ഉജ്ജയിൻ പീഡനം: പ്രതി ഭരത് സോണിയുടെ വീട് നാളെ പൊളിക്കും
സർക്കാർ ഭൂമിയിലുള്ള വീട്ടിലാണ് നിരവധി വർഷങ്ങളായി പ്രതി ഭരത് സോണിയുടെ കുടുംബം താമസിക്കുന്നതെന്ന് ഉജ്ജയിൻ മുൻസിപ്പൽ കമ്മീഷണർ റോഷൻ സിങ് പറഞ്ഞു.
ഭോപാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 15-കാരിയെ ബലാത്സംഗം ചെയ്ത പ്രതി ഭരത് സോണിയുടെ വീട് നാളെ പൊളിക്കും. വീട് സർക്കാർ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊളിക്കാൻ തീരുമാനിച്ചതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടി അർധനഗ്നയായ നിലയിൽ രക്തമൊലിപ്പിച്ച് നിരവധി വീടുകളിൽ സഹായം തേടിയെങ്കിലും ആരും സഹായിക്കാൻ തയ്യാറായിരുന്നില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ ജനരോഷമുയർന്നിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതിയെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സർക്കാർ ഭൂമിയിലുള്ള വീട്ടിലാണ് നിരവധി വർഷങ്ങളായി ഇയാളുടെ കുടുംബം താമസിക്കുന്നതെന്ന് ഉജ്ജയിൻ മുൻസിപ്പൽ കമ്മീഷണർ റോഷൻ സിങ് പറഞ്ഞു. സർക്കാർ ഭൂമിയായതിനാൽ വീട് പൊളിക്കാൻ നോട്ടീസ് നൽകേണ്ട ആവശ്യമില്ല. പൊലീസിന്റെ സഹായത്തോടെ നാളെ വീട് പൊളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
700 സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. 30-35 പേരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. മൂന്നു നാല് ദിവസം ആരും ഉറങ്ങിയിരുന്നില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അജയ് വർമ പറഞ്ഞു.
പ്രതിക്ക് വധശിക്ഷ നൽകണമെന്ന് അദ്ദേഹത്തിന്റെ പിതാവായ രാജു സോണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ഇത് ലജ്ജാകരമായ പ്രവൃത്തിയാണ്. ഞാൻ അവനെ കാണാൻ ആശുപത്രിയിൽ പോയിട്ടില്ല. പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പോകില്ല. എന്റെ മകൻ വലിയൊരു കുറ്റം ചെയ്തു. അതിനാൽ അവനെ തൂക്കിക്കൊല്ലണം. അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ജീവിക്കാൻ അർഹരല്ല. അത് എന്റെ മകനായാലും മറ്റാരായാലും. അത്തരം കുറ്റകൃത്യം ചെയ്യുന്ന ആളുകളെ തൂക്കിലേറ്റുകയോ വെടിവെക്കുകയോ വേണം'- രാജു സോണി പറഞ്ഞു.
Adjust Story Font
16