പുള്ളിയുടുപ്പിട്ട ആ അമുൽ ഗേള്‍ മലയാളിയാണ്! അതിനു പിന്നിലെ കഥ
ലോകത്ത് ഏറ്റവുമധികകാലം തുടർച്ചയായി പരസ്യകാമ്പയിന്റെ കഥാപാത്രമായി മാറിയ ആ അമുൽ ഗേളിന്റെ സ്രഷ്ടാവ് ഡകുൻഹ കഴിഞ്ഞദിവസമാണ് അന്തരിച്ചത്
പോൾക്ക ഡോട്ടുള്ള ഫ്രോക്കും നീലമുടിയും തുടുത്ത കവിളുകളും,കൈയിൽ വെണ്ണയും പിടിച്ചു നിൽക്കുന്ന അമുൽ ഗേളിനെ ആരും മറന്നു കാണില്ല. പത്രപരസ്യങ്ങളിലൂടെ,ടിവി പരസ്യങ്ങളിലൂടെ, ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ തലമുറകളായി അമുൽ ഗേൾ ജനങ്ങളുടെ ഹൃദയത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
അമുൽ ബട്ടറിനായി ഒരു പരസ്യകാമ്പയിൻ തുടങ്ങുക എന്നത് അമുൽ സ്ഥാപകൻ ഡോ.വർഗീസ് കുര്യന്റെ ആശയമായിരുന്നു . ഇതിന് വേണ്ടി പരസ്യ ഏജൻസിയുടെ ഡയറക്ടറായ സിൽവസ്റ്റർ ഡകുൻഹയെ ഡോ.വർഗീസ് കുര്യൻ സന്ദർശിച്ചു. കാമ്പയിൻ പരസ്യമായതുകൊണ്ട് കുട്ടികളെ മോഡലാക്കാമെന്ന് ഒടുവിൽ തീരുമാനമായി. പക്ഷേ പ്രശ്‌നം അതല്ലായിരുന്നു. മോഡലായി ആരെ തെരഞ്ഞെടുക്കും? ആളുകൾക്ക് പെട്ടന്ന് ഇഷ്ടവും ഓമനത്തവും തോന്നുന്ന ഒരു മുഖമായിരിക്കണം ആ ലോഗോയിലുണ്ടാവേണ്ടത്. അതിനായി രാജ്യത്തിൻെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളുടെ ചിത്രങ്ങൾ പരസ്യത്തിനായി ക്ഷണിച്ചു. 1961 ല്‍ ഏകദേശം 700 ലധികം ചിത്രങ്ങൾ ഡകുൻഹയുടെ മുന്നിലെത്തി.
ഓമനത്തമുള്ള കുഞ്ഞുങ്ങളുടെ ആ ഫോട്ടോഗ്രാഫുകളിൽ നിന്ന് ഒന്നും അദ്ദേഹത്തിന് തൃപ്തിയായില്ല. അപ്പോഴാണ് തന്‍റെ സുഹൃത്തും മലയാളിയുമായ ചന്ദ്രൻ തരൂരിന് രണ്ടു മക്കളുണ്ടെന്ന കാര്യം സിൽവസ്റ്റർ ഡകുൻഹ ഓര്‍ക്കുന്നത്. ഉടന്‍ തന്നെ മൂത്തമകളുടെ ഫോട്ടെ ഉടന്‍ അയച്ചുതരാന്‍ ചന്ദ്രന്‍ തരൂരിനോട് ആവശ്യപ്പെട്ടു. ശോഭ എന്നായിരുന്നു ആ കുട്ടിയുടെ പേര്. ശശി,സ്മിത എന്നീ രണ്ടുകുട്ടികൾ കൂടി ചന്ദ്രൻ തരൂരിനുണ്ടായിരുന്നു. ആ ശശി വേറെയാരുമല്ല, കോൺഗ്രസ് എംപിയും എഴുത്തുകാരനുമായ ശശി തരൂർ തന്നെ.
സംവിധായകനായ ശ്യാം ബെനഗൽ ആദ്യമായി ഫോട്ടോയെടുക്കുമ്പോൾ ശശിതരൂരിന്റെ ഇളയ സഹോദരി ശോഭക്ക് വെറും പത്ത് മാസം മാത്രമായിരുന്നു പ്രായം. സിൽവസ്റ്റർ ഡകുൻഹയുടെ പ്രതീക്ഷകള്‍ തെറ്റിയില്ല. വലിയ കണ്ണുകളും ഓമനത്തമുള്ള കവിളുകളും നെറ്റിയിലേക്ക് പാറിനിൽക്കുന്ന മുടിയുമുള്ള ഒരു കുഞ്ഞിന്റെ ഫോട്ടോ ഇന്ത്യക്കാർക്ക് അത്രയെളുപ്പം മറക്കാനാവില്ല.
ലോകത്ത് ഏറ്റവുമധികകാലം തുടർച്ചയായി പരസ്യകാമ്പയിന്റെ കഥാപാത്രമായി മാറിയ ആ അമൂൽ ഗേളിന്റെ സ്രഷ്ടാവ് ഡകുൻഹ കഴിഞ്ഞദിവസമാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ച് ശോഭ തരൂർ ശ്രീനിവാസൻ ട്വീറ്റ് ചെയ്തു.
''സിൽവസ്റ്റർ ഡകുന എന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നു, പുതിയ തലമുറകളെ വളർത്തുന്നതിൽ ഹൃദയ വിശാലതയോടെയുള്ള സമീപനമായിരുന്നു സിൽവസ്റ്റയുടേതെന്നും ശോഭ ട്വീറ്റ് ചെയ്തു. തന്നെ അമൂൽഗേളിന്റെ മുഖമായി തെരഞ്ഞെടുത്തു. എന്നാൽ അന്നത്തെ ഷൂട്ടിങ്ങിനെക്കുറിച്ചോ മറ്റൊ തനിക്ക് ഓർമയില്ലെന്നും ശോഭ പറയുന്നു. പക്ഷേ, അതിന് വേണ്ടി തന്റെ പിതാവ് സിൽവസറ്റർ ഡകുൻഹയെ ഒരുതരത്തിലും സ്വാധീനിച്ചിട്ടില്ലെന്നും ശോഭ പറയുന്നു. ''അദ്ദേഹം എന്റെ പിതാവം സുഹൃത്തായിരുന്നു, അവർ ഒരുമിച്ച് ബോംബെയിൽ പരസ്യ സ്ഥാപനത്തിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവർ പറയുന്നു.
ഇന്ന്, കാലിഫോർണിയയില്‍ താമസിക്കുന്ന ശോഭ തരൂർ ശ്രീനിവാസൻ അറിയപ്പെടുന്ന ബാലസാഹിത്യകാരിയാണ്. ബ്ലാക് ആന്റ് വൈറ്റിലെ അമുൽ ഗേളായിരുന്നു ശോഭ. എന്നാൽ രണ്ടുവർഷത്തിന് ശേഷം കമ്പനി കളർ പരസ്യങ്ങൾ പുറത്തിറക്കിയപ്പോൾ ശോഭയുടെ ഇളയസഹോദരി സ്മിതയായിരുന്നു മോഡലായത്. ആദ്യത്തെ കളർഫുൾ അമുൽബേബിയാണ് സ്മിത.
Adjust Story Font
16