മധ്യപ്രദേശിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ വീടുകൾ തകർത്തു
അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് മുൻസിപ്പൽ കോർപ്പറേഷൻ വീടുകൾ തകർത്തത്.
സാത്‌ന: മധ്യപ്രദേശിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ രണ്ടുപേരുടെ വീടുകൾ തകർത്തു. പ്രതികളായ രവീന്ദ്ര കുമാർ, അതുൽ ഭദോലിയ എന്നിവരുടെ വീടുകളാണ് തകർത്തത്. പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ ഇവരുടെ വീടുകളുടെ രേഖകൾ ഹാജരാക്കാൻ മൈഹർ മുൻസിപ്പൽ കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. വീട് അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് തകർത്തത്. ഭദോലിയയുടെ വീട് സർക്കാർ ഭൂമിയിലാണെന്നും രവീന്ദ്ര കുമാറിന്റെ വീട് അനുമതിയില്ലാതെ നിർമിച്ചതാണെന്നും പൊലീസ് സബ് ഡിവിഷനൽ ഓഫീസർ ലോകേഷ് ദാബർ പറഞ്ഞു.
मैहर में आरोपियों का घर पर बुलडोजर चल गया है घरवाले हाथ जोड़ते रहे ... pic.twitter.com/KIQC4GgwCC
— Anurag Dwary (@Anurag_Dwary) July 29, 2023
ഇന്ന് രാവിലെയാണ് വീടുകൾ തകർത്തത്. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് ബന്ധുക്കൾ കരഞ്ഞുപറഞ്ഞെങ്കിലും അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ല.
വ്യാഴാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കളും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കാട്ടിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ശരീരമാസകലം കടിയേറ്റ പാടുകളുണ്ട്. റേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
Adjust Story Font
16