Quantcast

തകർന്നു... മോദിയുടെ തേജോവലയം! ലോക്‌സഭാ തെരഞ്ഞെടുപ്പ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിങ്ങനെ...

ബിജെപിയുടെ സഖ്യകക്ഷികളിൽ മറുകണ്ടം ചാടാൻ നോക്കിയിരിക്കുന്നവരുണ്ടെന്ന് പ്രത്യേകം എടുത്ത് പറയാൻ ന്യൂയോർക്ക് ടൈംസ് മറന്നില്ല

MediaOne Logo

Web Desk

  • Updated:

    2024-06-06 08:49:46.0

Published:

6 Jun 2024 8:37 AM GMT

How Foreign Media Covered Indian Election Results
X

ട്വിസ്റ്റുകളേറെ അടങ്ങിയ, സംഭവവഹുലമായ ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. ഒറ്റയ്ക്ക് 370ഉം സഖ്യകക്ഷികളുമായി ചേർന്ന് 400 സീറ്റുകളുമൊക്കെ പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ബിജെപിക്ക്, മുന്നണി നേടിയ 293 സീറ്റുകളുമായി തൃപ്തിപ്പെടേണ്ടി വന്നതായിരുന്നു ഈ തെരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്. എൻഡിഎയോട് കട്ടയ്ക്ക് നിന്ന് 232 സീറ്റുകൾ നേടിയ ഇൻഡ്യാ മുന്നണിയും വലിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ കോൺഗ്രസും തെരഞ്ഞെടുപ്പിൽ തിളങ്ങുക തന്നെ ചെയ്തു.

മൂന്നാം തവണയും എൻഡിഎ അധികാരത്തിൽ വരും എന്നതിനേക്കാൾ മാധ്യമങ്ങൾ ചർച്ച ചെയ്തത് മുഴുവൻ ഈ തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട പതനമായിരുന്നു. രാമക്ഷേത്രമടക്കം നിർമിച്ച് ബിജെപി കയ്യിലൊതുക്കിയിരുന്ന അയോധ്യ പോലും കൊടുക്കാതെ, യുപിയൊരുക്കിയ സർപ്രൈസ് പത്രങ്ങളുടെ തലക്കെട്ട് കയ്യടക്കി.

ഇന്ത്യൻ മാധ്യമങ്ങളെ പോലെ തന്നെ ഇക്കാര്യങ്ങളൊക്കെ ചർച്ച ചെയ്യാൻ മുൻപന്തിയിലുണ്ടായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, വോട്ടുകളുടെ കുത്തൊഴുക്കില്ലാതെ കഷ്ടിച്ച് ജയിച്ചുകയറിയ ബിജെപിയും മോദിയുമൊക്കെ തന്നെയായിരുന്നു മിക്ക മാധ്യമങ്ങളിലെയും പ്രധാന വാർത്ത. ഇന്ത്യൻ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാര്യമായ ചർച്ച ചെയ്ത മാധ്യമങ്ങളും അവർ വാർത്തകൾക്ക് നൽകിയ തലക്കെട്ടുകളുമൊക്ക ഒന്ന് നോക്കാം...

ദി ന്യൂയോർക്ക് ടൈംസ്

'മോദി ജയിച്ചു, പക്ഷേ ജയം ഒരുപാടകലെ'- എന്ന തലക്കെട്ടാണ് ദി ന്യൂയോർക്ക് ടൈംസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കുറിക്കുന്ന പ്രധാന വാർത്തയ്ക്ക് നൽകിയത്. തെരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതവും ഏറെ ഗൗരവപൂർവം കണക്കിലെടുക്കേണ്ട കാര്യമാണെന്നും കുറിച്ച ന്യൂയോർക്ക് ടൈംസ് ഡസൻ കണക്കിന് സീറ്റുകളിൽ പരാജയപ്പെട്ട്, മുന്നണിയെ ആശ്രയിക്കാതെ ഭരിക്കാൻ കഴിയില്ലെന്ന അവസ്ഥയിലാണ് ബിജെപി എന്നും കുറിക്കുന്നുണ്ട്.

ബിജെപിയുടെ സഖ്യകക്ഷികളിൽ മറുകണ്ടം ചാടാൻ നോക്കിയിരിക്കുന്നവരുണ്ടെന്ന് പ്രത്യേകം എടുത്ത് പറയാനും പത്രം മറന്നില്ല. മോദിയ്ക്ക് ചുറ്റുമുണ്ടായിരുന്ന, അജയ്യതയുടെ ആ തേജോവലയം തകർന്നു എന്നും പത്രം കുറിച്ചു.

ദി വാൾ സ്ട്രീറ്റ് ജേണൽ

തെരഞ്ഞെടുപ്പിൽ കൃത്യമായ ഭൂരിപക്ഷം നേടാനായില്ലെങ്കിലും മൂന്നാം തവണയും അധികാരത്തിലിരിക്കാൻ മോദി സമചിത്തതയോടെ തന്നെ നീങ്ങുന്നുവെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ കുറിച്ചത്.

