Quantcast

ലണ്ടനിൽനിന്ന് ഹൈദരാബാദിലുള്ള ഭാര്യയെ വിഷംകൊടുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; അമ്മ മരിച്ചു, രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ബ്രിട്ടനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന യുവാവാണ് ഹൈദരാബാദിലുള്ള ഭാര്യയെയും കുടുംബത്തെയും കൊല്ലാൻ ഗൂഢാലോചന നടത്തിയത്

MediaOne Logo

Web Desk

  • Published:

    20 Aug 2023 9:40 AM GMT

middle-aged man was shot dead from an air gun
X

ഹൈദരാബാദ്: ഇന്ത്യയിലുള്ള ഭാര്യയെ വിഷംനൽകി കൊല്ലാൻ ഗൂഢാലോചന നടത്തി ലണ്ടനിലുള്ള ഭർത്താവ്. സംഭവത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർ ഗുരുതരാവസ്ഥയിലുമാണ്. സംഭവത്തിൽ ഗൂഢാലോചനയിലും കൃത്യത്തിലും ഭാഗമായ ആറുപേർ അറസ്റ്റിലായി.

ബ്രിട്ടനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന അജിത് കുമാർ ആണ് ഭാര്യ ഡോ. എം. ശിരിഷയെയും കുടുംബത്തെയും വിഷംകൊടുത്തു കൊല്ലാൻ പദ്ധതി ആസൂത്രണം ചെയ്തത്. മാസങ്ങൾക്കുമുൻപ് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ശിരിഷയെയും കുടുംബത്തെയും ഒന്നാകെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭക്ഷ്യവിഷബാധയാണു സംഭവത്തിനു പിന്നിലെന്നാണ് ആദ്യം കരുതിയത്. ഇതിനിടെ അമ്മ ഉമ മഹേശ്വരി ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

ഇതോടെ രക്തപരിശോധന നടത്തിയപ്പോഴാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്. ഭർത്താവ് അജിത് കുമാറിനെതിരെ സംശയവുമായി ശിരിഷയുടെ കുടുംബം തെലങ്കാനയിലെ മിയാപൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു ഗൂഢാലോചനയെക്കുറിച്ചുള്ള ചുരുളഴിഞ്ഞത്.

ശിരിഷയുടെ ബന്ധുവായ പൂർണേന്ദർ റാവുവിനെ ഉപയോഗിച്ച് ഭാര്യയെ കൊല്ലാൻ അജിത് പലതവണ നീക്കംനടത്തിയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. പൂർണേന്ദറിനു പുറമെ സുഹൃത്തുക്കളായ വിനോദ് കുമാർ, വൈ. ഭവാനി ശങ്കർ, അശോക്, ബസിരാജു ഗോപിനാഥ്, ഇരകൾ താമസിക്കുന്ന അപാർട്‌മെന്റിലെ വാച്ച്മാന്റെ മകൻ രമേശ് എന്നിവരെ മിയാപൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം ഗൂഢാലോചനയിലും വധശ്രമത്തിലുമെല്ലാം പങ്കാളികളാണെന്നു പൊലീസ് പറഞ്ഞു.

2018ലാണ് അജിത്കുമാറും ശിരിഷയും വിവാഹിതരാകുന്നത്. വിവാഹത്തിനുശേഷം ഇരുവരും ലണ്ടനിൽ താമസമാക്കുകയായിരുന്നു. എന്നാൽ, മകൾ ജനിച്ച ശേഷം ഇവർ തമ്മിൽ തർക്കം ഉടലെടുത്തു. പലപ്പോഴും വീട്ടിൽ കലഹവുമുണ്ടാകാറുണ്ടായിരുന്നു. അജിതിനെതിരെ യുവതി ലണ്ടൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനുശേഷം ഇരുവരും പിരിഞ്ഞാണു ജീവിക്കുന്നത്. ഇതിനിടയിൽ ശിരിഷയുടെ വീട്ടുകാരുമായി പ്രശ്‌നമുണ്ടായിരുന്ന പൂർണേന്ദറുമായി അജിത് കൂടുതൽ സൗഹൃദത്തിലാകുകയും യുവതിയെ കൊല്ലാനുള്ള പദ്ധതികൾ ആലോചിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണിൽ ഒരു ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനായി ശിരിഷ ലണ്ടനിൽനിന്ന് ഹൈദരാബാദിലെത്തിയിരുന്നു. ഇത് അറിഞ്ഞ അജിത് പൂർണേന്ദറിന്റെ അടുത്ത് വിഷം കലർത്തിയ മുളകുപൊടിയും ഉപ്പും കൊടുത്തുവിട്ടു. പൂർണേന്ദർ ഇത് ശിരിഷയുടെ വീട്ടിൽ കൊണ്ടുപോയി നൽകുകയും ചെയ്തു. മുളകുപൊടി കറിയിൽ ഉപയോഗിച്ച ശേഷമായിരുന്നു എല്ലാവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. അമ്മയ്ക്കു പുറമെ മകൾ, അച്ഛൻ, സഹോദരൻ, സഹോദരന്റെ ഭാര്യ എല്ലാവരും ചികിത്സയിലാണുള്ളത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

Summary: NRI from London poisons wife and in-laws in Hyderabad, one dead, 2 critical

TAGS :

Next Story