Quantcast

ബാബ സിദ്ദീഖിയെ വെടിവച്ചത് ഘോഷയാത്രയുടെയും വെടിക്കെട്ടിന്റേയും മറവിൽ; ലഭിച്ചത് 25 കോടിയുടെ ക്വട്ടേഷൻ

ദസറ ആഘോഷങ്ങൾക്കിടെ തിരക്കേറിയ റോഡിൽ പൊലീസ് കാവൽ ഉണ്ടായിരുന്ന ദിവസമാണ് ആക്രമണം നടന്നത്.

MediaOne Logo

Web Desk

  • Published:

    14 Oct 2024 7:00 AM GMT

How Shooters Used Procession, Firecrackers As Cover To Kill Baba Siddique
X

മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പ്രതികൾ നടത്തിയത് വൻ ആസൂത്രണം. ദസറ ആഘോഷത്തിന്റെ മറവിലായിരുന്നു പ്രതികൾ സിദ്ദീഖിക്ക് നേരെ വെടിയുതിർത്തത്. ആഘോഷത്തിലെ ജനത്തിരക്കും ശബ്ദവും വെടിക്കെട്ടും മറയാക്കിയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഘോഷയാത്രയുടെ ഭാ​ഗമായുള്ള ബഹളവും വെടിക്കെട്ട് ശബ്ദവും പുകയുമൊക്കെ കൊലാളികൾ കൃത്യം നടത്താൻ മുതലെടുക്കുകയായിരുന്നു. പശ്ചാത്തലത്തിൽ വലിയ ശബ്ദം ആയതിനാൽ വെടിവെപ്പിന്റെ ശബ്ദം പുറത്തുകേട്ടതുമില്ല. ദസറ ആഘോഷങ്ങൾക്കിടെ തിരക്കേറിയ റോഡിൽ പൊലീസ് കാവൽ ഉണ്ടായിരുന്ന ദിവസമാണ് ആക്രമണം നടന്നത്.

'സിദ്ദീഖിയുടെ സുരക്ഷയ്ക്കായി മൂന്ന് പൊലീസുകാരുണ്ടായിരുന്നു. രണ്ട് പേർക്ക് പകലും ഒരാൾക്ക് രാത്രിയിലുമായിരുന്നു ഡ്യൂട്ടി. അടുത്തിടെ എന്തെങ്കിലും ഭീഷണി സന്ദേശം ലഭിച്ചതായി അദ്ദേഹം ഞങ്ങളെ അറിയിച്ചിരുന്നില്ല. ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നതിൻ്റെയും തെരുവിലെ ജനക്കൂട്ടത്തിൻ്റേയും ശബ്ദം അക്രമികൾ മുതലെടുത്തു എന്നാണ് തോന്നുന്നത്'- നിർമൽ നഗറിൽ നിന്നുള്ള പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പൊലീസ് കാവൽ ഉണ്ടായിരുന്നിട്ടും വെടിക്കെട്ടും ജനക്കൂട്ടവും അക്രമികൾ മുതലെടുക്കുകയായിരുന്നു.

നാല് കൊലയാളികളും സിദ്ദീഖിയുടെ കാറിൻ്റെ അടുത്ത് തന്നെ നിലയുറപ്പിച്ചിരുന്നു. അദ്ദേഹം വന്ന് അകത്ത് കയറാൻ ശ്രമിച്ചതോടെ, പ്രതികൾ പ്രദേശകമാകെ മറയ്ക്കുംവിധം പുകയുണ്ടാക്കുന്ന ഒരു വസ്തു ഇടുകയും സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് നേരെ കുരുമുളക് സ്പ്രേ പ്രയോ​ഗിക്കുകയും ചെയ്തു. വെടിവയ്പ്പിന്റെ ശബ്ദം പടക്കം പൊട്ടുന്ന ശബ്ദമാണെന്ന് പലരും കരുതി. വെടിയുതിർത്ത ഉടൻ തന്നെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും രണ്ടു പേരെ പ്രദേശത്തെ കുറ്റിക്കാട്ടിൽനിന്നും പിടികൂടുകയായിരുന്നു.

