2014, 2019- തിരിച്ചടിയുടെ പടുകുഴിയിൽ നിന്ന് കോൺഗ്രസ് തിരിച്ചുവന്നത് എങ്ങനെ?
കനത്ത തിരിച്ചടിയിൽ നിന്നും ഇപ്പോഴത്തെ പ്രകടനത്തിലേക്ക് കോൺഗ്രസ് തിരിച്ചുവന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് ഘടകങ്ങളാണ്.
മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ 2004 മുതൽ പത്തു വർഷം നീണ്ട ഭരണത്തിന് അപ്രതീക്ഷിത തിരിച്ചടിയേകി 2014ൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ കോൺഗ്രസ് നാമാവശേഷമായിരുന്നു. 2009ൽ ഒറ്റയ്ക്ക് 206 സീറ്റുകളോടെ ഭരണത്തുടർച്ച നേടിയ കോൺഗ്രസ് 2014ൽ കേവലം 44 സീറ്റുകളിലേക്ക് കൂപ്പുകുത്തി. ആകെ പോൾ ചെയ്തതിന്റെ 19.3ശതമാനം വോട്ട് മാത്രം. അഞ്ച് വർഷത്തിനു ശേഷം വർധിച്ചത് എട്ട് സീറ്റുകൾ മാത്രം. അതായത് 52 സീറ്റുകൾ, 19.49 ശതമാനം വോട്ട്. എന്നാൽ ഇത്തവണ അവിടെ നിന്നൊരു കുതിപ്പായിരുന്നു കോൺഗ്രസ് നടത്തിയത്- ഒറ്റയ്ക്ക് നേടിയത് 99 സീറ്റുകൾ- 21.26 ശതമാനം വോട്ട്.
കൂടുതൽ സീറ്റുകൾ നേടി ഭരണം പിടിക്കാനായില്ലെങ്കിലും കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ തിരിച്ചുവരവിന് പിന്നിൽ വലിയ കഠിനാധ്വാനത്തിന്റേയും ആസൂത്രണങ്ങളുടേയും കഥയുണ്ട്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് പ്രതിപക്ഷ നിരയിലെ പ്രബല കക്ഷിയായി നിന്ന് തിരിച്ചുപിടിച്ച വിശ്വാസത്തിന്റെ വളർച്ച ആ സീറ്റെണ്ണത്തിൽ കാണാം. കോൺഗ്രസിന്റെയും അത് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണിയുടേയും ശക്തമായ പ്രകടനത്തിൽ നിറംമങ്ങിയത് ബിജെപിയും എൻഡിഎയുമാണ്. കഴിഞ്ഞതവണത്തെ 303 സീറ്റുകളെന്ന മാരകഫോമിൽ നിന്ന് അവരുടെ സീറ്റെണ്ണം 240ലേക്ക് താഴ്ന്നു. 63 സീറ്റുകളുടെ കുറവ്.
പരാജയത്തിന്റെ പടുകുഴിയിൽ നിന്നും ഇപ്പോഴത്തെ പ്രകടനത്തിലേക്ക് കോൺഗ്രസ് തിരിച്ചുവന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് ഘടകങ്ങളാണ്.
1. പുതിയ സഖ്യം
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ നേരിടാൻ കോൺഗ്രസ് മുന്നിട്ടിറങ്ങി രൂപീകരിച്ച ഇൻഡ്യ മുന്നണി തന്നെയാണ് അതിൽ ഒന്നാമത്തേത്. പ്രധാന പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന നിർണായക ചർച്ചയിലൂടെ 30 പാർട്ടികളുടെ കൂട്ടായ്മയാണ് രൂപീകൃതമായത്. പശ്ചിമബംഗാൾ, കേരളം, പഞ്ചാബ് എന്നിവിടങ്ങളിൽ 75 സീറ്റുകളിൽ സഖ്യമത്സരം ഉണ്ടായിരുന്നില്ലെങ്കിലും 350ഓളം സീറ്റുകളിൽ ബിജെപിക്കെതിരെ സ്ഥാനാർഥിയെ നിർത്താൻ മുന്നണിക്ക് കഴിഞ്ഞു.
ഭൂരിഭാഗവും സീറ്റുകളും വിട്ടുകൊടുക്കാനുള്ള കോൺഗ്രസിൻ്റെ സന്നദ്ധതയും ഐക്യത്തിന് ബലമേകി. 328 സ്ഥാനാർഥികളെ മാത്രമാണ് ഇത്തവണ മത്സരിപ്പിച്ചത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കുറവാണിത്. ആവശ്യമെങ്കിൽ കൂടുതൽ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. കോൺഗ്രസ് സഖ്യകക്ഷികളെ ബഹുമാനിച്ചെന്നും അവരുടെ ആഗ്രഹങ്ങൾ അംഗീകരിക്കുകയും ഒരുമിച്ച് പോരാടുകയും ചെയ്തെന്നും രാഹുൽ ഗാന്ധി ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ബിജെപി ഭരിക്കുന്ന യു.പിയടക്കമുള്ള സംസ്ഥാനങ്ങളിൽ ഇൻഡ്യ മുന്നണി കാഴ്ച വച്ച പ്രകടനം ഈ ഐക്യത്തിന്റെ തെളിവാണ്. ബിജെപിയെയും മറികടന്ന് 43 സീറ്റുകളാണ് എൻഡിഎ നേടിയത്. ബിജെപിക്ക് 33 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മഹാരാഷ്ട്രയിലും 13 സീറ്റുകൾ നേടി കോൺഗ്രസ് ഒന്നാമതെത്തി. 2014ലും 2019ലും ലോക്‌സഭയിൽ 10 ശതമാനത്തിൽ താഴെ സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ കോൺഗ്രസിന് പ്രതിപക്ഷ നേതാവിനെ നിയമിക്കാൻ അർഹതയുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ അത് മാറും.
