'ഈ മുറിയിൽ എത്ര ദലിതരുണ്ട്?'-മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി
''രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ എത്ര ദലിതരും ഒ.ബി.സിക്കാരും ഗോത്രവർഗക്കാരുമുണ്ട്? ഞങ്ങളുടെ നാല് മുഖ്യമന്ത്രിമാരിൽ മൂന്നും ഒ.ബി.സിക്കാരാണ്.''
ന്യൂഡൽഹി: മാധ്യമരംഗത്തെ ജാതി, സാമൂഹിക പ്രാതിനിധ്യത്തെക്കുറിച്ചു ചോദ്യങ്ങളുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി നേരിട്ടു ചോദ്യമെറിഞ്ഞത്. കൂട്ടത്തിൽ ദലിതരുണ്ടെങ്കിൽ കൈപൊക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒറ്റ കൈയും ഉയർന്നില്ലെന്നതാണു കൗതുകകരമായ കാര്യം.
ദേശവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന് ഇന്നു ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടിരുന്നു. ഇതടക്കമുള്ള യോഗത്തിലെ തീരുമാനങ്ങളും പാർട്ടി നിലപാടും വിശദീകരിക്കവെയായിരുന്നു രാഹുലിന്റെ ഇടപെടൽ. നിങ്ങളുടെ കൂട്ടത്തിൽ എത്ര ദലിതന്മാരുണ്ടെന്നു ചോദിച്ചപ്പോൾ നിശബ്ദതയായിരുന്നു പ്രതികരണം. കൈയുയർത്താൻ ആവശ്യപ്പെട്ടപ്പോൾ ഒരു കാമറാമാൻ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. കോൺഗ്രസ് ഇത്തരമൊരു ആവശ്യമുയർത്തിയതിന്റെ യുക്തി ഇതു തന്നെയാണെന്ന് രാഹുൽ പിന്നീട് വിശദീകരിക്കുകയും ചെയ്തു.
സംസ്ഥാനതലത്തിൽ സാമ്പത്തിക സർവേയല്ലേ നടത്തേണ്ടതെന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴാണ് രാഹുൽ അപ്രതീക്ഷിച ചോദ്യമെറിഞ്ഞത്. '(നിങ്ങളുടെ കൂട്ടത്തിൽ) ഈ മുറിയിൽ എത്ര ദലിതന്മാരുണ്ട്?'-രാഹുൽ ചോദിച്ചു. ആരെങ്കിലുമുണ്ടെങ്കിൽ കൈയുയർത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽനിന്ന് ഒരൊറ്റ കൈ പോലും ഉയർന്നില്ല.
കാമറാമാൻ കൈയുയർത്തിയപ്പോൾ നിങ്ങളല്ല, ഇവർ പറയട്ടെ എന്നായി രാഹുൽ. എന്നിട്ട് ഇങ്ങനെ വിശദീകരിച്ചു: ''ഇതുതന്നെയാണു പ്രശ്‌നം. രാജ്യത്തെ (സർക്കാർ) സ്ഥാപനങ്ങളിൽ എത്ര ദലിതരും ഒ.ബി.സിക്കാരും ഗോത്രവർഗക്കാരുമുണ്ട്? അതുകൊണ്ടാണ് സ്ഥാപനങ്ങളെയും സമ്പത്തിനെയും സ്വത്തിനെയും ജനസംഖ്യയെയും കുറിച്ചെല്ലാം ഞങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്.''
പ്രധാനമന്ത്രിക്ക് ജാതി സെൻസസ് നടത്താനാകില്ലെന്നും അദ്ദേഹം വിമർശിച്ചു. ഞങ്ങളുടെ നാല് മുഖ്യമന്ത്രിമാരിൽ മൂന്നും ഒ.ബി.സിക്കാരാണ്. പത്ത് ബി.ജെ.പി മുഖ്യമന്ത്രിമാരിൽ ഒരൊറ്റ ഒ.ബി.സിക്കാരനാണുള്ളത്. ഒ.ബി.സിക്കാർക്കു വേണ്ടി പ്രധാനമന്ത്രി പ്രവർത്തിക്കില്ല. പകരം, പ്രധാന വിഷയങ്ങളിൽനിന്നു ശ്രദ്ധതിരിക്കുകയാണു ചെയ്യുന്നതെന്നും രാഹുൽ ആക്ഷേപിച്ചു.
Summary: 'How many Dalits are there in this room?': Rahul Gandhi asks journalists
Adjust Story Font
16