Quantcast

യുപിയില്‍ നരബലി; സ്കൂളിന്‍റെ യശസ്സിനായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്നു

സഹപാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റാസ്‌ഗവാനിലെ ഡി എൽ പബ്ലിക് സ്‌കൂളിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    27 Sep 2024 8:30 AM GMT

Hathras Black Magic
X

ലഖ്നൗ: രാജ്യത്തെ ഞെട്ടിച്ച് യുപിയില്‍ നരബലി. സ്കൂളിന്‍റെ അഭിവൃദ്ധിക്കും യശസ്സിനുമായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹാഥ്‍റസില്‍ സെപ്തംബർ 22ന് ഹോസ്റ്റൽ മുറിയിൽ വച്ച് മൂന്ന് പേർ ചേർന്ന് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സ്കൂൾ ഡയറക്ടർ ദിനേശ് ബാഗേൽ, ബാഗേലിന്‍റെ പിതാവ് യശോധൻ സിങ്, അധ്യാപകരായ ലക്ഷ്മൺ സിംഗ്, വീർപാൽ സിംഗ്, രാംപ്രകാശ് സോളങ്കി എന്നിവർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി ഹാഥ്റസ് എസ്പി നിപുൺ അഗർവാൾ പറഞ്ഞു.

സഹപാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റാസ്‌ഗവാനിലെ ഡി എൽ പബ്ലിക് സ്‌കൂളിലാണ് സംഭവം. സെപ്തംബര്‍ ആറിന് മറ്റൊരു ആൺകുട്ടിയെ നരബലി നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.എന്നാൽ, കുട്ടി നിലവിളിച്ചതോടെ പദ്ധതി പാളി. പിന്നീട് നടന്ന വൈദ്യപരിശോധനയില്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ചതായി സ്ഥിരീകരിച്ചിരുന്നു. സെപ്തംബർ 22ന് സ്‌കൂളിന് പുറകിലുള്ള കുഴൽക്കിണറിന് സമീപം രണ്ടാം ക്ലാസുകാരനെ ബലി നല്‍കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അവിടേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ഉണർന്നപ്പോൾ പരിഭ്രാന്തരായ പ്രതികൾ സ്കൂളിനുള്ളിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അന്വേഷണത്തില്‍ കുഴല്‍ക്കിണറിന് സമീപം മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. അന്ധവിശ്വാസമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

സാമ്പത്തിക ഞെരുക്കത്തിലായ സ്‌കൂളിൻ്റെ അഭിവൃദ്ധി ഉറപ്പാക്കാനാണ് നരബലി നടത്തിയത്. ബാഗേലിൻ്റെ പിതാവ് മന്ത്രവാദത്തിലും താന്ത്രിക ആചാരങ്ങളിലും വിശ്വസിച്ചിരുന്നുവെന്നും കുട്ടിയെ ബലിയർപ്പിക്കുന്നത് വിജയവും പ്രശസ്തിയും നൽകുമെന്നും കരുതിയിരുന്നു. 600 ഓളം വിദ്യാര്‍ഥികള്‍ ഡിഎല്‍ പബ്ലിക് സ്കൂളില്‍ പഠിക്കുന്നുണ്ട്. 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ഹോസ്റ്റലിലുള്ളത്. ഡൽഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ കൃഷൻ കുശ്വാഹയുടെ മകനാണ് കൊല്ലപ്പെട്ട വിദ്യാർഥി.

TAGS :

Next Story