കാർ ബുക്ക് ചെയ്യാനെത്തിയപ്പോൾ അപമാനിച്ചുവിട്ടു; അരമണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപ സെയിൽസ്മാന് മുന്നിലേക്കിട്ട് കർഷകൻ
'പോക്കറ്റിൽ പത്തുരൂപ പോലുമില്ല, പിന്നയല്ലേ 10 ലക്ഷം' എന്നുപറഞ്ഞായിരുന്നു സെയിൽസ്മാൻ അപമാനിച്ചത്
വേഷം കണ്ട് ഒരാളെയും വിലയിരുത്തരുതെന്നാണ് പൊതുവെ പറയാറ്. അങ്ങനെ ഒരാളെ വിലയിരുത്താൻ പോയതിന് പുലിവാലു പിടിച്ചിരിക്കുകയാണ്കർണാടകയിലെ തുമകൂരിലെ കാർ ഷോറൂമുടകൾ. ചിക്കസാന്ദ്ര ഹോബ്ളിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ച എസ്.യു.വി ബുക്ക് ചെയ്യാനായി കാർ ഷോറൂമിലെത്തി. കെമ്പഗൗഡയുടെ സ്വപ്‌നവാഹനമായിരുന്നു എസ്.യു.വി. കാർ വാങ്ങുന്നതിനുള്ള കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ അവിടെയുണ്ടായിരുന്ന ഒരു എക്‌സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. 'പോക്കറ്റിൽ 10 രൂപപോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്'. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോൾ തമാശക്ക് കാർ നോക്കാൻ വന്നതാവും ഇവരെന്നാണ് അയാൾ കരുതിയത്. എന്നാൽ അയാളുടെ വാക്കുകൾ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവർ ഷോറൂമിൽ നിന്ന് ഇറങ്ങിപ്പോന്നു. ഇറങ്ങുന്നതിന് മുമ്പ് ഒരു കാര്യം കൂടി അവർ ചോദിച്ചു. പണം കൊണ്ടുതന്നാൽ ഇന്ന് തന്നെ ഞങ്ങൾക്ക് കാർ ഡെലിവറി ചെയ്യണം.
ബാങ്കുകളെല്ലാം ആ സമയത്ത് അടച്ചിരുന്നതിനാൽ ഇത്രയും പണം ഒരുമിച്ചെടുത്ത് വരാൻ സാധ്യതയില്ലെന്ന് അവർ കരുതിയെന്ന് കെമ്പഗൗഡ പറഞ്ഞു. പക്ഷേ പറഞ്ഞ സമയത്തിനുള്ളിൽ പത്ത് ലക്ഷം രൂപയുമായി എത്തിയപ്പോൾ ഷോറുമുകാർ ശരിക്കും ഞെട്ടി. ശനിയും ഞായറും അവധിയായതിനാൽ കാർ ഡെലിവറി ചെയ്യാൻ സാധിക്കാതെ ഷോറൂമുകാർ കുടുങ്ങി. എന്നാൽ ഇതോടെ കെമ്പഗൗഡയും സുഹൃത്തുക്കളും പ്രശ്‌നമുണ്ടാക്കി. അവർ ഷോറൂമിൽ കുത്തിയിരിപ്പ് സമരം നടത്തി. കാർ കിട്ടാതെ താൻ ഇവിടെ നിന്ന് പോകില്ലെന്നും പറഞ്ഞു.
കാർ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാട്ടി പൊലീസിന് പരാതി നൽകുകയും ചെയ്തു. തിലക് പാർക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചത്. ശനിയാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായത്. മുല്ലയും കനകാംബരവുമടക്കമുള്ള പൂക്കൃഷി നടത്തുന്ന ആളാണ് കെമ്പഗൗഡ. 'എന്നെയും എന്റെ സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാമൂലം ക്ഷമ ചോദിക്കാൻ സെയിൽസ് എക്‌സിക്യൂട്ടീവിനോടും ഷോറൂം അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാർ വാങ്ങാനുള്ള താൽപര്യം നഷ്ടപ്പെട്ടതായി കെമ്പഗൗഡ പറഞ്ഞു. തിങ്കളാഴ്ച ഷോറൂമിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Adjust Story Font
16