Quantcast

ബിപിൻ റാവത്തിന്റെ മരണം: ഹെലികോപ്ടർ അപകടത്തിന് കാരണം മനുഷ്യപ്പിശക്

പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിലാണ് ക്യാബിൻ ക്രൂവിന്റെ വീഴ്ചയാണ് അപകട കാരണമെന്ന് പറയുന്നത്.

MediaOne Logo

Web Desk

  • Published:

    20 Dec 2024 4:06 AM GMT

Human Error Caused Chopper Crash That Killed CDS Bipin Rawat: Panel Report
X

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടം മനുഷ്യപ്പിശക് മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റി റിപ്പോർട്ട് ബുധനാഴ്ചയാണ് ലോക്‌സഭയുടെ മേശപ്പുറത്ത് വെച്ചത്. ക്യാബിൻ ക്രൂവിന്റെ വീഴ്ചയാണ് അപകട കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

2021 ഡിസംബർ എട്ടിന് തമിഴ്‌നാട്ടിലെ കൂനൂരിലാണ് ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന എംഐ-17 വി5 ഹെലികോപ്ടർ തകർന്നുവീണത്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 12 പേരാണ് അപകടത്തിൽ മരിച്ചത്. അപകടമുണ്ടായി മൂന്ന് വർഷത്തിന് ശേഷമാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്.

2017-2022 കാലയളവിൽ 34 വ്യോമസേനാ അപകടങ്ങൾ ഉണ്ടായെന്നാണ് പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റി റിപ്പോർട്ട് പറയുന്നത്. 2021-2022 കാലയളവിൽ ഒമ്പത് അപകടങ്ങളുണ്ടായെന്നും 2021 ഡിസംബർ എട്ടിനുണ്ടായ അപകടത്തിന് കാരണം മനുഷ്യപ്പിശക് ആണെന്നുമാണ് റിപ്പോർട്ട് പറയുന്നത്.

കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം മൂലം ഹെലികോപ്ടർ മേഘങ്ങൾക്കിടയിലേക്ക് കടന്നതാണ് അപകടത്തിന് കാരണം. പൈലറ്റിന്റെ കാഴ്ച മറഞ്ഞത് മൂലം വഴിതെറ്റി. തുടർന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

2021 ഡിസംബർ എട്ടിന് കോയമ്പത്തൂരിലെ സുലൂർവ്യോമസേനാ വിമാനത്താവളത്തിൽനിന്ന് വെല്ലിങ്ടണിലെ ഡിഫൻസ് സ്റ്റാഫ് സർവീസ് കോളജിലേക്ക് പോകുമ്പോഴാണ് ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണത്. ബിപിൻ റാവത്തും ഭാര്യയും 12 സൈനികരുമാണ് കോപ്ടറിൽ ഉണ്ടായിരുന്നത്. ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ചികിത്സക്കിടെ മരിച്ചു.

TAGS :

Next Story