Quantcast

അസദിന്റെ പതനവും പുതിയ സമവാക്യങ്ങളും: സിറിയയിലെ രാഷ്ട്രീയ മാറ്റങ്ങൾ ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ ?

സിറിയയുമായുള്ള അടുത്ത ബന്ധം ഇന്ത്യക്ക് മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനും സഹായകമായിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-12-09 07:50:47.0

Published:

9 Dec 2024 7:01 AM GMT

Bashar al-Assad,  Syria , India, Narendra Modi, ബശ്ശാറുൽ അസദ്, സിറിയ, ഇന്ത്യ
X

ന്യൂഡൽഹി: സിറിയയിൽ 24 വർഷം നീണ്ട ബശ്ശാറുൽ അസദ് ഭരണത്തിന് കഴിഞ്ഞ ദിവസം പ്രതിപക്ഷസേന നടത്തിയ നീക്കം അന്ത്യം കുറിച്ചിരിക്കുകയാണ്. ചരിത്രപരമായും സാംസ്കാരികപരമായും ഇന്ത്യയുമായി ദീർഘകാലമായി ബന്ധം പുലർത്തുന്ന രാജ്യമാണ് സിറിയ. അസദിന്റെ ഭരണകാലത്തുൾപ്പടെ വലിയ വളർച്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുണ്ടായത്.

ഫലസ്തീൻ പ്രശ്നങ്ങളും ഗോലാൻ കുന്നുകൾക്ക് മേലുള്ള സിറിയയുടെ അവകാശവാദവും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യ സിറിയയെ പിന്തുണച്ചിട്ടുണ്ട്. അതേസമയം കശ്മീർ വിഷയത്തിൽ സിറിയ ഇന്ത്യക്കൊപ്പം നിലകൊണ്ടു. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു സിറിയൻ നിലപാട്.

ഐക്യരാഷ്ട്രസഭയിൽ സിറിയയ്‌ക്കെതിരായ ഉപരോധത്തെ പിന്തുണയ്ക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. കോവിഡ് മഹാമാരി ലോകമെമ്പാടും ആഞ്ഞടിച്ച സമയത്ത്, മാനുഷികമായ ആശങ്കകൾ ചൂണ്ടിക്കാട്ടി സിറിയക്കെതിരായ ഉപരോധങ്ങളിൽ ഇളവ് വരുത്താൻ ഇന്ത്യ ആഹ്വാനം ചെയ്തു. രാജ്യത്ത് വിദേശ ശക്തികളുടെ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന നിലപാടായിരുന്നു എല്ലായ്പ്പോഴും ഇന്ത്യക്ക്.

2011 ൽ സിറിയയിൽ ആഭ്യന്തര കലാപം ആരംഭിച്ചപ്പോൾ, സൈന്യത്തെ ഉൾപ്പെടുത്താതെ, സിറിയൻ ഭരണകൂടം നയിക്കുന്ന, എല്ലാവരെയും ഉൾകൊള്ളുന്ന ഒരു രാഷ്ട്രീയ പ്രക്രിയയിലൂടെ പരിഹാരം കാണണം എന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ആഭ്യന്തരയുദ്ധത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന സിറിയക്കെതിരെ നിരവധി രാജ്യങ്ങൾ തിരിഞ്ഞപ്പോഴും ഇന്ത്യ ബന്ധം തുടരുകയും ദമസ്കസിൽ എംബസി നിലനിർത്തുകയും ചെയ്തു. 2023 ജൂലൈയിൽ അന്നത്തെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ദമസ്കസിലേക്ക് ഒരു സുപ്രധാന മന്ത്രിതല സന്ദർശനം നടത്തിയിരുന്നു.

