'നിങ്ങളുടെ മകൻ എത്ര മത്സരം കളിച്ചാണ് ബിസിസിഐ സെക്രട്ടറിയായത്'? ; അമിത് ഷായോട് ഉദയനിധി സ്റ്റാലിൻ
സ്റ്റാലിനും ഡി.എം.കെ സഖ്യകക്ഷികളും രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു അമിത് ഷായുടെ വിമര്‍ശനം
ഉദയനിധി സ്റ്റാലിന്‍,അമിത് ഷാ, ജയ് ഷാ
ചെന്നൈ: ഡി.എം.കെയെ രാജവംശ പാർട്ടിയെന്ന് വിളിച്ച് പരിഹസിച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മറുപടിയുമായി തമിഴ്‌നാട് കായിക മന്ത്രിയും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിൻ. അമിത്ഷായുടെ മകൻ ജയ് ഷാ എത്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെന്നും എത്ര റൺസ് നേടിയിട്ടുണ്ടെന്നും ഉദയനിധി സ്റ്റാലിൻ ചോദിച്ചു.ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) സെക്രട്ടറിയായത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നായിരുന്നു ഉദയനിധിയുടെ പരിഹാസം.
വെള്ളിയാഴ്ച രാമേശ്വരത്ത് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയുടെ പദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തപ്പോഴാണ് അമിത് ഷാ ഡി.എം.കെ രാജവംശ പാർട്ടിയാണെന്ന് പരിഹസിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡി.എം.കെ സഖ്യകക്ഷികളും രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും ഡി.എം.കെ രാജവംശ പാർട്ടിയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ഉദയനിധി സ്റ്റാലിന് പറഞ്ഞത്.
ചെന്നൈയിൽ ഡിഎംകെ യുവജന വിഭാഗത്തിന്റെ പുതിയ ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു ഉദയനിധി. താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എം.എൽ.എയായെന്നും തുടർന്നാണ് മന്ത്രിയായതെന്നും ഉദയനിധി പറഞ്ഞു.
'ഞങ്ങളുടെ പാർട്ടി നേതാക്കൾ എന്നെ മുഖ്യമന്ത്രിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. പക്ഷേ, എനിക്ക് അമിത് ഷായോട് ചോദിക്കണം, നിങ്ങളുടെ മകൻ എങ്ങനെ ബിസിസിഐ സെക്രട്ടറിയായി?' 'അവൻ എത്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചു, എത്ര റൺസ് നേടി?'ഉദയനിധി ചോദിച്ചു.
Adjust Story Font
16