നിലവിൽ മൂന്നു പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. വെടിവച്ച മൂന്നം​ഗ സംഘത്തിലെ, ഹരിയാന കൈതാൾ ജില്ലയിലെ നരാഡ് സ്വദേശിയായ ​ഗുർമേൽ ബാൽജിത് സിങ് (23), ഉത്തർപ്രദേശ് സ്വദേശി ധരംരാജ് കശ്യപ് (21) എന്നിവരെയാണ് പൊലീസ് സംഭവസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ, കൊലപാതക ഗൂഢാലോചനയുടെ ഭാഗമായ മൂന്നാം പ്രതി പൂനെ സ്വദേശിയായ 28കാരൻ പ്രവീൺ ലോങ്കറിനെ പൂനെയിൽ നിന്നും മുംബൈ പൊലീസ് പിടികൂടി.

വെടിവച്ച സംഘത്തിലെ മൂന്നാമൻ ശിവ ഗൗതം എന്ന ശിവകുമാർ ഒളിവിലാണ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റൊരു പ്രതി മുഹമ്മദ് സീഷാൻ അക്തറിനെ (21)യും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായും തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ​ഗുണ്ടാത്തലവൻ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം രംഗത്തെത്തിയിരുന്നു. കൊലപാതകം നടന്ന് 24 മണിക്കൂർ പിന്നിടും മുൻപ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ബിഷ്ണോയി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്. തങ്ങൾ ബിഷ്ണോയിയുടെ സംഘാം​ഗങ്ങളാണെന്ന് പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു.

ഷുബ്ബു ലോങ്കർ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ബിഷ്ണോയി സംഘാംഗമായ ശുഭം രാമേശ്വ‍ർ ലോങ്കറിൻ്റേതാണ് അക്കൗണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇപ്പോൾ പിടിയിലായ പ്രവീൺ ലോങ്കറിന്റെ ​സഹോദരനാണ് ഈ ശുഭം ലോങ്കർ. ഇയാളും ​ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് പൊലീസ് പറഞ്ഞു. ശുഭമിനു വേണ്ടിയും പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. അറസ്റ്റിലായ പ്രതികളിൽനിന്ന് രണ്ട് ഗ്ലോക്ക് ഓട്ടോമാറ്റിക് പിസ്റ്റളുകൾ, 28 ബുള്ളറ്റുകൾ നിറച്ച നാല് മാഗസിനുകൾ, നാല് മൊബൈൽ ഫോണുകൾ, ആധാർ കാർഡുകൾ, ഒരു ബാഗ് എന്നിവ പൊലീസ് കണ്ടെടുത്തു.

ബോളിവുഡ് നടൻ സൽമാൻ ഖാനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ളതാണ് സിദ്ദീഖിനെ കൊല്ലാൻ കാരണമെന്ന് ലോറൻസ് ബിഷ്ണോയി സംഘം വ്യക്തമാക്കിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗത്തെ ഹരിയാന ജയിലില്‍ വച്ച് പ്രതികൾ കണ്ടിരുന്നതായി മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു. ഇവര്‍ വിവിധ കേസുകളിലായി ജയിലില്‍ കഴിഞ്ഞപ്പോഴായിരുന്നു കൂടിക്കാഴ്ച. ഇവരിൽ ഗുർനൈൽ സിങ് അറിയപ്പെടുന്ന ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഇയാൾക്കെതിരെ 2019ൽ ബന്ധുവിനെ കൊലപ്പെടുത്തിയതുൾപ്പെടെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി 9.30ഓടെ സിദ്ദീഖിയുടെ മകനും എംഎൽഎയുമായ സീഷൻ്റെ ഓഫീസിന് പുറത്തായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റ സിദ്ദീഖിയെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. സിദ്ദീഖിയുടെ നെഞ്ചിലും വയറിലും നാല് തവണ വെടിയേറ്റു. സഹായികളിലൊരാൾക്കും വെടിയേറ്റിട്ടുണ്ട്. 25 കോടി രൂപയുടെ ക്വട്ടേഷനാണ് പ്രതികൾക്ക് കൊലപാതകം നടത്താനായി ലോറൻസ് ബിഷ്‌ണോയി സംഘം നൽകിയത്.

TAGS :

Next Story