ഐടി അടിസ്ഥാന സൗകര്യ വികസനം, സ്റ്റീൽ പ്ലാന്റ് നവീകരണം, എണ്ണ മേഖല, അരി, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ തുടങ്ങി സിറിയയുടെ വിവിധ മേഖലകളിൽ ഇന്ത്യ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ സിറിയയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രാജ്യവുമായി മാത്രമല്ല ഇന്ത്യയുടെ പശ്ചിമേഷ്യയുമായുള്ള ബന്ധത്തെ വരെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

അസദിന്റെ വീഴ്ചയും തുടർന്ന് രാജ്യത്തുണ്ടായ അനിശ്ചിതത്വവും മേഖലയിലെ ഇന്ത്യയുടെ രാഷ്ട്രീയ- സാമ്പത്തിക താൽപ്പര്യങ്ങൾക്ക് മേൽ വിള്ളൽ വീഴ്ത്തിയേക്കും. സാമ്പത്തിക രംഗത്താണ് പ്രധാനമായും വെല്ലുവിളികൾ ഉയരുക. ഇന്ത്യയും സിറിയയും തമ്മിൽ കാര്യമായ ഊർജ്ജ ഇടപാടുകളുണ്ട്. സിറിയയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യ സിറിയയിൽ നിന്ന് പ്രതിദിനം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ ബാരൽ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.

സിറിയയിലെ എണ്ണ മേഖലയിൽ ഇന്ത്യയ്ക്ക് രണ്ട് സുപ്രധാന നിക്ഷേപങ്ങളാണുള്ളത്. ഒന്ന്, 2004-ൽ ഒഎൻജിസിയും ഐപിആർ ഇന്റർനാഷണലും തമ്മിലുള്ള എണ്ണ, പ്രകൃതി വാതക പര്യവേക്ഷണത്തിനുള്ള കരാർ. രണ്ട്, സിറിയയിൽ പ്രവർത്തിക്കുന്ന ഒരു കനേഡിയൻ സ്ഥാപനത്തിൽ 37 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഒഎൻജിസിയും ചൈനയുടെ സിഎൻപിസിയും ചേർന്നുള്ള മറ്റൊരു സംയുക്ത നിക്ഷേപം.

ടിഷ്രീൻ തെർമൽ പവർ പ്ലാന്റിന് നൽകിയ 240 മില്യൺ ഡോളർ, ഐടി, വളം മേഖലകളിലെ നിക്ഷേപം എന്നിവ സിറിയയിലെ ഇന്ത്യയുടെ പ്രധാന വാണിജ്യ ഇടപെടലുകളിൽ ഉൾപ്പെടുന്നു. കൂടാതെ സിറിയയെ ഉൾപ്പടെത്തി ഇന്ത്യ-ഗൾഫ്-സൂസ് കനാൽ-മെഡിറ്ററേനിയൻ/ലെവന്റ്-യൂറോപ്പ് ഇടനാഴി നിർമിക്കാൻ വൻതോതിൽ നിക്ഷേപം നടത്താനും ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഈ സാമ്പത്തിക ലക്ഷ്യങ്ങളെ പുതിയ സിറിയൻ ഭരണകൂടത്തിന് എത്രത്തോളം പിന്തുണക്കാൻ കഴിയുമെന്നത് വലിയ ചോദ്യമാണ്.

വിദേശകാര്യ വിദഗ്ധരുടെ നിരീക്ഷണത്തിൽ, സിറിയയുമായുള്ള അടുത്ത ബന്ധം ഇന്ത്യക്ക് മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനും സഹായകമായിട്ടുണ്ട്. അങ്ങനെ എങ്കിൽ ഇപ്പോൾ രാജ്യത്തുണ്ടായ സംഭവ വികാസങ്ങൾ ഇന്ത്യ - പശ്ചിമേഷ്യ ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാം. സിറിയയിൽ അസദിനെ വീഴ്ത്തിയ പ്രതിപക്ഷസേനക്ക് തുർക്കിയുടെ പിന്തുണ ഉണ്ടായിരുന്നതിനാൽ, ഇന്ത്യയും തുർക്കിയും ആയുള്ള ബന്ധവും നിർണ്ണായകമാകും.

TAGS :

Next Story