Quantcast

‘വെള്ളം കയറിയതോടെ ലൈബ്രറിയുടെ​ ബയോമെട്രിക് വാതിൽ ലോക്കായി’; ഡൽഹിയിൽ മലയാളിയടക്കം 3 പേർ മുങ്ങിമരിച്ച സംഭവത്തിൽ വിദ്യാർഥികൾ

വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹിയിൽ വൻ പ്രതിഷേധം നടക്കുകയാണ്

MediaOne Logo

Web Desk

  • Published:

    28 July 2024 5:06 AM GMT

‘വെള്ളം കയറിയതോടെ ലൈബ്രറിയുടെ​ ബയോമെട്രിക് വാതിൽ ലോക്കായി’; ഡൽഹിയിൽ മലയാളിയടക്കം 3 പേർ മുങ്ങിമരിച്ച സംഭവത്തിൽ വിദ്യാർഥികൾ
X

ഡൽഹി: ഡൽഹിയിലെ ഐ.എ.എസ് കോച്ചിങ് സെന്ററിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയത് ബയോ​മെട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡോർ ലോക്കായതുകൊണ്ടെന്ന് വിദ്യാർഥികൾ. എറണാകുളം സ്വദേശിയായ നവീൻ ഡാൽവിൻ (28), താനിയ സോണി(25), ശ്രയ യാദവ്(25) എന്നിവരാണ് മരിച്ചത്.

ബയോമെട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഏകവാതിലാണ് ലൈബ്രറിയിൽ പ്രവേശിക്കാനും പുറത്തിറങ്ങാനും ഉപയോഗിക്കുന്നത്. വെള്ളം കയറിയതോടെ വൈദ്യുതിബന്ധം നഷ്ടമായതോടെ ബയോമെട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാതിലിന്റെ പ്രവർത്തനവും സ്തംഭിച്ചു. വൈകുന്നേരം 6 മണിയോടെയാണ് ബേസ്‌മെൻ്റിലേക്ക് വെള്ളം കയറാൻ തുടങ്ങിയത്. രക്ഷപ്പെടാൻ ​ശ്രമിച്ചെങ്കിലും വാതിൽ ലോക്കായെന്ന് വിദ്യാർഥികൾ പറയുന്നു.

ഡൽഹിയിലെ മിക്ക കോച്ചിങ് സെൻ്ററുകളിലെ ലൈബ്രറികൾക്കും ബയോമെട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാതിലുകളാണ് ഉള്ളത്.​ അതുകൊണ്ട് തന്നെ മിക്കയിടത്തും ഒരു വാതിൽ മാത്രമെ ഉണ്ടാകാറുള്ളുവെന്ന് അഞ്ച് വർഷമായി യുപിഎസ്‌സി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥി പറഞ്ഞു. വൈദ്യുതി നിലച്ചാൽ ലൈബ്രറിക്കുള്ളിൽ പൂട്ടിയിട്ട അവസ്ഥയിലാകുമെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഓൾഡ് രജീന്ദർ നഗറിന് സമീപം ശനിയാഴ്ച വൈകുന്നേരം 5.30 നും രാത്രി 8.30 നും ഇടയിൽ 31.5 മില്ലിമീറ്റർ മഴയാണ് പെയ്തന്നൊണ് കാലാവസ്ഥവകുപ്പിന്റെ കണക്കുകൾ പറയുന്നത്. ഒഴുകിയെത്തിയ വെള്ളം ലൈബ്രറി അടങ്ങുന്ന ബേസ്മെന്റി​ലേക്ക് ഇരച്ചുകയറി. നിമിഷനേരം കൊണ്ട് ബേസ്‌മെൻ്റിൽ 10-12 അടി വെള്ളം നിറഞ്ഞു. ഡോർ ലോക്കായതിനൊപ്പം വെള്ളം കയറിയതോടെ വിദ്യാർഥികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. വെള്ളപ്പൊക്കം തുടങ്ങിയപ്പോൾ 112 എന്ന നമ്പറിലേക്ക് വിളിച്ചിരുന്നുവെങ്കിലും ഗതാഗതക്കുരുക്ക് കാരണം രക്ഷാപ്രവർത്തകർക്ക് അവിടെ എത്താൻ കഴിഞ്ഞില്ലെന്നും വിദ്യാർഥികൾ പറയുന്നു.

അതേസമയം,വിദ്യാർഥികൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. മരിച്ച വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങളുമായി പങ്കുവെക്കണം.എഫ്.ഐ.ആറിന്റെ കോപ്പി പുറത്ത് വിടണം. സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ പങ്കുവെക്കണം തുടങ്ങിയ ആവശ്യമാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ മുന്നോട്ട് വെക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

TAGS :

Next Story