2. ശക്തമായ പ്രചാരണം
വിദ്വേഷത്തിലും വർഗീയതയിലും ഊന്നി ബിജെപി പ്രചാരണം നടത്തിയപ്പോൾ ജാതി സെൻസസ്, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രകടനപത്രികയിലെ 25 ഉറപ്പുകൾ ഊന്നിപ്പറഞ്ഞ് വോട്ടുതേടിയ കോൺഗ്രസ്, അധികാരത്തിലെത്തിയാൽ കോൺഗ്രസ് സമ്പത്ത് മുസ്‌ലിംകൾക്ക് കൈമാറുമെന്നതടക്കമുള്ള ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങളെ ശക്തമായി പ്രതിരോധിച്ചു.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായിരുന്നു 25 ഗ്യാരണ്ടികൾ ഉൾപ്പെടുത്തിയുള്ള എ-4 വലിപ്പത്തിലുള്ള കാർഡ്. അതിൽ സ്ത്രീകൾ, യുവജനങ്ങൾ, കർഷകർ, തൊഴിലാളികൾ, സാമൂഹിക നീതി എന്നിവയ്‌ക്കായി അഞ്ച് ഗ്യാരണ്ടികൾ വീതം ഉൾപ്പെടുത്തിയിരുന്നു. ഓരോ ദരിദ്ര കുടുംബത്തിലെയും സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ, 10 കിലോ സൗജന്യ ഭക്ഷ്യധാന്യം തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനം.
ജാതി അടിസ്ഥാനത്തിലുള്ള സംവരണമായിരുന്നു മറ്റൊരു പ്രധാന വിഷയം. ബിജെപി അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റാനും എസ്‌സി, എസ്ടി വിഭാഗങ്ങൾക്കുള്ള ജാതി അടിസ്ഥാനമാക്കിയുള്ള ക്വാട്ടകൾ ഇല്ലാതാക്കാനും ശ്രമിക്കുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഈ ആരോപണത്തെ പ്രതിരോധിക്കാൻ ബിജെപി പാടുപെട്ടു. കൂടാതെ, ജാതി സെൻസസിനായി വാദിച്ച രാഹുൽ ഗാന്ധി, ഇൻഡ്യ മുന്നണി അധികാരത്തിെലെത്തിയാൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള 50 ശതമാനമെന്ന സംവരണ പരിധി എടുത്തുകളയുമെന്നും അത് വർധിപ്പിക്കുമെന്നും പറഞ്ഞിരുന്നു.
ഭരണഘടന ഉയർത്തിയായിരുന്നു എല്ലാ പ്രചാരണങ്ങളിലും യോഗങ്ങളിലും വാർത്താസമ്മേളനങ്ങളിലും കോൺഗ്രസ് നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്തത്. വെള്ള ടീ ഷർട്ടും ധരിച്ച് ഭാരത് ജോഡോ യാത്രയിലും ന്യായ് യാത്രയിലും സഞ്ചരിച്ച രാഹുൽ ഗാന്ധി യാത്രയിലുടനീളം കൈയിൽ ഭരണഘടന കരുതുകയും അത് മിക്ക യോഗങ്ങളിലും ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. 400 സീറ്റ് എന്ന സ്വപ്‌നം മറന്നുകളയുന്നതാണ് ബി.ജെ.പിക്ക് നല്ലതെന്ന് രാഹുൽ പറഞ്ഞിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. സമീപകാല ചരിത്രത്തിലാദ്യമായി, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണഘടന ഒരു പ്രധാന ഘടകമായി മാറിയെന്നും ദരിദ്ര മേഖലകളിൽ ഇത് സ്വാധീനം ചെലുത്തിയിട്ടുണ്ടാവുമെന്നും സാമ്പത്തിക വിദഗ്ധൻ അഭിരൂപ് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
3. മികച്ച സംഘടനാ പ്രവർത്തനം, സംഘാടനം, പുനഃസംഘടന
2019-2024 തെരഞ്ഞെടുപ്പുകൾക്കിടയിൽ രണ്ട് യാത്രകളിലായി രാഹുൽ ഗാന്ധി 10,000 കി.മീറ്ററിലേറെയാണ് സഞ്ചരിച്ചത്. അതിൽ ഭൂരിഭാഗവും കാൽനടയായിരുന്നു. കന്യാകുമാരി മുതൽ കശ്മീർ വരെ ഇന്ത്യയുടനീളമുള്ള ഗ്രാമങ്ങളിലും നഗരങ്ങളിലും സഞ്ചരിച്ച രാഹുൽ ഗാന്ധി അവിടങ്ങളിലെല്ലാം ബിജെപി സർക്കാരിനെ താഴെയിറക്കാനുള്ള ഐക്യപോരാട്ടത്തിന് ആഹ്വാനം ചെയ്യുകയും ജനങ്ങളുടെ പിന്തുണ തേടുകയും ചെയ്തു. ജനങ്ങളോട് നേരിട്ട് സംവദിക്കുക, മനസറിയുക, പിന്തുണ തേടുക എന്നതായിരുന്നു യാത്രയുടെ ഉദ്ദേശം.
