Quantcast

ബിഹാറില്‍ ഉദ്യോഗാര്‍ഥികള്‍ അക്രമാസക്തരായി; ട്രെയിനിന് തീയിട്ടു

പ്രതിഷേധക്കാര്‍ റെയിൽവേ ട്രാക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-01-26 11:48:27.0

Published:

26 Jan 2022 11:38 AM GMT

ബിഹാറില്‍ ഉദ്യോഗാര്‍ഥികള്‍ അക്രമാസക്തരായി; ട്രെയിനിന് തീയിട്ടു
X

റെയിൽവേ പരീക്ഷയ്ക്കെതിരെ പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികള്‍ അക്രമാസക്തരായി. പ്രതിഷേധത്തിനിടെ ബിഹാറിൽ ഒരു പാസഞ്ചർ ട്രെയിനിന് തീയിട്ടു. മറ്റൊരു ട്രെയിനിനു നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലംകത്തിച്ചു.

റെയിൽവേ ട്രാക്കില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് ഗയയില്‍‌ ട്രെയിനിന് തീയിട്ടത്. അഗ്നിശമനസേന ഉടനെത്തി തീ അണച്ചു. പൊലീസുമായി ഉദ്യോഗാര്‍ഥികള്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ജെഹാനാബാദ് ടൗണിൽ രോഷാകുലരായ വിദ്യാർഥികൾ റെയിൽവേ ട്രാക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സീതാമർഹി റെയിൽവേ സ്റ്റേഷനിൽ പ്രകോപിതരായ പ്രകടനക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കി.

പ്രതിഷേധത്തിനിടെ പരീക്ഷ താൽക്കാലികമായി നിർത്തിവെച്ചു. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ കമ്മിറ്റി രൂപീകരിച്ചു. നിയമം ലംഘിക്കരുതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗാര്‍ഥികളോട് അഭ്യര്‍ഥിച്ചു. അവരുടെ പരാതികൾ ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഉദ്യോഗാര്‍ഥികളുടെ ആശങ്കകൾ കേൾക്കാന്‍ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി മെയിൽ വഴി അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 16 വരെ പരാതികൾ സമർപ്പിക്കാം.

റെയിൽ‌വേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളുടെ (ആർ‌ആർ‌ബി-എൻ‌ടി‌പി‌സി) പരീക്ഷയ്ക്കെതിരെയാണ് പ്രതിഷേധം. രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനുള്ള റെയിൽവേയുടെ തീരുമാനത്തെയാണ് ഉദ്യോഗാര്‍ഥികള്‍ എതിര്‍ത്തത്. രണ്ടാം ഘട്ട പരീക്ഷ നടത്തുന്നത്, ആദ്യ ഘട്ടത്തില്‍ വിജയം നേടിയവരോടുള്ള അനീതിയാണെന്നാണ് പരാതി. 2019ൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഒരു പരീക്ഷ മാത്രമേ പരാമർശിച്ചിട്ടുള്ളൂവെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

ലെവൽ 2 മുതൽ ലെവൽ 6 വരെയുള്ള 35,000ലധികം തസ്തികകളിലേക്കായിരുന്നു പരീക്ഷ. 1.25 കോടി ഉദ്യോഗാർഥികൾ അപേക്ഷിച്ചിരുന്നു. പ്രാരംഭ ശമ്പളം പ്രതിമാസം 19,900 മുതൽ 35,400 രൂപ വരെയാണ്. 60 ലക്ഷത്തോളം പേർ പരീക്ഷയെഴുതി.

TAGS :

Next Story