിക്കഴിഞ്ഞിട്ടുണ്ട്. അതിശൈത്യത്തോടൊപ്പം 12 മുതൽ 16 മണിക്കൂറുകൾ വരെ നീളുന്ന പവർകട്ടുകളും വീടുകളിലെ വൈദ്യുതി ഹീറ്ററുകളെ ഉപയോഗശൂന്യമാക്കിയതോടെ പരമ്പരാഗത രീതികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് കശ്മീരികൾ. ശൈത്യകാലത്തെ നേരിടാൻ വൈദ്യുതഹീറ്ററുകൾ കശ്മീരികൾ ഉപയോഗിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലം മാത്രമേ ആയിട്ടുള്ളു. എന്നാൽ വർധിച്ചുവരുന്ന പവർകട്ടുകൾ ഈ വൈദ്യുത ഉപകരണങ്ങളെ ഉപയോഗശൂന്യമാക്കിക്കഴിഞ്ഞു. പല വീടുകളിലും വെള്ളം പൈപ്പുകൾക്കകത്ത് തന്നെ ഉറഞ്ഞിട്ടുണ്ട്.
വൈദ്യുതി സുലഭമായി ലഭ്യമായതോടെ വീടുകൾ ചൂടാക്കി നിർത്താനായി പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന രീതികൾ കശ്മീരികൾ ഉപേക്ഷിച്ചിരുന്നു. വിറക് കത്തിച്ച് ഉപയോഗിക്കുന്ന ഹമാം കുളിമുറികളും, ബുഖാരി നെരിപ്പോടുകളും കനൽ നിറച്ച് കൊണ്ടുനടക്കുന്ന കങ്ക്രി കളിമൺ പാത്രങ്ങളുമാണ് നിലവിൽ കശ്മീരികൾ ചൂടിനായി ഉപയോഗിക്കുന്ന സംവിധാനങ്ങൾ.
വിപണിയിൽ എൽപിജിക്കും മണ്ണെണ്ണയ്ക്കും ക്ഷാമമായതോടെ വിറകിനും കൽക്കരിക്കും ഇവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരമ്പരാഗത ചൂടുണ്ടാക്കൽ സംവിധാനങ്ങൾക്കും ഡിമാന്റ് പതിൻമടങ്ങ് വർധിച്ചുകഴിഞ്ഞു.
തങ്ങൾ പവർകട്ടുകൾ നടത്തുന്നുണ്ടെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അത് 16 മണിക്കൂറുകളൊന്നും നീളാറില്ലെന്നാണ് വൈദ്യുതവകുപ്പിന്റെ പ്രതികരണം. തണുപ്പുകാലത്ത് വൈദ്യുതി ഉപഭോഗം പതിൻമടങ്ങായി വർധിക്കുന്നു. ഇത് ട്രാൻഫോമറുകളിൽ ഓവർലോഡുണ്ടാക്കുന്നു. ഇത് നിയന്ത്രിക്കാനായാണ് പവർകട്ടുകൾ നടത്തുന്നതെന്നും വൈദ്യുതവകുപ്പ് വ്യക്തമാക്കി. എന്നാൽ പലപ്പോഴും ഓവർലോഡ് കാരണം ട്രാൻസ്‌ഫോമറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും തകരാറിലാവുന്നു. ഇത് നന്നാക്കാൻ നിൽക്കുന്നതാണ് പവർകട്ടുകളുടെ ദൈർഘ്യം വർധിപ്പിക്കുന്നതിന് കാരണമാവുന്നതെന്നും വകുപ്പ് കൂട്ടിച്ചേർത്തു.
ട്രാൻഫോമറുകൾ വഴി വൈദ്യുത തടസം ഒഴിവാക്കാൻ അനേകം ട്രാൻസ്‌ഫോമറുകളെ ബന്ധിപ്പിക്കുന്ന ട്രാൻസ്‌ഫോമർ ബാങ്ക് എന്ന രീതി സ്വീകരിക്കുന്നുണ്ടെങ്കിലും ശൈത്യകാലത്ത് ട്രാൻസ്‌ഫോമറുകൾ കേടാവുന്നത് ക്രമാതീതമായി വർധിക്കുന്നു.
പല റോഡുകളും മഞ്ഞ് വീണ് മൂടിയതിനാൽ കേടായ ട്രാൻസ്‌ഫോമറുകൾ നന്നാക്കാനും ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
Adjust Story Font
16