കോൺഗ്രസ് കോട്ടയായിരുന്ന അമേഠി രാഹുലിന്റെ പരാജയത്തിലൂടെ 2019ൽ നഷ്ടമായിട്ടും ഇത്തവണ അവിടെ മത്സരിക്കുന്നതിന് പകരം ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് ഉത്തർപ്രദേശിലൊന്നാകെ പ്രചാരണം നടത്താനാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി തീരുമാനിച്ചത്. അതും ഇത്തവണ ഫലം കണ്ടു. അമേഠിയിൽ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായിരുന്ന സ്മൃതി ഇറാനിയെ പരാജയപ്പെടുത്തി സീറ്റ് കോൺഗ്രസ് തിരിച്ചുപിടിച്ചു.
2019ലെ രണ്ടാം പരാജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിഞ്ഞതോടെ ശക്തമായൊരു നേതൃത്വത്തിന്റെ അഭാവത്തിൽ ഉഴറുകയായിരുന്ന കോൺഗ്രസിന് അതിജീവനമുണ്ടായത് ആ സ്ഥാനത്തേക്കുള്ള മല്ലികാർജുൻ ഖാർഗെയുടെ വരവോടെയായിരുന്നു. പലവിധത്തിൽ ചിതറിക്കിടന്നിരുന്ന പാർട്ടി ഖാർഗെയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി. കൂടുതൽ കരുത്താർജിച്ചു. രാഹുലിനെ കൂടാതെ പ്രധാനമന്ത്രിയോട് നേരിട്ട് എതിരിടാനും ആരോപണങ്ങൾക്കും വ്യാജ-വിദ്വേഷ പ്രചാരണങ്ങൾക്കും മറുപടി നൽകാനും ജനവിരുദ്ധ നയങ്ങൾ ചോദ്യം ചെയ്യാനും ഖാർഗെ മുൻപന്തിയിൽ തന്നെ നിന്നു.
രാഹുലും ഖാർഗെയും ചേർന്ന് മോദിയുടെയും അമിത് ഷായുടേയും പ്രചാരണങ്ങളെ പൊളിച്ചടുക്കി. അദാനിയും അംബാനിയും കോൺഗ്രസിന് ടെമ്പോയിൽ പണം നൽകിയെന്ന മോദിയുടെ വാദത്തെ, ആ പറഞ്ഞത് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ അനുഭവത്തിൽ നിന്നാണോ എന്ന് ചോദിച്ച് രാഹുൽ പൊളിച്ചടുക്കി. പണം തന്നെങ്കിൽ അംബാനിയുടെയും അദാനിയുടേയും വീട്ടിലേക്ക് ഇ.ഡിയെ അയക്കാനും രാഹുൽ പറഞ്ഞു. മോദി വിദ്വേഷ പ്രചാരണങ്ങൾ നടത്തുമ്പോഴും തെരഞ്ഞെടുപ്പ് വേദികളിലൂടെയും വാർത്താസമ്മേളനങ്ങളിലൂടെയും ഇരു നേതാക്കളും ആഞ്ഞടിച്ചു. ഇതൊക്കെയും കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന്റെ കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലോക്‌സഭയിൽ 99 സീറ്റുകളുള്ള കോൺഗ്രസ് ഇപ്പോഴും ബി.ജെ.പിയെക്കാൾ വളരെ പിന്നിലാണെങ്കിലും വിദഗ്ധരുടെ അഭിപ്രായത്തിൽ പാർട്ടി പുരോഗതിയുടെ പാതയിലാണ്. ബിജെപിക്കെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുകയും ഐക്യം കൂടുതൽ ബലപ്പെടുത്തുകയും സർക്കാരിന്റെ പോരായ്മകൾ ജനങ്ങളെ നന്നായി ബോധ്യപ്പെടുത്തുകയും മറ്റു കക്ഷികളെ കൂടി ചേർത്ത് മുന്നോട്ടുപോവുകയും ചെയ്താൽ 2029ൽ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താനാവുമെന്നാണ് വിലയിരുത്തൽ.
Adjust Story Font
16