കയ്യിൽ മൈക്ക്, വ്യാജ ഐ.ഡി കാർഡും കാമറയും, തോക്കുകൾ മറച്ചുപിടിച്ചു; അതീഖ് അഹമ്മദിന്റെ കൊലപാതകം ഇങ്ങനെ
പ്രശസ്തരാവാൻ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പ്രതികളുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.
പ്രയാഗ്‌രാജ്: മുൻ സമാജ്‌വാദി പാർട്ടി എം.പിയും ഗുണ്ടാത്തലവനുമായ അതീഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. മാധ്യമപ്രവർത്തകരുടെ വേഷത്തിൽ മൈക്കും വ്യാജ ഐ.ഡി കാർഡുകളും കാമറയുമായാണ് കൊലയാളികൾ എത്തിയത്. ഇന്നലെ മുഴുവൻ കൊലയാളികൾ ഇവരെ പിന്തുടർന്നിരുന്നുവെന്നും പൊലീസ് പറയുന്നു.
ലൗലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരാണ് അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. പ്രശസ്തരാവാൻ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് ഇവരുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പ്രയാഗ്‌രാജിലെത്തിയ ഇവർ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നു. ലോഡ്ജ് മാനേജറെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
അതീഖിനെയും സഹോദരനെയും മെഡിക്കൽ പരിശോധനക്ക് എത്തിക്കുന്ന വിവരമറിഞ്ഞാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. അതീഖിന്റെ തൊട്ടടുത്ത് എത്താൻ വേണ്ടിയാണ് മാധ്യമപ്രവർത്തകരായി വേഷം മാറിയത്. മാധ്യമപ്രവർത്തകർക്കൊപ്പം ശനിയാഴ്ച മുഴുവൻ അതീഖിനെ പിന്തുടർന്നിരുന്നുവെന്നും ഇവർ പറഞ്ഞു.
രാത്രി 10 മണിയോടെ മോത്തിലാൽ നെഹ്‌റു ഡിവിഷണൽ ആശുപത്രിക്ക് പുറത്തുവെച്ചാണ് അതീഖിനും സഹോദരനും വെടിയേറ്റത്. അരുൺ മൗര്യയാണ് പോയിന്റ് ബ്ലാങ്കിൽ ആദ്യം അതീഖിന്റെ തലക്ക് നേരെ വെടിയുതിർത്തത്. കൊലയാളികൾ ഏകദേശം 20 റൗണ്ട് വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. അതീഖും സഹോദരൻ അഷ്‌റഫും സംഭവസ്ഥത്ത് തന്നെ മരിച്ചു.
#WATCH | Uttar Pradesh: Moment when Mafia-turned-politician Atiq Ahmed and his brother Ashraf Ahmed were shot dead while interacting with media.
— ANI (@ANI) April 15, 2023
(Warning: Disturbing Visuals) pic.twitter.com/xCmf0kOfcQ
കൊലയാളികളിൽനിന്ന് മാധ്യമപ്രവർത്തകരുടെ വ്യാജ ഐ.ഡി കാർഡും മൈക്കും കാമറയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വെടിവെപ്പിനിടെ ഒരു ബുള്ളറ്റ് കാലിൽ തറച്ച കൊലയാളിസംഘത്തിൽപ്പെട്ട ലൗലേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
Chanting Jai Sree Ram when firing.Hey Ram pic.twitter.com/8eXdzJxCew
— Kaustuv Ray (@kaustuvray) April 15, 2023
ഫുൽപൂർ പാർലമെന്റ് മണ്ഡലത്തിൽനിന്നുള്ള മുൻ എം.പിയായ അതീഖ് അഹമ്മദ് നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2019-ൽ നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരമാണ് അദ്ദേഹത്തെ ജയിലിലടച്ചത്. അതീഖിന്റെ സഹോദരനായ അഷ്‌റഫും നിരവധി കേസുകളിൽ പ്രതിയാണ്. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അതീഖിന്റെ മകൻ അസദ് അഹമ്മദിനെ ബുധനാഴ്ച പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയർന്നിരുന്നു.
Adjust Story Font
16