ബിബിസി

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മോദിക്ക് വ്യക്തിപരമായേറ്റ കനത്ത തിരിച്ചടിയായിരുന്നുവെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. എക്‌സിറ്റ് പോൾ പ്രവചനങ്ങളിലും മറ്റും തളരാതെ കരുത്തോടെ കുതിച്ചുയർന്ന ഇൻഡ്യാ മുന്നണിയെ പത്രം പ്രശംസിക്കുന്നുമുണ്ട്. മോദിസർക്കാർ ഭരണഘടനാ സംവിധാനങ്ങൾക്കേൽപ്പിച്ച ക്ഷതവും രാജ്യത്തെ പത്രസ്വാതന്ത്ര്യത്തിന്റെ അധഃപതനവും മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷസമുദായങ്ങൾ നേരിടുന്ന ഭീഷണിയുമെല്ലാം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയായെന്നാണ് പത്രം വിലയിരുത്തുന്നത്.

അൽ ജസീറ

മോദിക്ക് നഷ്ടപ്പെട്ട വലിയ ഭൂരിപക്ഷമാണ് അൽ ജസീറയും ചർച്ച ചെയ്തത്. മോദിക്കും ബിജെപിക്കും സർക്കാരുണ്ടാക്കാൻ സഖ്യകക്ഷികളെ കൂട്ടുപിടിക്കേണ്ട അവസ്ഥ വന്നുവെന്നും പാർലമെന്റിൽ വലിയ വെല്ലുവിളികൾ എൻഡിഎ സർക്കാരിനെ കാത്തിരിക്കുന്നുണ്ടെന്നും പത്രം കുറിക്കുന്നു. ആർക്ക് മുന്നിലും വഴങ്ങാത്ത മോദിക്ക് ഇനിമുതൽ പാർലമെന്റിൽ തീരുമാനങ്ങളെടുക്കാൻ വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്നും പത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.

ദി ഡെയ്‌ലി സ്റ്റാർ

മൂന്നാമൂഴത്തിൽ മോദിക്ക് വിട്ടുവീഴ്ചകളേറെ ചെയ്യേണ്ടി വരുമെന്നാണ് ബംഗ്ലാദേശിലെ ദി ഡെയ്‌ലി സ്റ്റാറും ചൂണ്ടിക്കാട്ടുന്നത്. മോദിയെ കരുത്തനായ നേതാവെന്ന് വിശേഷിപ്പിച്ച പത്രം, എന്നാൽ മുമ്പൊന്നും സഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥ ബിജെപിക്ക് ഉണ്ടായിട്ടില്ലെന്നും കുറിക്കുന്നു.

ഗ്ലോബൽ ടൈംസ്, ചൈന

തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ നേരിയ ഭൂരിപക്ഷത്തിലാണ് ചൈനയിൽ നിന്നുള്ള ഗ്ലോബൽ ടൈംസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എൻഡിഎയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത സീറ്റ് ലഭിക്കാഞ്ഞത് ഓഹരിവിപണിയിലുണ്ടാക്കിയ ഏറ്റക്കുറച്ചിലുകളെ പറ്റിയും പത്രം ചർച്ച ചെയ്യുന്നുണ്ട്.

വാഷിംഗ്ടൺ പോസ്റ്റ്


മോദി തന്റെ 23 വർഷത്തെ രാഷ്ടീയജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് കുറിച്ചത്. മോദിയുടെ പ്രഭാവലയം തകർന്നുവെന്ന് കുറിച്ച പത്രം മോദിയുടെ ഹിന്ദുത്വ പാർട്ടിക്ക് വോട്ടിലൂടെ പ്രതിഫലിക്കുന്ന പിന്തുണക്കുറവിനെ കുറിച്ചും തുറന്നടിച്ചു.

സിഎൻഎൻ

ഹിന്ദുരാഷ്ട്രമെന്ന മോദിയുടെ വീക്ഷണത്തോടെ ജനങ്ങൾ മുഖം തിരിച്ചുവെന്നായിരുന്നു സിഎൻഎൻ ഒരു വിശകലനക്കുറിപ്പിന് നൽകിയ തലക്കെട്ട്. മോദിയുടെ വിദ്വേഷപ്രസംഗങ്ങളും പ്രസംഗങ്ങളിൽ അദ്ദേഹം ഉപയോഗിച്ച ഭാഷാശൈലിയും മറ്റും വോട്ടിൽ കാര്യമായി പ്രതിഫലിച്ചിട്ടുണ്ടെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.

സ്വന്തം വീട്ടുമുറ്റത്ത് മോദി നേടി കനത്ത തോൽവിയാണ് അയോധ്യ അടങ്ങുന്ന ഫൈസാബാദ് മണ്ഡലം നഷ്ടപ്പെടൽ എന്നാണ് ന്യൂസ് വീക്ക് കുറിച്ചത്.

TAGS :

Next Story