ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം; ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു
12 കുട്ടികളായിരുന്നു ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്
ന്യൂഡല്‍ഹി: ഡൽഹിയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. വിവേക് വിഹാറിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത് .
ശനിയാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. 12 കുട്ടികളായിരുന്നു ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. അഞ്ച് കുട്ടികൾ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ രാത്രി 11.32 ന് തീപിടിത്തം ഉണ്ടായതായി ഡൽഹി ഫയർ സർവീസസ് അറിയിച്ചു. തുടർന്ന് 16 യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം, ഗുജറാത്തിലെ രാജ്കോട്ടിൽ ഡെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരണം 27ആയി. തീപിടിത്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.എ.സിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. ടിആർപി ഗെയിം സോണിലെ താൽക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വേനൽ അവധിയായതിനാൽ സംഭവസ്ഥലത്ത് ധാരാളം ആളുകൾ ഉണ്ടായിരുന്നത് വലിയ അപകടത്തിലേക്ക് വഴിവെച്ചു.
സംഭവത്തിൽ പരിക്കേറ്റ ആളുകളുടെ കൃത്യമായ കണക്ക് രക്ഷാപ്രവർത്തനം പൂർത്തിയായതിന് ശേഷമേ വ്യക്തമാകൂവെന്ന് രാജ്‌കോട്ട് മുനിസിപ്പൽ കമ്മീഷണർ ആനന്ദ് പട്ടേൽ പറഞ്ഞു.
ഗെയിം സോണിൽ അടിയന്തര രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്താൻ സിറ്റി ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തു. എ.സിയിൽ പൊട്ടിത്തെറി ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗുജറാത്ത് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ശനിയാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്.
Adjust Story Font
16